ഇന്നലെ (ഓഗസ്റ്റ് 13) രാവിലെ അന്തരിച്ച ശ്രീലതയുടെ വിയോഗമേൽപ്പിച്ച വിഷമത്തിലാണ് ബിജു നാരായണന്റെയും ശ്രീലതയുടെയും മഹാരാജാസ് കോളേജിലെ പഴയ കാല സഹപാഠികൾ. മഹാരാജാസിലെ ഏറ്റവും പ്രശസ്തമായ പ്രണയങ്ങളിലൊന്നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയുമെന്ന് ഓർക്കുകയാണ് ഇരുവരുടെയും സഹപാഠിയും കുടുംബസുഹൃത്തും നടനുമായ ടിനി ടോം

ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.

പ്രീഡിഗ്രി കാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.

biju narayanan

Read more: ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു

കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്.  “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,”  ടിനി ടോം ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.

ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു . ശ്രീലതയുടെ സംസ്കാരം ഇന്ന് വൈകിട്ട് 7:30യ്ക്ക് കളമശേരിയിൽ നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook