കോമഡി കഥാപാത്രങ്ങളാകട്ടെ വില്ലന്‍ കഥാപാത്രങ്ങളാകട്ടെ, അനായാസമായി ചെയ്യാനാകും ടിനി ടോമിന്. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത ടിനി ടോം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് ടിനി പ്രത്യക്ഷപ്പെടുന്നത്.

റഹ്മാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓപ്പറേഷന്‍ അറപെയ്മ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ടിനിയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. പ്രാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. നേവല്‍ ഓഫീസറായാണ് റഹ്മാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അതരിപ്പിക്കുന്നത് അഭിനയയാണ്.

താനൊരു മിമിക്രി താരമായത് കൊണ്ട് തന്നെ ഈ കഥാപാത്രം മാന്യമായി കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്ന് ടിനി ടോം കൊച്ചിന്‍ ടൈംസിനോട് പറഞ്ഞു. ‘എന്റെ ആകാരവലിപ്പത്തിലുള്ള ഒരാളെ ട്രാൻസ്ജെൻഡറായി മാറ്റി എടുക്കുക എന്നാല്‍ അത്ര എളുപ്പമല്ല. എന്നാല്‍, റഹ്മാന്‍ സാറിനും സംവിധായകനും ആത്മവിശ്വാസമുണ്ടായിരുന്നു. തമിഴ് സിനിമകള്‍ ധാരാളം കാണുന്ന ഒരാളെന്ന നിലയില്‍ ഭാഷ എനിക്കൊരു പ്രശ്നമായിരുന്നില്ല. തന്നെയുമല്ല കൊറിയോഗ്രഫര്‍ കലാമാസ്റ്ററുടെ ബന്ധു അരവിന്ദ് സെറ്റിലുണ്ടായിരുന്നു. അദ്ദേഹം എന്നെ നന്നായി സഹായിച്ചു’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ