Bigg Boss Malayalam: മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ യാത്ര ആരംഭിച്ചു. ചലച്ചിത്ര സീരിയല്‍ മേഖലയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്‌തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്.

ആദ്യ ദിനം പുലര്‍ച്ചെ വരെ നീണ്ട ആഘോഷമാണ് മത്സരാര്‍ത്ഥികള്‍ നടത്തിയത്. എന്നാല്‍ കാലിലെ പരുക്ക് കാരണം അരിസ്റ്റോ സുരേഷിന് ഡോക്‌ടര്‍മാരുടെ പരിചരണം ആവശ്യമായി വന്നു. ഇടതുകാലിലെ പെരുവിരലിനാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയത്. നേരത്തേ ഉണ്ടായിരുന്ന മുറിവ് പഴുത്തതാണ് വിനയായത്. തുടര്‍ന്ന് സാബു അദ്ദേഹത്തെ ഇരുകൈയ്യിലും താങ്ങിയെടുത്താണ് മെഡിക്കല്‍ വിഭാഗത്തിന്റെ അടുത്തെത്തിച്ചത്. എന്നാല്‍ അദ്ദേഹം തിരികെ എത്തി പാട്ടു പാടിയും നൃത്തം ചെയ്‌തും മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു. പിന്നാലെ അടുക്കളയും മറ്റ് സൗകര്യങ്ങളും മത്സരാര്‍ത്ഥികള്‍ പരിശോധിച്ചു.

പരുക്കേറ്റ അരിസ്റ്റോ സുരേഷിനെ സാബു പൊക്കിയെടുത്ത് കൊണ്ടുപോവുന്നു

എന്നാല്‍ അടുക്കളയിലെത്തിയ പേളി മാണി മമ്മിയെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് കരഞ്ഞത് മത്സരാര്‍ത്ഥികളില്‍ ചിരി പടര്‍ത്തി. സാബു പേളിയെ പരിഹസിച്ചു. താന്‍ അനാഥാലയത്തില്‍ വളര്‍ന്ന കുട്ടിയാണെന്ന് പറഞ്ഞ് നടി അതിഥി റായ് വികാരാധീനയായി. തെന്നിന്ത്യൻ നടിയാണ് അതിഥി റായ്. അന്യർക്ക് പ്രവേശനമില്ല എന്ന മലയാള ചിത്രമുൾപ്പെടെയുള്ള സിനിമകളിൽ അതിഥി അഭിനയിച്ചിട്ടുണ്ട്. അതിഥിയെ ശ്വേതയും രഞ്ജിനി ഹരിദാസും ആശ്വസിപ്പിച്ചു.

ബിഗ് ബോസ് ഹൗസില്‍ ഓരോ ആഴ്‌ചയും ഓരോ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നുണ്ട്. എല്ലാ മത്സരാര്‍ത്ഥികളുടേയും അഭിപ്രായം മാനിച്ചാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത്. ശ്വേതാ മേനോനെ ആണ് മിക്കവരും നിർദ്ദേശിച്ചത്. അനൂപ് ചന്ദ്രനേയും രഞ്ജിനിയേയും ആണ് ശ്വേത നിർദ്ദേശിച്ചത്. തുടര്‍ന്ന് കൂടുതല്‍ പേരുടെ അഭിപ്രായം മാനിച്ച് ശ്വേതയെ ഈയാഴ്‌ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. മത്സരത്തില്‍ തുടരാന്‍ അനുയോജ്യരല്ലാത്തവരെ ഓരോ മത്സരാര്‍ത്ഥികളും പരസ്‌പരം നോമിനേറ്റ് ചെയ്‌തു. അതേസമയം അരിസ്റ്റോ സുരേഷാണ് പുറത്ത് പോവേണ്ടതെന്ന് ശ്വേത പറഞ്ഞു. തനിക്ക് ഇവിടെ തുടരുന്നതില്‍ താത്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ ശരീരഭാഷയെന്ന് ശ്വേത വ്യക്തമാക്കി. സുരേഷിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തായിരുന്നു ശ്വേതയുടെ പ്രതികരണം. ആരാണ് ആദ്യം പുറത്താവുക എന്ന് അടുത്ത ദിവസങ്ങളില്‍ വ്യക്തമാവും.

മത്സരാര്‍ത്ഥികളെ താമസിപ്പിക്കുന്ന വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലാണ്. മത്സരാര്‍ത്ഥികളുടെ ഓരോ നീക്കവും ക്യാമറയില്‍ പതിയുന്നുണ്ട്. ഇത് ഒരു എഡിറ്റിങ് പോലും കൂടാതെയാണ് പ്രേക്ഷകരില്‍ എത്തുന്നത്. ബിഗ് ബോസിന്‍റെ കര്‍ശന നിയമാവലിയുടെ അടിസ്ഥാനത്തിലാണ് മത്സരാര്‍ത്ഥികള്‍ പെരുമാറേണ്ടത്. നിയമം തെറ്റിക്കുന്നവര്‍ക്ക് ബിഗ് ബോസിന്‍റെ ശിക്ഷയും ലഭിക്കും.

ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി ‘ബിഗ് ബ്രെദര്‍’ എന്ന പ്രോഗ്രാമിലൂടെയാണ് ബിഗ് ബോസിന്‍റെ വരവ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലായിരുന്നു പരിപാടി തുടങ്ങിയത്. ശിൽപ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook