എത്രവർഷം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ചില സിനിമകൾ ഉണ്ടാകും. അതിലൊന്നാണ് ‘ഇരുവർ.’ തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്‌പദമായൊരുക്കിയ ചിത്രം ഇന്നും പ്രേക്ഷകമനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രങ്ങളിലൊന്നാണ്. മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ സമ്മാനിച്ച ഈ പൊളിറ്റിക്കല്‍ ഡ്രാമയിലൂടെയായിരുന്നു ഐശ്വര്യറായ് എന്ന അഭിനേത്രി അരങ്ങേറ്റം കുറിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛയാഗ്രഹണം നിർവഹിച്ചതാവട്ടെ സന്തോഷ് ശിവനും.
ഇരുവറിന്റെ ചിത്രീകരണത്തിനിടെ പകർത്തിയ ഒരു അപൂർവ്വ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താരങ്ങളും അണിയറപ്രവർത്തകരും ഒന്നിച്ച് ഒരു തോണിയിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രമാണിത്. സംവിധായകൻ മണിരത്‌നം, ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, നായകൻ മോഹൻലാൽ, നായിക ഐശ്വര്യ റായ്, സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ, നൃത്തസംവിധായിക സരോജ് ഖാൻ എന്നിവരെയെല്ലാം ചിത്രത്തിൽ കാണാം. ചിത്രത്തിലെ ‘വെണ്ണിലാ വെണ്ണിലാ’ എന്ന ഗാനം ആഗ്ര-യമുനാ നദിയിൽ ചിത്രീകരിക്കുന്നതിനിടയിൽ എടുത്തതാണ് ഈ ചിത്രം.
1997ല്‍ ആണ് ‘ഇരുവർ’ റിലീസ് ചെയ്തത്. തമിഴക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ എം ജി ആര്‍, കരുണാനിധി ദ്വയത്തിന്റെ ആദ്യ കാല ചരിത്രം പറഞ്ഞ സിനിമയില്‍ എം ജി രാമചന്ദ്രനായി മോഹന്‍ലാലും കരുണാനിധിയായി പ്രകാശ് രാജുമെത്തിയപ്പോൾ ജയലളിതയുമായി സാമ്യമുള്ള കഥാപാത്രത്തെയാണ് ഐശ്വര്യാ റായ് അവതരിപ്പിച്ചത്. സെന്താമര എന്ന കഥാപാത്രത്തെയാണ് തബു അവതരിപ്പിച്ചത്. തനിക്കു ഏറ്റവും സംതൃപ്തി തന്ന ചിത്രം ‘ഇരുവർ’ ആണെന്ന് സംവിധായകനും സിനിമോട്ടോഗ്രാഫറുമായ സന്തോഷ് ശിവൻ നേരത്തെ പറഞ്ഞിട്ടുണ്ട്.