തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സംവിധായകൻ ദിലീഷ് പോത്തൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. നിരവധി രസകരമായ മുഹൂർത്തങ്ങൾ നിറഞ്ഞുളളതാണ് വിഡിയോ.

‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനുശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിച്ച ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുളളത്. പുതുമുഖം നിമിഷയാണ് നായിക.

സംവിധായക കുപ്പായം മാറ്റി രാജീവ് രവി ചിത്രത്തിന്റെ കാമറ ചലിപ്പിക്കാനെത്തി എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിജിബാലിന്റേതാണ് സംഗീതം. ചിത്രത്തിലെ ‘കണ്ണിലെ പൊയ്കയില്’ എന്ന പാട്ട് റിലീസിനു മുൻപേ ഏറെ പ്രശംസ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ