വിക്രം വേദ, ഡണ്‍കിര്‍ക്ക്, മീസയാ മുറുക്ക്; ബാഹുബലിക്ക് ശേഷം ബോക്സോഫീസ് ഭരിച്ച് മൂന്ന് ചിത്രങ്ങള്‍
വിജയ് സേതുപതി- മാധവന്‍ കൂട്ടികെട്ടിന്റെ വിക്രം വേദ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. തമിഴ്നാട്ടില്‍ കൂടാതെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അതേസമയം യാതൊരു അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത ‘മീസയാ മുറുക്ക്’ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ഇരു ചിത്രങ്ങളും ജൂലൈ 21നാണ് റിലീസ് ചെയ്തത്.

ആദി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മീസയാ മുറുക്ക്. ആദി തന്നെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ തന്നെ കഥയാണ് ആദി ചിത്രത്തിന്റെ പ്രമേയമാക്കിയിരിക്കുന്നത്.
ഇത് കൂടാതെ ക്രിസ്റ്റഫര്‍ നോളന്റെ യുദ്ധചിത്രം ഡണ്‍കിര്‍ക്കും ഇന്ത്യയില്‍ മികച്ച രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്.

1940ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് തീരത്ത് പെട്ടുപോകുന്നതാണ് പ്രമേയം. ഡണ്‍കിര്‍ക്ക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ അനുഭവങ്ങളാണ് സിനിമ പറയുന്നത്.  പ്രമേയത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തീവ്രതയേറിയ അനുഭവാക്കു മാറ്റുന്നതില്‍ നോളന്‍ വിജയിച്ചിട്ടുണ്ട്. കാഴ്ച്ചക്കാരന്റെ നോട്ടത്തിലൂടെയാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും മുന്നോട്ട് പോകുന്നത്. വെളളത്തിലും കരയിലും ആകാശത്തും കഥാപാത്രങ്ങള്‍ക്കൊപ്പം കാഴ്ച്ചക്കാരനും സാക്ഷിയാവുന്ന അപൂര്‍വ്വ അവതരണം തന്നെയാണ് ചിത്രം. തിരക്കഥയ്ക്കപ്പുറം ദൃശ്യത്തിനൊപ്പം പ്രേക്ഷകനെ കൈപിടിച്ച് നടത്തിയ ഛായാഗ്രാഹകന്റെ മികവാണ് മുന്നിട്ട് നില്‍ക്കുന്നത്.

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസില്‍ തേരോട്ടം നടത്തുന്നത് വിക്രം വേദയും ഡണ്‍കിര്‍ക്കും മീസയാ മുറുക്കുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി നിലവില്‍ വന്നതിന് പിന്നാലെ സിനിമാ ടിക്കറ്റിന് വില വര്‍ദ്ധിച്ചത് പ്രതിസന്ധി ഉണ്ടാക്കുമെന്ന് കരുതിയെങ്കിലും ഈ ചിത്രങ്ങളെ അത് ബാധിച്ചിട്ടില്ല. നല്ല ചിത്രങ്ങള്‍ക്ക് ഏത് വിധേയനേയും സ്വീകരണം ലഭിക്കും എന്നാണ് സിനിമാപ്രേമികളുടെ പക്ഷം.
ചുരുങ്ങിയ കാലം കൊണ്ട് മികച്ച അഭിനേതാവ് എന്ന നിലയിലേക്ക് വളര്‍ന്ന വിജയ് സേതുപതി കേരളത്തിലും ശക്തമായ ഒരു ആരാധക അടിത്തറ സൃഷ്ടിച്ചുകഴിഞ്ഞു വിക്രം വേദയിലൂടെ.

പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ