“എല്ലാറ്റിന്റെയും തുടക്കം ഇവിടെ നിന്നായിരുന്നു, പ്രേമം…”, ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി മനസ്സുകളില്‍ ഇടം നേടിയ സായ് പല്ലവി എന്ന നായിക ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ. മെഡിസിന് വിദ്യാര്‍ഥിനിയായിരുന്ന അവര്‍ സിനിമാ രംഗത്തേക്ക് എത്തിയത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ ‘പ്രേമം’ എന്ന ചിത്രത്തിലൂടെയായിരുന്നു.
മലയാള സിനിമയുടെ തുടക്കകാലം മുതല്‍ പലരും പല വട്ടം, പലതരത്തില്‍ അഭ്രപാളികളില്‍ പ്രമേയവത്കരിക്കാന്‍ ശ്രമിച്ച വിഷയമാണ് പ്രേമം. പ്രേമത്തെ കുറിച്ച് ഇത്രയൊക്കെ വാചാലരായിട്ടും ‘പ്രേമം’ എന്ന പേരില്‍ ഒരു സിനിമ വന്നത് മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു മാത്രമാണ്. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ‘പ്രേമം’ മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളെ തന്നെ മാറ്റി എഴുതി.
ഒരാളുടെ ജീവിതത്തില്‍ മൂന്നു കാലഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയമാണ് ഈ ചിത്രത്തിലൂടെ അല്‍ഫോണ്‍സ് പുത്രന് പറഞ്ഞത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ മറ്റൊരുത്തന് തട്ടിയെടുക്കുകയും പിന്നീട് ഡിഗ്രി അവസാന വർഷം കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി വരുന്ന അധ്യാപികയോട് ജോർജിന് തോന്നുന്ന പ്രണയം ഒരു ദുരന്തത്തിൽ അവസാനിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മുപ്പതാം വയസില്‍ ആദ്യത്തെ പ്രണയിനി മേരിയുടെ അനിയത്തിയുമായുളള പ്രണയം പൂവണിയുന്നു.
‘പ്രേമം’ മൂന്ന് വര്‍ഷം തികയ്ക്കുന്ന സന്തോഷം നിവിന്‍ പോളിയും ട്വിറ്ററിലൂടെ പങ്കുവച്ചു.
3 years of Premam 🙂 pic.twitter.com/wH5MZtmyXc
— Nivin Pauly (@NivinOfficial) May 29, 2018
ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ‘ആലുവാ പുഴയുടെ തീരത്ത്’ എന്ന പാട്ടായിരുന്നു ആദ്യം പുറത്തിറങ്ങിയത്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റേയും പുതുമുഖം അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന്റേയും സ്കൂള്‍ കാല പ്രണയമായിരുന്നു ഈ ഗാനം. ചുരുണ്ട മുടി മുന്നിലേക്കിട്ടു നടക്കുന്ന മേരിയുടെ പിന്നാലെയായിരുന്നു അന്ന് യുവത്വം മുഴുവനും.
ആലുവാ പുഴയില്‍ നിന്നും മുങ്ങി നിവരുന്നതിനു മുമ്പേ മലരെത്തി. മലയാളക്കര മുഴുവന്‍ ഏറ്റുപാടി ‘മലരേ നിന്നേ കാണാതിരുന്നാല്‍…’ എന്ന്. മലര് മിസ് എന്ന സായ് പല്ലവിയുടെ കഥാപാത്രത്തെ അക്കാലത്ത് മലയാളത്തിലെ മുഴുവന്‍ ചെറുപ്പക്കാരും പ്രേമിച്ചിരിക്കണം. തങ്ങളുടെ കോളേജിലും അങ്ങനെയൊരു മലര് മിസ് ഉണ്ടായിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിക്കാത്തവരുണ്ടാകില്ല.
അതു വരെയുണ്ടായിരുന്ന നായികാ സൗന്ദര്യ സങ്കല്പ്പത്തിലും ഒരൽപം മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം. മുഖക്കുരുവുള്ള നായികമാരെയൊന്നും പൊതുവെ മലയാളത്തില്‍ കാണാറില്ലായിരുന്നു. ഈ പാട്ട് ഇറങ്ങിയതിനു ശേഷം ബസിലും കാറിലും മുതല്‍ ഫോണിന്റെ റിങ് ടോണ്‍ വരെ മലരായിരുന്നു.
ചിത്രത്തിലെ പാട്ടുകളും സംഭാഷണങ്ങളും ജോര്‍ജ്, കോയ, ശംഭു എന്നിവരുടെ സൗഹൃദവും, ഗിരിരാജന്‍ കോഴിയുടെ തമാശകളുമെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. താടി വച്ച നിവിന്‍ പോളിയെ അനുകരിക്കാനുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടത്. കോളേജുകളില്‍ ഓണാഘോഷത്തിന് കറുത്ത കുര്‍ത്തയും മുണ്ടും കട്ടിത്താടിയും ട്രെന്‍ഡായി.
കേരളത്തിലെ വിപണിയെ നല്ല രീതിയില്‍ ഉപയോഗിച്ച ചിത്രം തന്നെയായിരുന്നു പ്രേമം. മലയാളികളുടെ പള്‍സറിയുന്ന സംവിധായകനാണെന്ന് അല്‍ഫോണ്‍സ് പുത്രന് പ്രേമത്തിലൂടെ തെളിയിച്ചു. എടുത്തു പറയത്തക്ക കലാമൂല്യമുള്ളൊരു ചിത്രമല്ലെങ്കിലും, ഏകദേശം 35 വയസുവരെയുള്ള പ്രേക്ഷകരെ പ്രേമം കൈയ്യിലെടുത്തു എന്നു പറയാതെ വയ്യ.
നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് തന്നെ ഒരുക്കിയ ‘നേര’ത്തിനു ശേഷം പുറത്തു വന്ന ചിത്രമായിരുന്നു ഇത്. പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രം എന്നായിരുന്നു സംവിധായകന് സിനിമയെ കുറിച്ചു പറഞ്ഞിരുന്നത്. അത്തരത്തില്‍ ആ ടാഗ് ലൈന്‍ വളരെ ഉചിതവുമായിരുന്നു ‘പ്രേമ’ത്തിന്.
‘പ്രേമ’ത്തില്‍ പ്രേമമുണ്ടായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ തന്നെയാണ്. എങ്കിലും ‘പ്രേമം’ പരസ്യത്തിലൂടെ പ്രേക്ഷകരെ പറ്റിച്ചിട്ടില്ല.