ചെന്നൈ: വ്യത്യസ്ഥ പ്രമേയങ്ങളുമായി തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ വേറിട്ടു നില്‍ക്കുന്ന താരമാണ് ജയം രവി. അദ്ദേഹത്തിന്റെ വനമകനും മിരുതാനുമൊക്കെ തമമിഴ് സിനിമയ്ക്ക് പുതിയ കാഴ്ച്ചയായിരുന്നു. ഇതിന്റെയൊക്കെ പട്ടികയിലേക്ക് തന്നെയാണ് പുതിയ ചിത്രവും വരുന്നത്.

ടിക് ടിക് ടിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതാണ് പുതിയ വാര്‍ത്ത. ബഹിരാകാശത്ത് വെച്ചുണ്ടായ അപകടത്തില്‍ കയറില്‍ തൂങ്ങി നില്‍ക്കുന്ന ജയം രവിയെയാണ് പോസ്റ്ററില്‍ കാണാനാവുന്നത്. ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ തന്നെ ആദ്യ ബഹിരാകാശ ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.

തമിഴില്‍ ശക്തി സുന്ദര്‍ ഒരുക്കിയ മൂന്ന് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു. ആദ്യ ചിത്രമായ നാണയം തമിഴില്‍ ഹിറ്റായിരുന്നു. പിന്നീട് വന്ന ‘നായ്ഗള്‍ ജൈഗ്രതൈ’ എന്ന ചിത്രം ഒരു പൊലീസ് നായയുടെ കഥയായിരുന്നു പറഞ്ഞത്. തെന്നിന്ത്യയിലെ തന്നെ ആദ്യ സോംബി ചിത്രമായ മിരുതനും ബോക്സ്ഓഫീസില്‍ പണം വാരി. മിരുതാന്‍ വിജയിച്ചതിന് പിന്നാലെയാണ് ശക്തി പുതിയ ബഹിരാകാശ ചിത്രത്തിന്റെ കഥയുമായി ജയം രവിയെ സമീപിച്ചത്. മിരുതാന്‍ സംവിധായകന്‍ ആയത് കൊണ്ട് തന്നെ ചിത്രത്തെ വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്.

കേട്ടപാടെ ജയം രവി ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതം മൂളിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ജയം രവിയെ കൂടാതെ ആരോണ്‍‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ