മലയാളം സിനിമയിൽ ലഹരിയുടെ സാന്നിധ്യമുണ്ടെന്നും അതുകൊണ്ടാണ് മകനെ അഭിനയത്തിലേക്ക് കൊണ്ടുവരാത്തതെന്നും നടൻ ടിനി ടോം. ആലപ്പുഴയിൽ കേരള സർവകലാശാല കലോത്സവ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം.
“ഒരു വലിയ നടന്റെ മകനായിട്ട് അഭിനയിക്കാൻ എന്റെ കുട്ടിയ്ക്ക് അവസരം ലഭിച്ചു. എന്റെ ഭാര്യ പറഞ്ഞു വിടാൻ പറ്റില്ലെന്ന്, ഭയം മയക്കുമരുന്ന് തന്നെയാണ്. സിനിമയെന്ന് പറഞ്ഞാൽ ഇവിടെ കച്ചവടം നടത്തുന്നതെന്നുമല്ല, അവനെ വിട്ടെന്ന് വിചാരിച്ച കുഴപ്പമില്ല. പക്ഷെ, 17-18 വയസ്സിലാണ് ഏറ്റവും കൂടുതൽ വഴിതെറ്റുന്നത്, എനിക്ക് ആകെയുള്ളത് ഒരു മകനാണ്” ടിനി ടോം പറഞ്ഞു.
കുട്ടികളെ മയക്കുമരുന്നിന്റെ പിടിയിൽപ്പെടാതെ സംരക്ഷിക്കണമെന്നും താരം പറയുന്നു. സിനിമയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പൊലീസ് തന്റെ മൊഴിയെടുക്കാൻ ഒരുങ്ങുകയാണെന്നും താരം കൂട്ടിച്ചേർത്തു.
തുടർച്ചയായ ലഹരി ഉപയോഗം ഒരു നടന്റെ പല്ല് പൊടിയുന്നതിലേക്ക് നയിച്ചെന്നും ടിനി ടോം പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ലഹരി ഉപയോഗിക്കുമ്പോൾ താൻ നല്ലവണ്ണം അഭിനയിക്കുന്നുണ്ടെന്ന് മറ്റുള്ളവർ പറയുന്നതായി ആ നടൻ തന്നോട് പറഞ്ഞെന്നും ടിനി ടോം കൂട്ടിച്ചേർത്തു. നടന്റെ പേര് ടിനി ടോം വ്യക്തമാക്കിയില്ല. താനും ഒരു കാലത്ത് ലഹരി ഉപയോഗിച്ചിരുന്നതായി ടിനി ടോം പറഞ്ഞു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ പേരിൽ ചർച്ചകൾ നടക്കുമ്പോഴാണ് ടിനി ടോമിന്റെ ഈ വെളിപ്പെടുത്തൽ എന്നതാണ് ശ്രദ്ധേയമാകുന്നത്.