ഈ വർഷം ബോളിവുഡ് കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് സൽമാൻ ഖാന്റെ ടൈഗർ സിന്താ ഹെ. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ ബോളിവുഡ് സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭാരം കൂടിയ മെഷീൻ തോക്കുകൾ ഉപയോഗിച്ചുളള സൽമാന്റെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

എംജി 42 മെഷീൻ തോക്കാണ് ചില രംഗങ്ങളിൽ സൽമാൻ ഉപയോഗിച്ചിട്ടുളളത്. 25-30 കിലോ ഭാരം വരുന്ന മെഷീൻ തോക്ക് ഉപയോഗിച്ച് വെടിവയ്ക്കുന്ന സൽമാൻ ഖാന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ടൈഗർ സിന്താ ഹെയിലെ പ്രധാനപ്പെട്ട രംഗങ്ങളിൽ ഒന്നാണ് ഈ ആക്ഷൻ രംഗമെന്ന് സംവിധായകൻ അലി അബ്ബാസ് സഫർ പറയുന്നു. മൂന്നു ദിവസം കൊണ്ടാണ് രംഗങ്ങൾ ഷൂട്ട് ചെയ്തത്. ഈ ദിവസത്തിനിടെ 5000 തവണയാണ് സൽമാൻ വെടിയുതിർത്തത്- അദ്ദേഹം പറഞ്ഞു.

സൽമാൻ ഖാന്റെ ട്യൂബ്‌ലൈറ്റ് ബോക്സോഫിസിൽ വലിയ ജയം നേടിയിരുന്നില്ല. അതിനാൽതന്നെ ടൈഗർ സിന്താ ഹേയുടെ വിജയം സൽമാനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഡിസംബർ 22 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കത്രീന കെയ്ഫാണ് ചിത്രത്തിലെ നായിക. അഞ്ചു വർഷങ്ങൾക്കുശേഷമാണ് സൽമാനും കത്രീനയും വീണ്ടും ഒരു സിനിമയിൽ ഒന്നിക്കുന്നത്. കാബിർ ഖാന്റെ ഏക് താ ടൈഗറിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ