കഷ്ടിച്ച് മൂന്നു പതിറ്റാണ്ട് നീണ്ട വളരെ ചെറിയൊരു ജീവിതത്തിനിടയിൽ കലാലോകത്തെ വിസ്മയിപ്പിച്ച ചിത്രകാരിയാണ് ടി കെ പത്മിനി. 29-ാം വയസ്സിൽ ലോകം വിട്ടു പോയ, ഒരുപക്ഷേ ദക്ഷിണേന്ത്യയിൽ ജനിച്ചു വളർന്നതു കൊണ്ടു മാത്രം വേണ്ടത്ര അംഗീകാരങ്ങളോ പ്രശസ്തിയോ ലഭിക്കാതെ പോയ ഈ ചിത്രകാരിയുടെ ബയോപിക്കാണ് ‘പത്മിനി’.
ടി കെ പത്മിനി മെമ്മോറിയല്‍ ട്രസ്റ്റിനു വേണ്ടി ടി കെ ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എഴുത്തുകാരനായ സുസ്‌മേഷ് ചന്ത്രോത്ത് ആണ്. മൂന്നു വർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾക്കു ശേഷം ‘പത്മിനി’ കേരളത്തിലും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലായി പ്രദർശനത്തിന് ഒരുങ്ങുമ്പോൾ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സംവിധായകൻ സുസ്മേഷ് ചന്ദ്രോത്ത്.
കേരളം വിട്ട് കൊൽക്കത്തയിലെത്തി ചേരാനും ടി കെ ഗോപാലനെ പരിചയപ്പെടാനും ചെറുപ്പകാലം മുതൽ താനിഷ്ടപ്പെടുന്ന ചിത്രകാരിയുടെ ജീവചരിത്രസിനിമ ഒരുക്കാനും കഴിഞ്ഞതുമെല്ലാം ഒരു നിയോഗമാണെന്നാണ് സുസ്മേഷ് വിശ്വസിക്കുന്നത്.
“കൊൽക്കത്തയിൽ വരുന്നതിനു മുൻപു തന്നെ എനിക്ക് പരിചയമുള്ള വ്യക്തിയാണ് ടികെ ഗോപാലൻ. എന്നാൽ അദ്ദേഹത്തിന്റെ ചെറിയമ്മയാണ് (അമ്മയുടെ അനിയത്തി) ടികെ പത്മിനിയെന്നത് ഞാൻ വൈകിയാണ് മനസ്സിലാക്കിയത്. കൊൽക്കത്തയിൽ വന്ന സമയത്ത് ഏതാനും സംഘടനകൾക്കു വേണ്ടി ഞാൻ ചില ഡോക്യുമെന്ററികൾ ചെയ്തിരുന്നു. അതു കണ്ടിട്ടാണ് ടികെ ഗോപാലൻ , എന്റെ ചെറിയമ്മയുടെ ഓർമ്മ നിലനിർത്താൻ ഒരു ഡോക്യുമെന്ററി ചെയ്യാമോ എന്ന് ചോദിക്കുന്നത്.
മുൻപ് ടികെ പത്മിനിയെ കുറിച്ച് ഒരു ഡോക്യുമെന്ററി വന്നിരുന്നു. അതു കൊണ്ട് വീണ്ടും ഒരു ഡോക്യുമെന്ററി ചെയ്യുന്നതിൽ കാര്യമില്ലെന്നു തോന്നി. കുറച്ചു കൂടി ഫണ്ട് കണ്ടെത്താൻ കഴിഞ്ഞാൽ നമ്മുടെ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ പ്രയോജനപ്പെടുത്തി ഇതൊരു ഫീച്ചർ ഫിലിം ആക്കി മാറ്റാം എന്നൊരു സജഷൻ മുന്നോട്ടു വെച്ചത് ഞാനാണ്. കാരണം, ചിത്രകാരൻമാരെയും ചിത്രകാരികളെയുമൊക്കെ കുറിച്ച് ലോകത്ത് വളരെ കുറച്ചു സിനിമകളെ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ, ഫിലിം ഫെസ്റ്റിവലുകളിൽ ഒക്കെ പങ്കെടുപ്പിച്ച് ഇതുപോലൊരു സിനിമയെ പുറം ലോകത്തേക്ക് എത്തിക്കാനും ലോകത്തിനു പരിചയപ്പെടുത്താനും കഴിയുമെന്നു തോന്നി,” സുസ്മേഷ് ചന്ദ്രോത്ത് പറഞ്ഞു.
പത്മിനിയുടെ ബന്ധുക്കൾ അംഗങ്ങളായിട്ടുള്ള ടികെ പത്മിനി മെമ്മോറിയൽ ട്രസ്റ്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പത്മിനിയുടെ ഓർമ്മ നിലനിർത്തുക, ടികെ പത്മിനിയുടെ ചിത്രകലയുടെ പ്രാധാന്യം ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപീകൃതമായ ട്രസ്റ്റാണ് ഇത്.
“ഒരുപക്ഷേ, ദക്ഷിണേന്ത്യയിൽ ജനിച്ചതുകൊണ്ടു മാത്രം അധികം അറിയപ്പെടാതെ പോയ ഒരു ചിത്രകാരിയാണ് ടികെ പത്മിനി എന്നു പറയേണ്ടി വരും. അമൃത ഷെര്‍ഗിലിന്റെ സമകാലികയാണ് പത്മിനിയും. ഏറെക്കുറെ ഒരേ കാലഘട്ടത്തിൽ ജീവിച്ച, ഒരേ കാലഘട്ടത്തിൽ മരിച്ച, ഇന്ത്യയുടെ രണ്ടറ്റങ്ങളിലായി ജീവിച്ച രണ്ടു ചിത്രകാരികളാണ് ഇരുവരും. അമൃത വിദേശത്ത് ജനിച്ച് ഇന്ത്യയിലെത്തിയ ഒരാളായത് കൊണ്ട് അവരുടെ റേഞ്ച് വലുതായിരുന്നു. പ്രത്യേകിച്ചും അവർ ചിത്രങ്ങളിൽ കൈകാര്യം ചെയ്ത ‘സെക്ഷ്വാലിറ്റി’ എന്ന വിഷയമൊക്കെ നമുക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. എന്നാൽ, വളരെ ദരിദ്രവും ദയനീയവും സദാചാരബന്ധിതവുമായ കേരളം പോലുള്ള ഒരു സമൂഹത്തിൽ ജനിച്ചു വളർന്ന പത്മിനിയ്ക്ക് ഒരു ചിത്രകാരി എന്ന രീതിയിൽ അധികം എക്സ്‌പ്ലോഷർ ഒന്നും കിട്ടിയിട്ടില്ല. അമൃതയ്ക്ക് ഇന്ത്യൻ ചിത്രകലയിൽ ലഭിച്ച സ്ഥാനം അർഹിക്കുന്ന ഒരാൾ തന്നെയാണ് ടികെ പത്മിനിയും. ഇവരും ദക്ഷിണേന്ത്യയിൽ ജനിച്ചതു കൊണ്ടും കേരളത്തിൽ ആയതു കൊണ്ടും പ്രമോട്ട് ചെയ്യാൻ ആളില്ലാതെ പോയതു കൊണ്ടും 29-ാം വയസ്സിൽ മരിച്ചതു കൊണ്ടും ഇവർക്ക് അങ്ങനെയൊന്നും ലഭിച്ചിട്ടില്ല. അപ്പോൾ ആ ചിത്രകാരിയുടെ ജീവിതം പുറംലോകത്തെത്തിക്കാൻ, ലോകത്തിനു പരിചയപ്പെടുത്താൻ ഡോക്യുമെന്ററിയേക്കാൾ നല്ല ഴോണർ ഫീച്ചർ ആണെന്നു തോന്നി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ചലച്ചിത്രോത്സവങ്ങളിലെങ്കിലും ഈ ചിത്രം പങ്കെടുക്കുകയാണെങ്കിൽ അതു വഴി കൂടുതൽ ആളുകളിലേക്ക് സിനിമ എത്തിക്കാനും സാധിക്കുമല്ലോ.
നേരിട്ടല്ലെങ്കിലും ടികെ പത്മിനി എന്ന ചിത്രകാരിയുമായി എനിക്ക് വേറൊരു ബന്ധം കൂടിയുണ്ട്. ചിത്രകലയോടുള്ള എന്റെ വ്യക്തിപരമായ താൽപ്പര്യം കാരണം, ചെറുപ്പം മുതൽ ഞാനിഷ്ടപ്പെടുന്ന രണ്ടുപേരാണ് കൃഷ്ണകുമാർ എന്ന ശില്പിയേയും ടികെ പത്മിനിയെന്ന ചിത്രകാരിയേയും. ടികെ പത്മിനിയുടെ ചിത്രങ്ങളോട് ചെറുപ്പം മുതൽ തന്നെ ഒരു ആഭിമുഖ്യം ഉണ്ട്. അതു കൊണ്ട് തന്നെ, ഞാൻ കൊൽക്കത്തയിലെത്തി ചേരുന്നതും ടികെ ഗോപാലനെ പരിചയപ്പെടുന്നതും ടികെ പത്മിനിയെ കുറിച്ച് സിനിമ ചെയ്യുന്നതുമെല്ലാം ഒരു നിയോഗമാണെനന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ പഠിച്ചു മനസ്സിലാക്കി ഇഷ്ടപ്പെട്ട ഒരാളെ കുറിച്ച് ഒരു വർക്ക് എന്നത് പല കണ്ണികളിൽ കൂടി ബന്ധപ്പെട്ട് എന്നിലെത്തിയ നിയോഗമായിരുന്നു,” സുഷ്മേഷ് വിശദീകരിച്ചു.

“തിരക്കഥ എഴുതുന്നതിനു മുൻപ് ഞാൻ പത്മിനി ജനിച്ചു വളർന്ന എടപ്പാളിന് അടുത്തുള്ള കാടഞ്ചേരി എന്ന ഗ്രാമത്തിലെ അവരുടെ തറവാട്ടിൽ പോയി. നാലഞ്ചു വർഷം മുൻപാണ് അവർ ജനിച്ചു വളർന്ന തറവാട് പൊളിച്ചത്. പത്മിനിയുടെ സഹോദരിയോടും അവരെ വളർത്തി വലുതാക്കിയ അമ്മാവൻ ടികെ ദിവാകര മേനോനോടും സംസാരിച്ചു. പത്മിനിയെ ചിത്രകല പഠിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരിയേയും പത്മിനിയുടെ ഭർത്താവായിരുന്ന കെ. ദാമോദരനെയും നേരിൽ കണ്ടു സംസാരിച്ചു. അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ്. പത്മിനി ജീവിച്ചിരുന്ന കാലത്ത് ജീവിച്ച, പത്മിനിയെന്ന ചിത്രകാരിയെ വളർത്തി വലുതാക്കിയ, അവരോട് അടുപ്പമുള്ള ആളുകളോടൊക്കെ സംസാരിച്ച് ആ ചിത്രകാരിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. പത്മിനിയുടെ കുറേ കത്തുകളും സ്കെച്ച് ബുക്കുകളുമൊക്കെ ബന്ധുക്കൾ സൂക്ഷിച്ചു വച്ചിരുന്നു. ടികെ ഗോപാലന്റെ സഹോദരന്റെ വീട്ടിലായിരുന്നു അതു സൂക്ഷിച്ചിരുന്നത്. അവിടെ പോയി ആഴ്ചകളോളം താമസിച്ച് അവയെല്ലാം വായിച്ച്, സിനിമയ്ക്ക് ആവശ്യമുള്ളതൊക്കെ ഫോട്ടോകോപ്പിയെടുത്ത് വിവരങ്ങൾ ശേഖരിച്ചു.
പത്മിനിയുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിച്ച മറ്റൊരിടം, തൃശൂരിലെ ലളിത കലാ അക്കാദമിയുടെ ആർക്കൈവ്സ് ആണ്. പത്മിനിയ്ക്ക് കിട്ടിയ പുരസ്കാരങ്ങൾ, മെഡലുകൾ, രേഖകൾ, സർട്ടിഫിക്കറ്റുകൾ ഒക്കെ അവിടെയുണ്ടായിരുന്നു. അതെല്ലാം വായിച്ചു പഠിച്ച് മനസ്സിലാക്കിയിട്ടാണ് സ്ക്രിപ്റ്റ് എഴുത്തിലേക്ക് കടക്കുന്നത്.” പത്മിനിയുടെ തിരക്കഥ എഴുത്തിന്റെ വഴികൾ സുസ്മേഷ് ഓർത്തെടുക്കുന്നു.
“തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ മനസ്സിലായി, ഇത് കോടികളുടെ ബജറ്റ് വേണ്ട ചിത്രമാണ്. ഒരു പിരീഡ് ചിത്രമായതുകൊണ്ട് തന്നെ പഴയ കാലം പുനരാവിഷ്കരിക്കാൻ ഏറെ പണച്ചെലവു വരും. 1940-’69 വരെയുള്ള കാലഘട്ടത്തിലാണ് പത്മിനി ജീവിച്ചത്. അന്നത്തെ വസ്തുക്കൾ ഒന്നും തന്നെ ഇന്ന് ഇല്ലെന്നു പറയേണ്ടി വരും. അന്നത്തെ ബെഞ്ചോ വസ്ത്രങ്ങളോ എന്തിന് അന്നവർ ഉപയോഗിച്ച ബ്രഷു പോലും ഇന്നില്ല. കോടികൾ ചെലവഴിച്ച് സിനിമ എടുക്കാൻ മാത്രം ഫണ്ടുള്ള നിർമ്മാതാക്കളല്ല ടികെ പത്മിനി ട്രസ്റ്റ്. അതിനാൽ ആദ്യം എഴുതിയ വിശദമായ സ്ക്രിപ്റ്റ് മാറ്റി വെയ്ക്കേണ്ടി വന്നു.
ബജറ്റിന്റേതായ ഒരു പരിമിതി ഉണ്ടായിരുന്നതുകൊണ്ട് വളരെ വൈകാരികമായി, ഉപരിപ്ലവമായി പത്മിനിയുടെ ജീവിതവും കാലവും മാത്രം പറയുന്ന, ടികെ പത്മിനിയെന്ന ചിത്രകാരിയെ പരിചയപ്പെടുത്തുന്ന ഒരു സമീപനമാണ് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചത്. ഇതൊരു ബയോപിക് ചിത്രമായതു കൊണ്ട് പത്മിനിയുടെ ജീവിതവുമായി ബന്ധപ്പെട്ട പലതും സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. അവരുടെ കത്തുകളും ചിത്രങ്ങളുമൊക്കെ സിനിമയിൽ കാണിക്കുന്നുണ്ട്. ഫീച്ചർ ഫിലിമിന്റെ പതിവു നരേഷനിൽ അല്ല ഈ സിനിമ മുന്നോട്ടു പോവുന്നത്. പത്മിനിയുടെ ജീവിതവുമായി ബന്ധപ്പെട്ട പലതും സിനിമയിൽ ഡോക്യുമെന്റ് ചെയ്യപ്പെടുകയാണ്.” സുസ്മേഷ് കൂട്ടിച്ചേർത്തു.

പത്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അനുമോളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
അനുമോള്‍ക്ക് പത്മിനിയുമായുള്ള മുഖഛായ തന്നെയാണ് പ്രധാന കാരണം. ‘പത്മിനി’യുടെ ഛായാഗ്രഹണം നിർവ്വഹിച്ചത് കഴിഞ്ഞ വർഷം സ്റ്റേറ്റ് അവാർഡൊക്കെ നേടിയ മനേഷ് മാധവനാണ്. സിനിമ പ്ലാനിംഗ് ഘട്ടം മുതൽ മനേഷുമായി സംസാരിക്കുന്നുണ്ടായിരുന്നു. ആരു വേണം പത്മിനി എന്നുള്ളതിന് ആദ്യം അവരുടെ കുടുംബാംഗങ്ങളിൽ പലരെയും നോക്കി. 30 വയസ്സ് എന്നൊരു പ്രായപരിധിയുണ്ടായിരുന്നു മുന്നിൽ. ആ പ്രായത്തിന് അനുസരിച്ച, പത്മിനിയോട് മുഖസാദൃശ്യമുള്ള ആരെയും അവരുടെ കുടുംബത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
അങ്ങനെയാണ് വേറെ ഓപ്ഷനുകൾ നോക്കുന്നതും കാസ്റ്റിംഗ് അനുമോളിലേക്ക് വരുന്നതും. സിനിമയോടുള്ള ഡെഡിക്കേഷനും അഭിനയ മികവിനുമപ്പുറം വളരെ പരിമിതമായ ബജറ്റിലൊരുക്കിയ ഈ ചിത്രത്തിന്റെ പ്രൊഡക്ഷനോട് അനുമോൾ കാണിച്ച താൽപ്പര്യമുണ്ട്. അനുമോളുടെ ഭാഗത്തു നിന്നുണ്ടായ ആ താൽപ്പര്യം കൂടിയാണ് ‘പത്മിനി’ യാഥാർത്ഥ്യമാക്കിയത്. 2016ലാണ് ‘പത്മിനി’യുടെ ജോലികൾ ആരംഭിക്കുന്നത്. പണം ഇല്ലാത്തതുകൊണ്ടാണ് ഇത്രയും വൈകിയത്.
സിനിമ വൈകാനുള്ള മറ്റൊരു ഘടകം സിനിമയിൽ പ്രകൃതിയും കാലാവസ്ഥാ മാറ്റങ്ങളുമൊക്കെ വളരെ പ്രധാനമായിരുന്നു എന്നതാണ്. ഒരു മഴക്കാലവും വേനൽക്കാലവും ഞങ്ങൾക്ക് ഷൂട്ടിന് ആവശ്യമുണ്ടായിരുന്നു. അത്തരത്തിലൊരു കാത്തിരിപ്പും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഒരു ചിത്രകാരിയുടെ ജീവിതത്തിൽ ഋതുഭേദങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ടല്ലോ. പ്രത്യേകിച്ചും പത്മിനിയുടെ ചിത്രങ്ങളിൽ എടപ്പാൾ, പൊന്നാനി തുടങ്ങിയ ഗ്രാമദേശത്തിന്റെ സാംസ്കാരികമാായ അടയാളങ്ങളാണ് നിറയെ. നമ്മുടെ പൈതൃകം, കാവുകൾ, കുളങ്ങൾ, വിശ്വാസങ്ങൾ, ഗ്രാമജീവിതം, വിശ്വാസങ്ങൾ, പ്രകൃതിയൊക്കെയാണ് ആ ചിത്രങ്ങളിൽ നിറയുന്നത്.
“പത്മിനിയുടെ ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത അതിലെ നഗ്നതയാണ്. കുഗ്രാമം എന്നു വിശേഷിപ്പിക്കാവുന്ന, വളരെ യാഥാസ്തിതികമായ 60 കളിലെ സാമൂഹിക പരിസരത്ത് ജീവിച്ചിരുന്ന ഒരു സ്ത്രി നഗ്നതയെ ചിത്രീകരിച്ച രീതികൾ നമ്മളെ അത്ഭുതപ്പെടുത്തും. പത്മിനിയുടെ അമ്പതിലേറെ ചിത്രങ്ങൾ സ്ത്രീയുടെ സ്വത്വത്തെ, ശരീരത്തെ വെളിപ്പെടുത്തുന്നവയാണ്. അക്കാലത്ത് ഭയമില്ലാതെ നഗ്നത വരച്ചുകൂട്ടാൻ അവർക്കു കഴിഞ്ഞു. അതു കൊണ്ടു കൂടിയാണ് ഞാൻ പത്മിനിയെ അമൃത ഷെർഗിലുമായി താരതമ്യപ്പെടുത്തിയത്. വിദേശത്ത് ജനിച്ച്, നോർത്ത് ഇന്ത്യയിൽ വളർന്ന, ശാന്തിനികേതൻ പോലുള്ള ഒരു സ്ഥലത്തിന്റെ പരിസരമുണ്ടായിരുന്ന അമൃതയ്ക്ക് അതു സാധിക്കും. അവരുടെ സെക്ഷ്വൽ ലൈഫ് അത്രയേറെ സ്വതന്ത്രമായിരുന്നു. എന്നാൽ, പത്മിനിയെ സംബന്ധിച്ച് ആ രീതിയിലൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത സാമൂഹിക സാഹചര്യത്തിലാണ് അവർ ജീവിച്ചത്. എന്നിട്ടും ആ സാഹചര്യത്തിലും അവർ അവരുടെ ഇച്ഛയെ തടഞ്ഞില്ലെന്നതാണ് ടികെ പത്മിനി എന്ന ചിത്രകാരിയുടെ വിജയം. സ്ത്രീകളുടെ ഭാഗത്ത് നിന്നും ഇനി വരാനിരിക്കുന്ന ഒരു തുറന്നു കാട്ടലിനെ അവർ അക്കാലത്തു തന്നെ തന്റെ ചിത്രങ്ങളിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്.
ടി കെ പത്മിനിയെന്ന ചിത്രകാരിയുടെ ജീവിതത്തെ ഞാൻ നോക്കി കാണുന്ന ഒരു രീതിയാണ് ഈ സിനിമ എന്നു പറയുന്നതാവും ഉചിതം. പത്മിനിയെ കുറിച്ച് ഇനിയും ചിത്രങ്ങൾ ഉണ്ടാവണം. അതിന് ഞാനൊരു തുടക്കം കുറിക്കുന്നു എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.
അനുമോൾക്കൊപ്പം ഇർഷാദ്, സഞ്ജു ശിവറാം തുടങ്ങിയവരും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മനേഷ് മാധവൻ ക്യാമറയും ബി അജിത് കുമാർ എഡിറ്റിംഗും നിർവ്വഹിച്ച ‘പത്മിനി’യുടെ സംഗീതം ഒരുക്കിയിരിക്കുന്നത് ശ്രീവത്സൻ ജെ മേനോൻ ആണ്.