മലയാള സിനിമയിൽ തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. അക്കാലത്ത് സ്റ്റേജ് ഷോകളിലെ താരം കൂടിയായിരുന്നു ദിവ്യ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.
ദിവ്യ ഉണ്ണിയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സ്കൂൾകാലത്ത് രാമായണവാരത്തിനോട് അനുബന്ധിച്ച് സീതയുടെ വേഷം കെട്ടിയ ഒരോർമ്മചിത്രമാണ് ദിവ്യ ഷെയർ ചെയ്യുന്നത്. അമ്മയുടെ സാരി ചുറ്റിയാണ് സീതയുടെ വേഷം കെട്ടിയതെന്ന് താരം ഓർക്കുന്നു. “ആ രാമന്റെ കയ്യിലുള്ളത് ഒരു ക്രിക്കറ്റ് ബാറ്റാണെന്നാണ് എന്റെ ഓർമയെന്നും,” ദിവ്യ കുറിക്കുന്നു.
View this post on Instagram
മിസ് ആലുവ പട്ടം നേടിയപ്പോൾ എടുത്തൊരു ചിത്രവും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ദിവ്യ ഉണ്ണി ആരാധകർക്കായി പോസ്റ്റ് ചെയ്തിരുന്നു.
View this post on Instagram
Read more: ആരാണ് മികച്ച നർത്തകി? മത്സരിച്ച് ചുവടുവെച്ച് മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും; വീഡിയോ
നൃത്തവും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുമൊക്കെ ആസ്വദിച്ച് കഴിയുകയാണ് താരം ഇപ്പോൾ. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയിരുന്നു. ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം. മകൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ഒരു അഭിമുഖത്തിൽ മുപ്പത്തിയേഴാം വയസിൽ അമ്മയായ അനുഭവവും ദിവ്യ പങ്കുവച്ചിരുന്നു. “പ്രായത്തെ കുറിച്ചോർത്ത് ആദ്യം ഉത്കണ്ഠകൾ ഉണ്ടായിരുന്നെങ്കിലും സാധാരണ പ്രസവം തന്നെയായിരുന്നു. ഗർഭകാലത്തുണ്ടാവുന്ന മോണിങ്ങ് സിക്ക്നസ് ഒക്കെ എനിക്കുമുണ്ടായിരുന്നു.അതോർത്ത് ഒരു കാര്യവും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. രണ്ടാം മാസം മുതൽ തന്നെ ഡാൻസ് ചെയ്തു. അത് അവസാന എട്ടുമാസത്തോളം നീണ്ടു എന്നതാണ് വലിയ കാര്യം.”
“തലേ ദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ പ്രസവാനന്തര ശുശ്രൂഷകളും. പതിയെയാണ് നൃത്തപരിശീലനങ്ങളിലേക്ക് തിരിച്ചെത്തിയത്. ഓരോ ഘട്ടങ്ങളായി പ്രാക്റ്റീസ് പുനരാരംഭിച്ചു. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ…. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്നു തോന്നുന്നു,” ദിവ്യ ഉണ്ണി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ. അടുത്തിടെ മകളുടെ ചോറൂൺ ചിത്രങ്ങളും ദിവ്യ പങ്കുവച്ചിരുന്നു.
ഹൂസ്റ്റണിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില് വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.
Read more: ഉണ്ണിക്കണ്ണന് നൃത്താർച്ചനയുമായി ദിവ്യ ഉണ്ണി
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook