Thunivu-Varisu Box Office Collection: പൊങ്കൽ ബോക്സ് ഓഫീസ് ഹിറ്റാകാൻ തിയേറ്ററുകളിലെത്തിയത് രണ്ടു സൂപ്പർസ്റ്റാർ ചിത്രങ്ങളാണ്. അജിത്ത് നായകാനയെത്തിയ തുനിവ്, വിജയ് ചിത്രം വാരിസ് എന്നിവ ഒരേ ദിവസമാണ് റിലീസിനെത്തിയത്. തുനിവിനേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നത് വാരിസാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വാരിസിന്റെ നിർമാതാവായ ദിൽ രാജു റിലീസിനു മുൻപേ വിവാദം നിറഞ്ഞ ഒരു പ്രസ്ഥാവന നടത്തിയിരുന്നു. അജിത്തിനേക്കാളും മികച്ച നടൻ വിജയ്യാണെന്നായിരുന്നു ദിൽ രാജു പറഞ്ഞത്. വാരിസിനു തമിഴ്നാട്ടിൽ കൂടുതൽ തിയേറ്റർ കിട്ടാവാനുള്ള ശ്രമങ്ങളും അദ്ദേഹം നടത്തി. എന്തിരുന്നാലും ഇരു ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന എന്നാണ് പ്രതികരണങ്ങൾ.
വാരിസിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 46.2 കോടിയും തുനിവിന്റേത് 37.6 കോടിയുമാണ്. തമിഴ്നാട്ടിൽ മാത്രമായി വാരിസ് നേടിയത് 16.2 കോടിയാണ്. രാജ്യത്ത് മുഴുവനായുള്ള കണക്കെടുത്താൽ രണ്ടാം ദിവസം വാരിസ് നേടിയത് 18-20 കോടിയും, ആദ്യ ദിവസം 26.5 കോടിയുമാണ്. വിജയ് ചിത്രത്തേക്കാളും ഒരു കോടി പിന്നിലാണ് അജിത്ത് ചിത്രത്തിന്റെ കളക്ഷൻ.
പൊങ്കൽ ആഘോഷം വാരിസിനും തുനിവിനുമൊപ്പം ഗംഭീരമാക്കുകയാണ് തമിഴ്നാട്ടിലെ സിനിമാസ്വാദകർ. ജനുവരി 14 ന് ആയിരിക്കും വാരിസിന്റെ തെലുങ്ക് പതിപ്പ് റിലീസിനെത്തുക. അതിനു ശേഷം കളക്ഷന്റെ കണക്കിൽ വ്യത്യാസങ്ങൾ വന്നേക്കാം. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ തുനിവ് റിലീസിനെത്തിയിരുന്നു.
സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് വിജയ് നായകനായെത്തുന്ന ‘വാരിസ്’. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിൽ രശ്മിക മന്ദാനയാണ് വിജയുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്.വിജയ് ആരാധകരെയും കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമെന്നാണ് പുറത്തുവന്ന പ്രതികരണങ്ങൾ.