61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട് നടക്കുമ്പോൾ, പഴയൊരു കലോത്സവ ഓർമ പങ്കുവയ്ക്കുകയാണ് നടൻ യദു കൃഷ്ണൻ. 35 വർഷങ്ങൾക്കു മുൻപ് കലോത്സവ വേദിയിൽ വച്ച് അന്നത്തെ മുഖ്യമന്ത്രിയായ കരുണാകരനിൽ നിന്നും കപ്പ് ഏറ്റുവാങ്ങുന്ന ചിത്രമാണ് യദു കൃഷ്ണൻ ഷെയർ ചെയ്തിരിക്കുന്നത്.
“സ്കൂൾ കലോത്സവം നടക്കുന്ന ഈ വേളയിൽ ഒരു പഴയ ചിത്രം പങ്കുവക്കുന്നു. 1988ലെ കലോത്സവത്തിൽ ലഭിച്ച ആദ്യത്തെ സ്വർണക്കപ്പ്,കൂടുതൽ പോയിന്റ് നേടിയ തിരുവനന്തപുരം ജില്ലക്കു വേണ്ടി,കൂടുതൽ പോയിന്റ് കിട്ടിയ മോഡൽ സ്കൂളിന് വേണ്ടി അന്നത്തെ മുഖ്യമന്ത്രി ശ്രീ കരുണാകാരനിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ. ഗുരുനാഥനായ ശ്രീ ജയദേവ വർമ്മയെയും ഊർജവും ശക്തിയുമായ അമ്മയെയും സ്മരിക്കുന്നു,” യദു കുറിക്കുന്നു.
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് യദു കൃഷ്ണൻ. ബാലതാരമായി എത്തി പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും സജീവമാകുകയായിരുന്നു യദു. 1986 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു യദുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.
സന്മനസ്സുള്ളവർക്ക് സമാധാനം, ഉണ്ണികളെ ഒരു കഥ പറയാം, കിരീടം, കമലദളം, ചെങ്കോൽ, കിരീടം, മീനത്തിൽ താലിക്കെട്ട്, പെരുമഴക്കാലം, കയ്യെത്തും ദൂരത്ത്, തൊമ്മനും മക്കളും, സ്പീഡ്, വൺ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ യദു കൃഷ്ണൻ വേഷമിട്ടിട്ടുണ്ട്.