രാജീവ് രവിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ‘തുറമുഖം’ ഇന്ന് റിലീസിനെത്തുകയാണ്. 2019ൽ ഷൂട്ടിങ്ങ് കഴിഞ്ഞ ചിത്രം നാലു വർഷങ്ങൾക്കു ശേഷമാണ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിന്റെ റിലീസ് വൈകുന്നതു കൊണ്ട് നിർമാതാവ് സുകുമാർ തെക്കേപ്പാട്ടിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചെല്ലാം പ്രതികരിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് നിർമാതാവ് സുകുമാർ തെക്കേപ്പാട്ട്.
തുറമുഖം പോലൊരു ചിത്രം ചെയ്യാൻ തനിക്ക് ത്രാണിയില്ലായിരുന്നെന്നും അതു പൂർത്തികരിക്കാനായി താൻ കടം വാങ്ങിയിട്ടുണ്ടെന്നും കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകുമെന്നും സുകുമാർ പറയുന്നു. എന്നാൽ ഇതെല്ലാം സിനിമയോടുള്ള പ്രിയം കൊണ്ടാണെന്നാണ് സുകുമാർ പറയുന്നത്. ഈ യാത്രയിൽ തനിക്കൊപ്പം നിന്നവരോട് നന്ദി പറയുന്നതിനൊപ്പം ചിത്രം തിയേറ്ററിൽ ചെന്നു തന്നെ കാണണമെന്ന് സുകുമാർ പറഞ്ഞു.
“രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് തുറമുഖം എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസ്ത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദന അങ്ങേയറ്റം ഞാൻ കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയ്യാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താല്പര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവ്വം തടസ്സം നിന്നു എന്ന് തന്നെ പറയേണ്ടിവരും. ഞാൻ ആർജ്ജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത് പറയുന്നില്ല. ഓരോ ഘട്ടത്തിലും ട്രെയിലറിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളുടെയും താഴെ തനിക്കു സിനിമ നിർമ്മിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസ്സിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെണ്ടർ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികൾ മാത്രം കിട്ടിയിട്ടുമുണ്ട്” സുകുമാർ കുറിച്ചു.
നിവിൻ പോളി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ് എന്നിവർ ചേർന്നാണ് നിർമാണം.