തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടന് മമ്മൂട്ടി വോട്ട് ചെയ്തു. പൊന്നുരുന്നി സികെസി എല്‍പി സ്കൂളില്‍ എത്തിയാണ് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തത്. നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്നു. മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതോടെ പോളിങ് ബൂത്തില്‍ ആളുകളും മാധ്യമപ്രവർത്തകരും തടിച്ചുകൂടി. മാധ്യമങ്ങളോട് സംസാരിക്കാതെ വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു താരം.
ഹരിശ്രീ അശോകൻ, രഞ്ജി പണിക്കർ, ജനാർദ്ദനൻ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും രാവിലെ തന്നെ പോളിങ് ബൂത്തിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍.പി സ്കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് ഹരിശ്രീ അശോകൻ വോട്ട് രേഖപ്പെടുത്തിയത്. നടന് ജനാര്ദ്ദനന് വെണ്ണല ഹൈസ്കൂളിലും ബാലചന്ദ്രന് ചുള്ളിക്കാട് ഗവ. ബിടിഎസ് എൽപി സ്കൂള്‍ ബൂത്ത് 16ലുമാണ് വോട്ട് ചെയ്തത്.
കടവന്ത്രയിലെ 105-ാം നമ്പർ ബൂത്തിലാണ് രഞ്ജി പണിക്കർ വോട്ട് ചെയ്തത്. “സർക്കാരിനെ ജനങ്ങൾ വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും ഇത്. കോൺഗ്രസിന്റെ പുതിയ നേതൃത്വത്തിന് വലിയ പരീക്ഷയും പരീക്ഷണവുമായിരിക്കും ഈ തിരഞ്ഞെടുപ്പ്. കേരളത്തിൽ വളരെ കലുഷിതമായി കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമാണുള്ളത്,” രഞ്ജി പണിക്കർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞതിങ്ങനെ.
രാവിലെ കൃത്യം ഏഴ് മണിക്ക് തന്നെ ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഒമ്പത് മണിവരെ 15.93 ശതമാനമാണ് പോളിങ്. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. പോളിങ് ബൂത്തുകളിൽ എല്ലാം നീണ്ട നിരയാണ് ഇപ്പോഴും. സ്ഥാനാർഥികളായ ഉമാ തോമസും ജോ ജോസഫും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്കലും പടമുകള്‍ ഗവ.യുപി സ്കൂളിലെ 140 ആം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് പൈപ്പ്ലൈൻ ജങ്ഷനിലെ പോളിങ് ബൂത്തിലെത്തി വോട്ടുചെയ്തു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല.
മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. ഇതിൽ 3633 പേർ കന്നി വോട്ടർമാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും വോട്ടർമാരിലുണ്ട്.