സീക്രട്ട് സൂപ്പര്‍സ്റ്റാറിനും ബജ്റംഗി ഭായ്ജനും ഹിന്ദി മീഡിയത്തിനും ശേഷം ചൈനീസ് ബോക്സോഫീസില്‍ പണം വാരി മറ്റൊരു ബോളിവുഡ് ചിത്രം. അക്ഷയ് കുമാര്‍ നായകനായ ടോയിലറ്റ് ഏക് പ്രേം കഥയാണ് റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച വരുമാനം നേടിയത്. വെളളിയാഴ്ച്ച മാത്രം 15.94 കോടിയാണ് ചിത്രം ചൈനയില്‍ നിന്നും വാരിയത്. ടോയിലറ്റ് ഹീറോ എന്ന പേരിലാണ് ചിത്രം ചൈനയില്‍ റിലീസിന് എത്തിയത്.

ട്രെയിഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ബോക്സ് ഓഫീസ് കളക്ഷന്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 11,500 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ശുചീകരണ പ്രചരണങ്ങളെ പിന്തുണയ്ക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ത്യയില്‍ തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജന പ്രശ്നവും ചിത്രം ചര്‍ച്ച ചെയ്യുന്നു. പ്രധാനമന്ത്രി ഇന്ന് ചൈനയില്‍ എത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചിത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചതെന്നാണ് കരുതുന്നത്. അക്ഷയ് കുമാറും ഭൂമി പട്നേക്കറും ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വീട്ടില്‍ ശുചിമുറി ഇല്ലാത്തതിനെ തുടര്‍ന്ന് വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ദമ്പതിമാരായാണ് ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നത്.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് ആണ് ചിത്രം ചൈനയില്‍ എത്തിച്ചത്. ശ്രീ നാരായണ്‍ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ആമിര്‍ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറാണ് ബോളിവുഡില്‍ ചൈനയില്‍ നിന്ന് ആദ്യദിനം മികച്ച കളക്ഷന്‍ നേടിയ ചിത്രം. 40 കോടി രൂപയാണ് ചിത്രം ആദ്യദിനം വാരിയത്. ഹിന്ദി മീഡിയം എന്ന ചിത്രമാണ് രണ്ടാം സ്ഥാനത്ത്. 22.06 കോടിയായിരുന്നു കളക്ഷന്‍. 18 കോടിയാണ് ബജ്റംഗി ഭായ്ജന്‍ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ