Throwback Thursday: ‘പ്രിയമുള്ളോരാളാരോ വരുമെന്ന് വെറുതേ മോഹിച്ച്’ കുഞ്ഞൂഞ്ഞമ്മ എന്ന വയോധിക ഒരിക്കല്‍ ഇളക്കി മാറ്റിയ കാളിങ് ബെല്‍ വീണ്ടും തിരിച്ചു പിടിപ്പിക്കുകയാണ്. വീടിന്റെ ഗേറ്റ് കടന്നു പോയ ആംബുലന്‍സില്‍ അവരുടെ കൊച്ചുമകള്‍ ഗേളി ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാത്ത യാത്രയിലായിരുന്നു അപ്പോള്‍. 1984ല്‍ ഫാസില്‍ സംവിധാനം ചെയ്‌ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം അവസാനിക്കുന്നത് ഇങ്ങനെയൊരു രംഗത്തിലാണ്. മനസ്സില്‍ ഒരു നൊമ്പരമായി മലയാളി ഈ ചിത്രത്തെ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് 35 വര്‍ഷം. മലയാളി മനസ്സുകളുടെ നടുമുറ്റത്തേക്ക് നദിയ മൊയ്‌തു എന്ന സുന്ദരി സൈക്കിള്‍ ചവിട്ടി വന്നു കയറിയിട്ടും അത്രയും തന്നെ കാലമായി. ഗേളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സിനിമാ ജീവിതം ആരംഭിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര താരം നദിയ മൊയ്‌തു തന്റെ ആദ്യ ചിത്രത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ്, #ThrowBackThursday എന്ന പംക്തിയില്‍.
ബോംബെ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സറീനാ മൊയ്‌തു സിനിമയിലേക്ക് എത്തിപ്പെടുന്നത് ആഗ്രഹം കൊണ്ടോ പരിശ്രമം കൊണ്ടോ അല്ല; ആകസ്‌മികത കൊണ്ട് മാത്രമാണ്. മുംബൈ താമസിച്ചിരുന്ന ആ പതിനെട്ടുകാരിക്ക് മലയാളം സിനിമയെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

“ആ കാലത്ത് ഗൾഫിൽ പോകുന്നവരെല്ലാം ബോംബെയിൽ വന്നിട്ടാണ് പോകുന്നത്. അങ്ങനെ വരുന്ന പല ബന്ധുക്കളും അവരുടെ പരിചയക്കാരുമൊക്കെ എന്റെ വീട്ടിലാണ് താമസിക്കാറുളളത്. അങ്ങനെ ഒരിക്കല്‍ ഫാസിൽ അങ്കിളിന്റെ (സംവിധായകന്‍ ഫാസില്‍) സഹോദരനും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. വീട്ടിൽ വന്നിട്ട് അദ്ദേഹം തിരിച്ച് ആലപ്പുഴയ്‌ക്ക് ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരന്‍ താനൊരു പുതിയ സ്ക്രിപ്റ്റ് എഴുതുന്നുണ്ടെന്നും അതിലേക്ക് ഒരു പുതുമുഖ നടി വേണമെന്നും പറയുന്നത്. ബോംബയില്‍ എന്നെ കണ്ട കാര്യം പറഞ്ഞപ്പോള്‍ ഫാസില്‍ അങ്കിളിന് കാണാന്‍ താത്പര്യം തോന്നി വീട്ടിലേക്ക് വരുകയായിരുന്നു.”
കേരളത്തില്‍ നിന്നും തന്നെക്കാണാനായി ഒരാള്‍ വരുന്നു എന്ന് കോളേജില്‍ പോയിരുന്ന സറീനയ്ക്ക് അറിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അവിടെ ഒരാള്‍ അച്ഛനമ്മമാരോട് സംസാരിച്ചിരിക്കുന്നത് കണ്ടു. അയാള്‍ തന്നെത്തന്നെ ശ്രദ്ധിക്കുന്നത് സറീനയുടെ ശ്രദ്ധയില്‍പെട്ടു.
Read More: ഞങ്ങള്‍ രണ്ടു ഭക്ഷണ പ്രിയര്‍; മമ്മൂട്ടിയെക്കുറിച്ച് നദിയ മൊയ്തു
“ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്‌ടങ്ങൾ എന്താണ്, സ്‌പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്‌ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്‌ടർ എനിക്ക് ചേരുമെന്ന്.”
നടപ്പ് കഴിഞ്ഞു വീട്ടിലെത്തിയ ഉടന്‍, ഡിന്നര്‍ കഴിക്കുന്നതിന് മുന്‍പ് തന്നെ, ഫാസില്‍ സറീനയ്ക്ക് ആ ചിത്രത്തിന്റെ കഥ പറഞ്ഞു കേള്‍പ്പിച്ചു. ഇടയ്‌ക്ക് അഭിനയിച്ചു കാണിച്ച് അദ്ദേഹം കഥ പറഞ്ഞു കേട്ടത് സിനിമ നേരില്‍ കണ്ടത് പോലെയായിരുന്നു എന്ന് നദിയ മൊയ്‌തു ഓര്‍ക്കുന്നു.
“കഥ കേട്ട ശേഷം അച്‌ഛനും അമ്മയും എനിക്ക് അഭിനയിക്കാൻ സമ്മതമാണോയെന്ന് ചോദിച്ചു. സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാൻ അപ്പോഴൊന്നും ചിന്തിച്ചിട്ടു പോലുമില്ല. ഫാസിൽ അങ്കിളിന്റെ കുടുംബത്തെ നന്നായി അറിയാവുന്നതുകൊണ്ട് വേറൊന്നും ചിന്തിച്ചില്ല. പോയി ചെയ്‌തു നോക്കാമെന്ന് വിചാരിച്ചു. പോകുന്നതിന് മുന്‍പ് അദ്ദേഹം എന്റെ കുറച്ച് ചിത്രങ്ങള്‍ എടുത്തു.
അടുത്ത ദിവസം നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ അവിടെ വച്ച് അദ്ദേഹം എം.ടി.വാസുദേവൻ നായരെ കണ്ടു. എന്റെ ഫോട്ടോ കാണിച്ചിട്ട് എന്റെ അടുത്ത പടത്തിൽ ഈ കുട്ടിയാണ് നായിക എന്നു പറഞ്ഞു. എന്റെ കണ്ണു കൊളളാമെന്നും, നല്ല പവർഫുൾ ആണെന്നും എം.ടി പറഞ്ഞുവത്രേ.
ഇതൊക്കെ ഞാൻ ഒരു 5-6 കൊല്ലം മുൻപാണ് അറിയുന്നത്. ബോംബൈയിൽ നിന്നും പോകാൻ നേരത്ത് തന്നെ ഫാസിൽ അങ്കിൾ ഞാനാണ് നായികയാണെന്ന് ഉറപ്പിച്ചിരുന്നു.”

സറീനയെ എന്ന പെണ്‍കുട്ടിയെ ലോകമറിയുന്ന നദിയ ആക്കി മാറ്റിയത് ആരാണ് എന്നതിനെക്കുറിച്ച് നദിയയ്ക്കും വലിയ ഉറപ്പില്ല. സംവിധായകന്‍ ഫാസിലിന്റെ കുടുംബത്തിലുളള ആരെങ്കിലും ആയിരിക്കും എന്നാണ് അവര്‍ കരുതുന്നത്.
“പേര് മാറ്റണം എന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല. പുതിയൊരു പേര് വേണമെന്ന് പറഞ്ഞപ്പോൾ ആരോ ഈ പേര് പറഞ്ഞു. നദിയ മൊയ്‌തു എങ്കിൽ അങ്ങനെ; അത്രയേ ഞാൻ കരുതിയുളളൂ. ഷൂട്ടിങ് കാണാൻ വരുന്നവരിൽ ചിലർ ആരാ ഈ ഇരിക്കുന്നതെന്ന് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇതൊരു പുതുമുഖം ആയിരിക്കും എന്നായിരുന്നു ഒരു പയ്യന്റെ കമന്റ്. ഏതായാലും ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചു വയ്‌ക്കാം, ഇനി നാളെയെങ്ങാനും വല്യ സ്റ്റാറായാൽ പിന്നെ ഓട്ടോഗ്രാഫ് കിട്ടില്ലെന്ന് വേറെ ഒരാള്‍.
ഓട്ടോഗ്രാഫിനായി അവർ വന്നപ്പോൾ എനിക്ക് ആകെ കൺഫ്യൂഷൻ. നദിയ മൊയ്‌തു എന്നാണോ അതോ സറീന മൊയ്‌തു എന്നാണോ ഒപ്പിടേണ്ടത്. ഫാസിൽ അങ്കിളിനോട് ചോദിച്ചു, ഞാനെന്താ ഒപ്പിടേണ്ടതെന്ന്. അദ്ദേഹം പറഞ്ഞു, ഇനി മുതല്‍ നദിയ മൊയ്‌തു എന്ന്.”
ആലപ്പുഴയിലും പരിസരത്തുമായിരുന്നു ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ന്റെ ചിത്രീകരണം. അഭിനയപരിചയമില്ലെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ നദിയക്ക് പ്രയാസമില്ലായിരുന്നു. ബോംബെയിലെ വീട്ടില്‍ മലയാളം പറഞ്ഞിരുന്നത് കൊണ്ട് മലയാളം പതിപ്പില്‍ ഡയലോഗ് പറഞ്ഞു അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചിത്രത്തില്‍ നദിയയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്. എന്നാല്‍ ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ഡയലോഗ് പറയാന്‍ താന്‍ വെള്ളം കുടിച്ചു പോയി എന്നും അവര്‍ ഓര്‍ക്കുന്നു.
“ഗേളി വല്യമ്മച്ചിയെ കാണാൻ വരുന്ന സീനില്‍ വല്യമ്മച്ചി കതക് അടയ്‌ക്കുമ്പോൾ അവളുടെ കൈവിരൽ കതകിൽ കുടുങ്ങുന്ന ഷോട്ട് ആയിരുന്നു ആദ്യം ചെയ്‌തത്. ഒറ്റ ടേക്കിൽ തന്നെ ആ സീൻ ശരിയായി. പക്ഷേ ‘നോക്കെത്താ ദൂരത്തിന്റ’ തമിഴ് റീമേക്കായ ‘പൂവേ പൂ ചൂട വാ’യിലെ ആ ഒരു സീൻ മാത്രം 10-16 ടേക്ക് എടുത്തു. ആ സീനിൽ ഒരുപാട് ഡയലോഗ് ഉണ്ടായിരുന്നു. തമിഴ് എനിക്കൊട്ടും അറിയില്ലായിരുന്നു, കേട്ടിട്ട് പോലുമില്ലായിരുന്നു. കുറേ ടേക്ക് ആയപ്പോള്‍ ഫാസിൽ അങ്കിൾ പറഞ്ഞു ഒരു ബ്രേക്ക് എടുക്കാം, ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ നാളെ ചെയ്യാമെന്ന്. പക്ഷേ ഞാൻ സമ്മതിച്ചില്ല. വളരെ കഷ്‌ടപ്പെട്ടാണ് ഡയലോഗ് വച്ചിരിക്കുന്നതെന്നും ഇന്നു തന്നെ തീർത്താലേ എനിക്ക് ഉറക്കം വരുളളൂവെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഒടുവില്‍ അന്നു തന്നെ ആ സീൻ എടുത്ത് തീർത്തു,” തന്നെ ഗേളിയാക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന് നല്‍കി കൊണ്ട് നദിയ തുടര്‍ന്നു.
“ഫാസിൽ എന്ന സംവിധായകനില്ലെങ്കില്‍ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമ ഇല്ല, ഗേളി എന്ന കഥാപാത്രമില്ല, നദിയ മൊയ്‌തു എന്ന നടിയുമില്ല.”
തന്റെ കഥാപാത്രങ്ങളെ നന്നായി അറിയാവുന്ന സംവിധായകനാണ് അദ്ദേഹം. ഓരോ സീനും എങ്ങനെ ചെയ്യണമെന്ന് അഭിനയിച്ചു കാണിച്ചു തരും. ഓരോ സീനിനെക്കുറിച്ചും വ്യക്തമായി പറഞ്ഞു തരും. ആ സീനിനു മുൻപ് എങ്ങനെയായിരുന്നു, അതു കഴിഞ്ഞിട്ട് എന്താണ് എന്നെല്ലാം പറഞ്ഞു തരും. ആ സിനിമയിലെ കൂടുതൽ സീനും സ്ക്രിപ്റ്റിലുളളതു പോലെത്തെ ഓര്‍ഡറിലാണ് എടുത്തത്. ചില സിനിമകളിലേതു പോലെ ആദ്യം ക്ലൈമാക്‌സ് രംഗങ്ങൾ ഷൂട്ട് ചെയ്ത്, പിന്നെ ഇടയ്‌ക്കുനിന്നും കുറച്ച് ഷൂട്ട് ചെയ്ത്, അങ്ങനെയല്ല,” ആദ്യമായി അഭിനയിക്കുന്ന ഒരാള്‍ക്ക് അത് വലിയ സഹായമാണ് എന്നും നദിയ അടിവരയിടുന്നു. ആ ചിത്രത്തില്‍ ഫാസിലിന്റെ സംവിധാന സഹായികള്‍ ആയിരുന്ന സിദ്ദിക്ക്-ലാലിന്റെ സഹായങ്ങള്‍ ഒരിക്കലും മറക്കാന്‍ ആവില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സംഭാഷണങ്ങള്‍ പഠിപ്പിക്കുന്നതിലും മറ്റും സിദ്ദിക് കാണിച്ച ക്ഷമ ഇന്നും അത്ഭുതപ്പെടുത്തുന്നുണ്ട് എന്നും നദിയ.
“വളരെ രസകരമായിരുന്നു ഷൂട്ടിങ്. ഷോട്ടിനിടയ്‌ക്ക് സമയം കിട്ടുമ്പോഴൊക്കെ ഫാസിൽ അങ്കിൾ എല്ലാവരെയും കളിയാക്കും. ലാലും സിദ്ദിഖും മിമിക്രി കാണിക്കും. ഒരു സിനിമയിൽ അഭിനയിക്കുകയാണെന്ന് തോന്നുകയേയില്ല. പതമിനി ആന്റി, തിലകൻ ചേട്ടൻ, നെടുമുടി വേണു തുടങ്ങി ആ സിനിമയിൽ എന്റെ കൂടെ അഭിനയിച്ചവരുടെ മൂല്യം ഞാൻ മനസ്സിലാക്കുന്നത് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ചെയ്‌ത് പിന്നെ ഒന്നു രണ്ടു സിനിമകൾ കൂടി ചെയ്‌തു കഴിഞ്ഞപ്പോഴാണ്. പത്മിനി ആന്റിയുടെ ഒന്നു രണ്ടു സിനിമകൾ ഹിന്ദിയിൽ ഞാൻ കണ്ടിട്ടുള്ളതൊഴിച്ചാല്‍ മറ്റാരെയും അറിയില്ലായിരുന്നു. അവരൊക്കെ എത്ര വലിയ ആർട്ടിസ്റ്റുകളാണെന്നും അവരോടൊപ്പം തുടങ്ങാന്‍ കഴിഞ്ഞതിന്റെ ഭാഗ്യവുമൊക്കെ പിന്നീടാണ് മനസ്സിലാകുന്നത്.”
എന്നാല്‍ സിനിമയിലെ നായകന്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ താന്‍ നേരത്തെ കണ്ടിരുന്നു എന്നും നദിയ.
“തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നത്തെ താരപദവിയിലേക്കുള്ള വളര്‍ച്ചയുടെ തുടക്കമായിരുന്നു ‘നോക്കെത്താദൂരത്ത്’ തുടങ്ങിയ ചിത്രങ്ങളൊക്കെ. ബോംബെയില്‍ വച്ച് ഒരു പാട് ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല. പക്ഷെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കണ്ടിട്ടുണ്ടായിരുന്നു. അത് ഫാസിൽ അങ്കിളിന്റെ സിനിമയായിരുന്നല്ലോ…”
ആദ്യ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച നായകന്‍റെ കൂടെ മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിച്ചഭിനയിക്കുകയാണ് നദിയ വീണ്ടും; ജൂലൈ 14 ന് റിലീസ് ചെയ്യുന്ന ‘നീരാളി’യില്‍ അദ്ദേഹത്തിന്റെ ഭാര്യാ വേഷത്തില്‍.
“ഒപ്പം ചെയ്യുന്ന സീനിലല്ലാതെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ചെയ്യുന്ന സമയത്ത് ലാലേട്ടനുമായി അധികം സംസാരിച്ചിട്ടില്ല. എന്നെക്കാളും കൂടുതൽ എന്റെ മാതാപിതാക്കളുമായിട്ടാണ് അദ്ദേഹം ഇടപെടുക. സീൻ ചെയ്യുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തോടും സംവിധയകനോടും ഇങ്ങനെയാണോ ചെയ്യേണ്ടതെന്ന് ഞാൻ ചോദിക്കും, അവര്‍ അവരുടെ അഭിപ്രായം പറയും. അതിൽ കവിഞ്ഞൊരു സൗഹൃദത്തിനുള്ള സമയമോ സാധ്യതയോ അവിടെയില്ലായിരുന്നു. പിന്നെ അതൊരു ഹീറോ-ഹീറോയിൻ പടമല്ലായിരുന്നില്ലല്ലോ, ക്യാരക്‌ടർബേസ്ഡ് സിനിമയല്ലേ..,” നദിയ വിശദീകരിച്ചു.
ആദ്യ ചിത്രത്തില്‍ നന്നായി അഭിനയിച്ചിട്ടും, സിനിമയില്‍ സജീവമാകണമെന്ന് നദിയയ്ക്ക് തോന്നിയില്ല. ഷൂട്ടിങ് കഴിഞ്ഞ ഉടന്‍ തന്നെ അവര്‍ ബോംബെയ്‌ക്ക് മടങ്ങി പോയി. തനിക്ക് ഒരുപാട് ആരാധകരുണ്ടെന്നതിനെക്കുറിച്ചൊന്നും അറിയാതെ ആ പെണ്‍കുട്ടി തന്റെ കോളേജ് ജീവിതം തുടര്‍ന്നു.
വിധിയുടെ ഇടപെടല്‍ പോലെ വീണ്ടും ഫാസില്‍ വിളിക്കുകയാണ്, സിനിമ ഹിറ്റായെന്നും കേരളത്തിൽ വരണമെന്നും ആവശ്യപ്പെട്ടു കൊണ്ട്. അങ്ങനെ നദിയ വീണ്ടും കേരളത്തിൽ എത്തി.
“ആ സമയത്ത് കുറേ തിയേറ്ററുകളിൽ പോയിരുന്നു. എല്ലായിടത്തും വലിയ തിരക്ക്. എന്നെ കാണാനായി ആൾക്കാർ എന്റെ കാറിലേക്ക് വീഴുന്നതും പൊലീസുകാർ അവരെ അടിക്കുന്നതും ഞാൻ കണ്ടു. അതു കണ്ടപ്പോൾ ഞാൻ പറഞ്ഞു, കാറിൽ നിന്നും ഞാൻ ഇറങ്ങി കുറച്ചു നേരം പുറത്തു നിൽക്കാമെന്ന്. പക്ഷേ കാറിൽ നിന്നും ഇറങ്ങാനേ പാടില്ലാന്നു പറഞ്ഞ് എന്നെ വിലക്കി. എന്നെ കാണാനായി വലിയ ആൾക്കൂട്ടം തന്നെ എല്ലാ തിയേറ്ററിലും ഉണ്ടായിരുന്നു. അതെനിക്കൊരു പുതിയ അനുഭവമായിരുന്നു,” ആരാധകരുടെ ഈ സ്നേഹമോന്നും പക്ഷെ നദിയയെ ഒട്ടും പിടിച്ചു കുലുക്കിയില്ല. സിനിമ റിലീസായി നാലോ അഞ്ചോ മാസം കഴിഞ്ഞിട്ടും ഒരു സിനിമയും അവര്‍ ഏറ്റെടുത്തില്ല. സിനിമ ചെയ്യണോ അതോ കോളേജിൽ പോണോ എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു എന്നാണ് അതിനെക്കുറിച്ച് അവര്‍ പറഞ്ഞത്. പിന്നെ സിനിമകൾ ധാരാളമായി വരാൻ തുടങ്ങിയപ്പോൾ ‘ഇതായിരിക്കും എനിക്ക് വിധിച്ചതെന്ന്’എന്ന ഒരു തോന്നലിലാണ് ‘ശ്യാമ’, ‘ഒന്നിങ്ങു വന്നെങ്കിൽ’ തുടങ്ങിയ സിനിമകളൊക്കെ ചെയ്‌തത് എന്നും നദിയ കൂട്ടിച്ചേര്‍ത്തു.
“ദീപാവലി, ക്രിസ്‌മസ് അവധിയ്‌ക്കാണ് ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ സിനിമയിൽ അഭിനയിച്ചത്. അവധി സമയത്തേ സിനിമ ചെയ്യാൻ പറ്റൂവെന്ന് ഫാസിൽ അങ്കിളിനോട് നേരത്തെ പറഞ്ഞിരുന്നു. ഈ സിനിമ കഴിഞ്ഞിട്ട് ചെയ്‌ത പടവും ഹോളിഡേ സമയത്തായിരുന്നു. വെക്കേഷൻ ആർട്ടിസ്റ്റാണ് നദിയ എന്ന് പറഞ്ഞ് മണിയൻപിളള രാജു എപ്പോഴും കളിയാക്കുമായിരുന്നു. ആൾക്കാർ എന്നെ ഓർക്കുന്നതും നേരിട്ട് കാണുമ്പോഴുളള അവരുടെ സ്‌നേഹവും എനിക്ക് ഒരുപാട് സന്തോഷം തരുന്നുണ്ട്. ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ സിനിമ ചെയ്യുന്ന സമയത്ത് എനിക്കത് മനസ്സിലായില്ല. അപ്പോൾ എനിക്ക് ചെറിയ പ്രായമല്ലേ,” പ്രായത്തെ വെല്ലുന്ന ചുറുചുറുക്കോടെ നദിയ പറഞ്ഞു നിര്‍ത്തി.
ചിത്രങ്ങള്‍ക്ക് കടപ്പാട്: നദിയ മൊയ്തു