മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഏറെ ജനശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കൾ എന്ന മേൽവിലാസത്തിൽ നിൽക്കാതെ, ഇരുവരും തങ്ങളുടേതായ തട്ടകങ്ങൾ കണ്ടെത്തി കഴിഞ്ഞു. ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത്. അച്ഛനും ചേട്ടനും പിന്നാലെ അധികം വൈകാതെ ധ്യാനും സിനിമയിലെത്തി. നടനായി എത്തിയ ധ്യാൻ പിന്നീട് സംവിധായകനായി, ഒപ്പം സിനിമാ നിർമാണരംഗത്തും സജീവമായി. മലയാളികൾക്ക് ഏറെയിഷ്ടമാണ് ഇരുവരെയും. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിട്ടുണ്ട്.
വിനീതിന്റെയും ധ്യാനിന്റെയും കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ഹൃദയം’ ആണ് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ വിനീത് ചിത്രം. ഒരിടവേളയ്ക്ക് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്സ് ഓഫീസിലും മികച്ച വിജയം നേടാൻ ഹൃദയത്തിനു സാധിച്ചു.
‘ലവ് ആക്ഷൻ ഡ്രാമ’ എന്ന തന്റെ ആദ്യ സംവിധാനസംരംഭത്തിനു ശേഷം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ധ്യാൻ. അടുത്തിടെ തിയേറ്ററുകളിലെത്തിയ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ധ്യാൻ ചെയ്തത്.
സായാഹ്ന വാർത്തകൾ, പ്രകാശം പരക്കട്ടെ, പാതിര കുർബാന, ഹിഗ്വിറ്റ, കടവുൾ സകായം നടന സഭ എന്നു തുടങ്ങി ഇരുപതോളം ചിത്രങ്ങളാണ് ധ്യാനിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്.