ഒരുപാട് കഥകൾ പറയാനുണ്ടാവും ഓരോ ചിത്രങ്ങൾക്കും. ഓർമ്മയിൽ നിന്നും ഒരു പഴയചിത്രം ഷെയർ ചെയ്തിരിക്കുകയാണ് നടൻ ഹൃത്വിക് റോഷൻ. അമിതാഭ് ബച്ചനൊപ്പം നിൽക്കുന്ന കുഞ്ഞു ഹൃത്വികിനെയാണ് ചിത്രത്തിൽ കാണാനാവുക.
“നമ്മിൽ ഓരോരുത്തരിലും അമിതാഭ് ബച്ചൻ ഉണ്ട്. ഈ മനുഷ്യനെ കാണുമ്പോഴെല്ലാം ഞാൻ അത്ഭുതത്തോടെ വാ പിളർന്ന് നോക്കിയിരിക്കും,” ബച്ചന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവച്ച കുറിപ്പിൽ ഹൃത്വിക് റോഷൻ കുറിച്ചതിങ്ങനെ.
1979ൽ ബോംബെ മെഹബൂബ് സ്റ്റുഡിയോയിൽ നിന്നും പകർത്തിയതാണ് ചിത്രമെന്ന് ഹൃത്വിക് പറയുന്നു. : “മേരെ പാസ് ആവോ എന്ന ഗാനത്തിലെ ഒരു വരി പാടാൻ ഞാൻ സമ്മതിച്ചതിന് ശേഷം എന്റെ ചാച്ച ശ്രീ. രാജേഷ് റോഷൻ മിസ്റ്റർ നട്‌വർലാലിന്റെ പാട്ട് റെക്കോർഡിംഗിനായി എന്നെ കൊണ്ടുപോയി. മുകളിലെ ചിത്രത്തിൽ എന്റെ മുഖത്ത് വളരെ വ്യക്തമായി കാണാവുന്ന കാരണങ്ങളാൽ അവസാന നിമിഷം ഞാൻ പിന്മാറി,” ഹൃത്വിക് കുറിച്ചു.
ബാലതാരമായിട്ടായിരുന്നു ഹൃത്വികിന്റെ സിനിമ അരങ്ങേറ്റം. 1980ൽ ആശ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുമ്പോൾ ഹൃത്വികിന് പ്രായം ആറു വയസ്സ്. ഏതാനും ചില ചിത്രങ്ങളിൽ കൂടി അക്കാലഘട്ടത്തിൽ ഹൃത്വിക് അഭിനയിക്കുകയുണ്ടായി. 1995-ൽ ഇറങ്ങിയ കരൺ അർജുൻ, 1997ൽ റിലീസ് ചെയ്ത കോയ്‌ല എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായും ഋത്വിക് പ്രവർത്തിച്ചിരുന്നു.
നായകവേഷത്തിൽ ഹൃത്വിക് ആദ്യമായി അഭിനയിച്ച ചിത്രം കഹോ ന പ്യാർ ഹേ (2000) ആയിരുന്നു. വൻ വിജയമായ ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനും പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ഹൃത്വികിന് ലഭിച്ചു. കോയി മിൽ ഗയ, ക്രിഷ്, ധൂം 2, ഫിസ, ജോധ അക്ബർ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻ നിരനടന്മാരിൽ ഒരാളായി ഹൃത്വിക് മാറി.