അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച മലയാള ചിത്രമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടു. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സജീവ് പാഴൂരായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.

പ്രസാദ് (സുരാജ്) ശ്രീജ (നിമിഷ) ദമ്പതികള്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങളാല്‍ പാടുപെടുകയും, പിന്നീട് ശ്രീജയുടെ മാലവില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ ബസ് യാത്രയില്‍ പ്രസാദ് (ഫഹദ്) എന്ന് പേരുള്ളൊരു മോഷ്ടാവ് മാല മോഷ്ടിക്കുകയും വിഴുങ്ങുകയും ചെയ്യുന്നു. ശ്രീജ മാത്രമാണ് ഇതിന് സാക്ഷി. ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍ന്ന് അവിടെ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം.

അങ്ങേയറ്റം റിയലിസ്റ്റിക് സ്വഭാവമുള്ള ചിത്രമാണിത്. ഒരു ചെറിയ ത്രെഡിനെ എങ്ങനെ അതിമനോഹരമാക്കി, അതിന്റെ പരിപൂര്‍ണതയില്‍ എത്തിക്കാം എന്നു തെളിയിക്കുകയായിരുന്നു തൊണ്ടിമുതലിലൂടെ ദിലീഷ് പോത്തന്‍. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയ്ക്കും, മുഴുവന്‍ സിസ്റ്റത്തിനും നേരെ തിരിച്ചുവച്ചൊരു കണ്ണാടികൂടിയായിരുന്നു ഈ ചിത്രം.

അഭിനേതാക്കളുടെ പ്രകടനത്തിലേക്കു വന്നാല്‍ ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍, പുതുമുഖം നിമിഷ എന്നിവരുടെ ഗംഭീരം എന്നു വിശേഷിപ്പിക്കാവുന്ന അഭിനയം കൂടിയാണ് ചിത്രത്തിന് തിളക്കം കൂട്ടിയത്. 20ല്‍ അധികം യഥാര്‍ത്ഥ പൊലീസുകാരും തൊണ്ടിമുതലില്‍ വേഷമിട്ടിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. കഴിഞ്ഞവര്‍ഷം മികച്ച സിനിമ, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരം മഹേഷിന്റെ പ്രതികാരത്തിനായിരുന്നു.

പത്തു അംഗങ്ങള്‍ അടങ്ങുന്ന സെന്‍ട്രല്‍ പാനല്‍ ആണ് ശേഖര്‍ കപൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ചിത്രങ്ങള്‍ വിലയിരുത്തിയത്. അഞ്ചു റീജിയണല്‍ പാനലുകള്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടത്തിയ ശേഷമാണ് സെന്‍ട്രല്‍ പാനല്‍ അവസാന റൗണ്ടിലേക്ക് കടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook