സിനിമാസ്വദകർ ഇത്രയധികം കാത്തിരുന്ന ഒരു മലയാള ചിത്രമുണ്ടോയെന്നത് സംശയമാണ്. പല തവണ റിലീസ് തീയതികൾ മാറ്റിയതിനു ശേഷം ഒടുവിൽ രാജീവ് രവി ചിത്രം ‘തുറമുഖം’ തിയേറ്റിലെത്തുകയാണ്. മാർച്ച് 10 ന് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസിനെത്തുമെന്ന് നിർമാതാവ് സുകുമാർ തെക്കേപ്പാട്ട് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. 2022 അവസാനം ചിത്രത്തിന്റെ വിതരണം മാജിക്ക് ഫ്രെയിംസ് ഏറ്റെടുത്തിരിക്കുന്നു. ഇതിനു പിന്നാലെയാണ് തീയതിയും പ്രഖ്യാപിച്ചത്.
“എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു…മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കുന്നു” എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ കുറിച്ചത്.
ഈ തീയതി ഉറപ്പിക്കാമോ എന്ന ചോദ്യമാണ് ആസ്വാദകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ഇതു തന്നെയാണെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് നടൻ അർജുൻ അശോകൻ മറുപടി നൽകിയത്. 2019 ൽ ഷൂട്ടിങ്ങ് തീർന്ന ചിത്രം നാലു വർഷങ്ങൾക്കു ശേഷമാണ് തിയേറ്ററിലെത്തുന്നത്.
നിവിൻ പോളി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവർ ചേർന്നാണ് നിർമാണം.