നവാഗത സംവിധായകരാകട്ടെ അല്ലാത്തവരാകട്ടെ, സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്ക് നന്ദി പറയുന്ന ഒരു ശീലമുണ്ട് നമ്മുടെ മലയാള സിനിമയിൽ. മുതിർന്ന അഭിനേതാക്കൾക്ക്, മറ്റു സിനിമാ പ്രവർത്തകർക്ക്, ഫാൻ അസോസിയേഷനുകൾക്ക് തുടങ്ങി നീണ്ട ഒരു നിര തന്നെയുണ്ട് ഇതിൽ. എന്നാൽ ഇത്രയും നീണ്ട ഒരു നന്ദി പ്രകടനം എന്തിനാണ് എന്നതാണ് ഇപ്പോൾ ട്വിറ്ററിൽ പ്രധാന ചർച്ചാ വിഷയം. പ്രമുഖ സംഗീതജ്ഞൻ ടി.എം.കൃഷ്ണയാണ് ഈ സംവാദത്തിന് തുടക്കമിട്ടിരിക്കുന്നത്.
മലയാളി ട്വിറ്റർ ഉപയോക്താക്കളോടാണ് അദ്ദേഹത്തിന്റെ ചോദ്യം. ഏതെങ്കിലും സിനിമ തുടങ്ങുന്നതിന് മുൻപ് എന്തിനാണ് ഇത്രയധികം പേർക്ക് നന്ദി പറയുന്നതെന്നാണ് ടി.എം.കൃഷ്ണ ചോദിക്കുന്നത്.
നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. മൾട്ടിപ്ലക്സ് കാലത്തിന് മുൻപ് സിംഗിൾ സ്ക്രീനുകളുടെ സമയത്ത് തുടങ്ങിവച്ചതാണ് ഈ കീഴ്‌വഴക്കം എന്നാണ് ഒരു കമന്റ്. വൈകിയെത്തുന്ന പ്രേക്ഷകരെ പരിഗണിച്ചു കൊണ്ട്, പെട്ടെന്ന് സിനിമ തുടങ്ങിയാൽ അവർക്ക് തുടക്കം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണിതെന്നും എന്നാൽ ഇനിയെങ്കിലും ഇത് അവസാനിപ്പിക്കാമെന്നും കമന്റിൽ പറയുന്നു.
എന്നാൽ രസകരമായ ചില കമന്റുകളും അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെയുണ്ട്. കാഴ്ചക്കാർക്ക് പോപ്കോൺ വാങ്ങിക്കാൻ ഇനിയും സമയമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് എന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഈ നന്ദി പറച്ചിൽ അരോചകമാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.