വേഷപ്പകർച്ചകൾ കൊണ്ട് എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടന്മാരിൽ ഒരാളാണ് കമലഹാസൻ. അപൂർവ സഹോദരങ്ങൾ, പുഷ്പക വിമാനം, ഇന്ദ്രന് ചന്ദ്രന്, മൈക്കള്‍ മദന കാമരാജന്‍, അപൂര്‍വ്വസഹോദരങ്ങള്‍, തെന്നാലി, ദശാവതാരം എന്നിങ്ങനെ എത്രയോ ചിത്രങ്ങളിലൂടെ വേഷപ്പകർച്ച നടത്തി അമ്പരപ്പിച്ചിട്ടുണ്ട്. ഉലകനായകൻ കമല്‍ഹാസന്റെ 67-ാം പിറന്നാളായിരുന്നു നവംബർ ഏഴിന്. പിറന്നാൾ ദിനത്തിൽ പ്രശസ്ത സിനിമോട്ടോഗ്രാഫറായ പിസി ശ്രീറാം ഷെയർ ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇന്ത്യൻ സിനിമയിൽ അറുപത്തി രണ്ടു വർഷങ്ങൾ പൂർത്തിയാക്കുകയാണ് കമൽഹാസൻ. 1959 ആഗസ്ത് 12 നായിരുന്നു കമൽഹാസൻ ബാലതാരമായി അഭിനയിച്ച ആദ്യ ചിത്രം ‘കളത്തൂർ കണ്ണമ്മ’ റിലീസ് ചെയ്തത്. ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരവും കമലഹാസനെ തേടിയെത്തി.
ആറു പതിറ്റാണ്ടു നീളുന്ന അഭിനയ ജീവിതത്തിനിടെ വിവിധ ഇന്ത്യൻ ഭാഷകളിലായി 150 ലേറെ സിനിമകളിലാണ് കമൽഹാസൻ വേഷമിട്ടത്. നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനായില്ലെങ്കിലും കമൽഹാസന്റെ കരിയറിലെ നാഴികക്കല്ലായി കണക്കാക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഹേ റാം’. 2000 ത്തിലാണ് ചിത്രം റിലീസിനെത്തിയത്. ഹിന്ദു-മുസ്ലിം ആക്രമണങ്ങൾക്കു പിറകിലെ സങ്കീർണ്ണമായ പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ച ആദ്യത്തെ ഇന്ത്യൻ ചിത്രമായ ‘ഹേ റാം’ രാജ്യത്തിന്റെ പലഭാഗങ്ങളിലും അക്കാലത്ത് വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, ചിത്രം സംവിധാനം ചെയ്തതും കമൽഹാസനായിരുന്നു. ഷാരൂഖ് ഖാൻ, റാണി മുഖർജി, ഗിരീഷ് കർണാട്, അതുൽ കുൽക്കർണി തുടങ്ങിയവർ അഭിനയിച്ച ചിത്രം മൂന്ന് ദേശീയ അവാർഡുകളും നേടി. ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രം ഇന്ത്യൻ ചരിത്രത്തിലെ വിവാദ സംഭവങ്ങളായ ബാർബറി മസ്ജിദ്, ഗാന്ധി വധം തുടങ്ങിയവയെ കുറിച്ചു കൂടിയാണ് സംസാരിച്ചത്.