തിയറ്ററുകളില്‍ ആരവം തീര്‍ക്കാന്‍ മറ്റൊരു സല്‍മാന്‍ ഖാന്‍ ചിത്രം എത്തുകയാണ്. ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിലെ പാട്ടു തന്നെ ഒറ്റ ദിവസം കൊണ്ട് കണ്ടത് ലക്ഷങ്ങളാണ്. സല്‍മാന്‍ ഖാനും കത്രീന കൈഫും ഒരുമിച്ച ഒരു കിടിലന്‍ ഡാന്‍സ് നമ്പര്‍ ഇതിനോടകം ബോളിവുഡില്‍ ഹിറ്റായി.

അതീവ ഗ്ലാമറില്‍ എത്തിയ കത്രീന കൈഫും സല്‍മാന്‍ ഖാനും ഗംഭീരമായി ഗാനത്തിന് ചുവട് വച്ചപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ 12 ലക്ഷത്തിനടുത്ത് ആളുകളാണ് പാട്ട് കണ്ടത്. ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിലെ ആദ്യ പാട്ട് തന്നെ ബോളിവുഡില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സല്‍മാനും കത്രീനയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്.

വിശാലും ശേഖറും ചേര്‍ന്ന് ഈണമിട്ട ഗാനം പാടിയത് വിശാല്‍ ദദ്‌ലാനിയും നേഹാ ഭാസിനും ചേര്‍ന്നാണ്. ഇര്‍ഷാദ് കാമിലിന്റേതാണു വരികള്‍. വൈഭവി മെര്‍ച്ചന്റ് ആണ് സല്‍മാനും കത്രീനയ്ക്കുമായി ഡാന്‍സ് ചിട്ടപ്പെടുത്തിയത്. കായിക അഭ്യാസവും നൃത്തവുമായി നൂറോളം ജൂനിയര്‍ ആര്‍ടിസ്റ്റുകളെയാണ് പാട്ടില്‍ അണിനിരത്തിയത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആദിത്യ ചോപ്രയാണു നിര്‍മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ