Thuramukham OTT: രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘തുറമുഖം.’ 2019 ൽ ചിത്രീകരണം കഴിഞ്ഞ ചിത്രം നാലു വർഷങ്ങൾക്കു ശേഷമാണ് റിലീസിനെത്തിയത്. മാർച്ച് 10 നു തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. നിവിൻ പോളി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മട്ടാഞ്ചേരിയുടെ പോരാട്ടചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്ന ചിത്രമാണ് ‘തുറമുഖം.’ കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനായി പതിറ്റാണ്ടുകളോളം തൊഴിലാളികള്‍ നടത്തിയ പോരാട്ടവുമാണ് ചിത്രം പറയുന്നത്. കൊച്ചി തുറമുഖത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒരു പറ്റം തൊഴിലാളികളുടെയും അവരുടെ ചെറുത്തുനിൽപ്പിന്‍റെയും കഥയ്ക്ക് സമാന്തരമായി തുറമുഖത്തെ തൊഴിലാളികളിൽ ഒരാളായ മട്ടാഞ്ചേരി മൊയ്തുവിന്‍റെയും കുടുംബത്തിന്‍റെയും കഥയും പറഞ്ഞുപോവുകയാണ് ചിത്രം.
ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവർ ചേർന്നാണ് നിർമാണം. റിലീസിനെത്തി ഒരു മാസം പിന്നീടുമ്പോൾ ചിത്രം ഒടിടിയിലെത്തുകയാണ്. ഏപ്രിൽ 28 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.