കപൂർ കുടുംബത്തിന്റെ മനോഹരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഫൊട്ടോഗ്രാഫർ ദാബൂ രത്നാനി. ശ്രീദേവിയും ഭർത്താവ് ബോണി കപൂറും മക്കളായ ജാൻവിയും ഖുഷിയും ചേർന്നുളള പഴയകാല ഫൊട്ടോയാണ് ദാബൂ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തത്. പരമ്പരാഗത വേഷത്തിലാണ് നാലുപേരും ചിത്രത്തിലുളളത്.
Read Also: ഡ്രെസിങ് റൂമിൽ ഇപ്പോഴും അമ്മയുടെ മണമുണ്ട്: ലോക്ക്ഡൗണിൽ ശ്രീദേവിയെ ഓർത്ത് മകൾ ജാൻവി
കപൂർ കുടുംബത്തിന്റെ ഫോട്ടോഷൂട്ടിൽ നിന്നുള്ളൊരു ചിത്രമാണിത്. ദാബൂ രത്നാനി ആയിരുന്നു ചിത്രങ്ങൾ പകർത്തിയത്. ”ഒരു ചിത്രം ആയിരം വാക്കുകൾക്ക് മൂല്യമുള്ളതാണ്, പക്ഷേ ഓർമ്മകൾ അമൂല്യമാണ്” എന്ന ക്യാപ്ഷനോടെയാണ് ദാബൂ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.
ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300 ലധികം സിനിമകളിൽ അഭിനയിച്ച നടി ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാറാണ്. ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്. ശ്രീദേവി വിടപറഞ്ഞ് രണ്ടു വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിലാണ് ആരാധകരും കുടുംബാംഗങ്ങളും.
ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളാണ് ശ്രീദേവിക്ക്. ‘ധടക്’ സിനിമയിലൂടെ ജാൻവി ബോളിവുഡിലേക്കെത്തിയിരുന്നു. അതുകഴിഞ്ഞ് സോയ അക്തറിന്റെ ആന്തോളജി ഫിലിം ‘ഗോസ്റ്റ് സ്റ്റോറീസി’ൽ അഭിനയിച്ചു. ഗുഞ്ചൻ സക്സേനയുടെ ബയോപിക്, ഹൊറർ കോമഡി സിനിമ ‘റൂഹിഅഫ്സാന’, ‘ദോസ്താന 2’ എന്നിവയാണ് ജാൻവിയുടെ അടുത്ത ചിത്രങ്ങൾ.