Thottappan, Thamaasha movie release: വിനായകൻ കേന്ദ്രകഥാപാത്രമാകുന്ന ‘തൊട്ടപ്പനും’ വിനയ് ഫോർട്ട് നായകനാകുന്ന ‘തമാശ’യും ഇന്ന് ഈദ് ദിനത്തിൽ റിലീസിനെത്തുന്നു. വിനായകൻ മുഴുനീള നായകനായി എത്തുന്ന ആദ്യചിത്രം കൂടിയാണ് ‘തൊട്ടപ്പൻ’. അതേ സമയം, സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ആദ്യമായി ഒന്നിച്ചു നിർമ്മിക്കുന്ന ചിത്രമാണ് ‘തമാശ’.
Thottappan Release: ‘തൊട്ടപ്പനായി’ വിനായകന്
‘കിസ്മത്തി’ന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്’. പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കരണമാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖം പ്രിയംവദയാണ് നായിക. യുവതാരങ്ങളിൽ ശ്രദ്ധേയനായ റോഷന് മാത്യുവും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
സുഹൃത്തിന്റെ മകൾ സാറായുടെ തൊട്ടപ്പനായി മാറുന്ന ഇത്താക്ക് എന്ന മനുഷ്യന്റെ കഥയാണ് ‘തൊട്ടപ്പൻ’ പറയുന്നത്. രക്തബന്ധത്തിനപ്പുറം സ്നേഹം കൊണ്ട് അച്ഛനും മകളുമായി തീരുകയാണ് ഇത്താക്കും സാറായും. ഒരു തുരുത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന് നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്നും എഡിറ്റിംഗ് ജിതിന് മനോഹറും നിർവ്വഹിച്ചു. റോഷന് മാത്യു, മനോജ് കെ ജയന്, കൊച്ചു പ്രേമന്, പോളി വില്‍സണ്‍, ദിലീഷ് പോത്തന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് നിര്‍മാണം.
“തൊട്ടപ്പൻ എന്ന കഥ വായിച്ചപ്പോൾ ആ കഥാപാത്രത്തിന് ഒരേ ഒരു മുഖമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. അത് വിനായകൻ മാത്രമാണ്. അപ്പനും മകളും തമ്മിലുള്ള ബന്ധം ഞാൻ മുൻപ് പറഞ്ഞതുപോലെ പല നടന്മാരും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, നായകന്റെ സ്റ്റൈലിൽ നമ്മൾ അത് കണ്ടിട്ടില്ല. വിനായകന്റെ സ്റ്റൈലിൽ അതു കാണുമ്പോൾ അതിലൊരു പുതുമയുമുണ്ട്. സിനിമയിൽ, റോഷൻ ചെയ്ത കഥാപാത്രത്തിന് ഞാൻ മറ്റു പലരെയും ആലോചിച്ചിരുന്നു. പക്ഷേ ഒടുവിൽ റോഷനിലെത്തുകയും അത് പെർഫെക്റ്റ് കാസ്റ്റിംഗ് ആവുകയുമായിരുന്നു. എന്നാൽ വിനായകന്റെ കഥാപാത്രത്തിന് പകരം മറ്റാരെയും തന്നെ സങ്കൽപ്പിച്ചു നോക്കിയിട്ടില്ല,” ചിത്രത്തിലേക്ക് വിനായകനെ തെരെഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
Read more : പ്രാന്തന്‍കണ്ടലിന്റെ കീഴെ നിന്നും നടന്നു വരുന്നത് വിനായകനല്ല, എന്റെ തൊട്ടപ്പൻ തന്നെ: ഫ്രാൻസിസ് നൊറോണ
Thamaasha Movie Release: ‘തമാശ’യുമായി വിനയ് ഫോർട്ട്
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ചിത്രമാണ് ‘തമാശ’. ‘പ്രേമ’ത്തിനു ശേഷം വിനയ് ഫോര്‍ട്ട് വീണ്ടും കോളേജ് അദ്ധ്യാപകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി എന്നിവരാണ് നായികമാരായി എത്തുന്നത്. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്, ആര്യ സലീം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.
ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ അഷ്റഫാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സമീർ താഹിറാണ് ഛായാഗ്രഹണം. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘തമാശ’.
റെക്സ് വിജയനും ഷഹബാസ് അമനുമാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിൻ പരാരിയാണ് ഗാനരചന. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയും നിർവ്വഹിക്കുന്നു
Read More: ‘തമാശ’യല്ല ജീവിതം; വിനയ് ഫോർട്ട് അഭിമുഖം