മയക്കു മരുന്നു കയ്യില്‍ വച്ച കേസില്‍ തന്റെ മാനേജർ അറസ്റ്റിലായ വാർത്ത കേട്ടപ്പോൾ ഞെട്ടലും അമ്പരപ്പും ഉണ്ടായെന്ന് നടി കാജൾ അഗർവാൾ. ”റോണിയുമായി ബന്ധപ്പെട്ട വാർത്ത എന്നെ ശരിക്കും ഞെട്ടിച്ചു. ഈ സംഭവത്തിൽ ഞാൻ ഒരു ശതമാനം പോലും പിന്തുണ നൽകില്ല. സമൂഹത്തിന് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തിയാണിത്. എന്റെ കൂടെ ജോലി ചെയ്യുന്നവരുടെ വ്യക്തിപരമായ ജീവിതത്തിലോ അവരുടെ തിരഞ്ഞെടുപ്പിലോ ഞാൻ കൈ കടത്തില്ല. അവരുടെ ജോലി കഴിഞ്ഞാലുളള പ്രവൃത്തികളെക്കുറിച്ച് ഞാൻ തിരക്കാറില്ലെന്നും” കാജൾ അഗർവാൾ ട്വീറ്റ് ചെയ്തു.

ഇന്നലെയാണ് കാജള്‍ അഗര്‍വാളിന്റെ മാനേജര്‍ പുട്ട്കര്‍ റോണ്‍സണ്‍ ജോസഫ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഹൈദരാബാദിലെ അയാളുടെ വസതിയില്‍ നിന്ന് പൊലീസ് മയക്കു മരുന്നും കണ്ടെടുത്തിരുന്നു.

ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പതിനഞ്ച് തെലുങ്ക് സിനിമാ താരങ്ങൾക്ക് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, മുമൈത്ത് ഖാന്‍, ചാര്‍മി തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ