‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ആദ്യം പറഞ്ഞു തുടങ്ങുന്നത്‌ ചിത്രത്തിലെ യൂണിഫോമില്ലാതെ വരുന്ന പൊലീസുകാരനിൽ നിന്നാണ്. കണ്ണൂരിലെ സ്പെഷ്യൽ ബ്രാഞ്ചിലുണ്ടായിരുന്ന ടിയാൻ എന്നെയും ഒരുതവണ സ്റ്റേഷനിൽ വച്ചു ചോദ്യംചെയ്തിട്ടുണ്ട്‌. അതിനാൽ തന്നെ സിനിമയിലെ അയാൾ ചെയ്ത കഥാപാത്രത്തിന്റെ ശൈലി ജീവിതത്തിന്റെ തനി പകർപ്പായി അനുഭവപ്പെട്ടു. അതുകൊണ്ടാവാം ‘സിനിമാറ്റിക്‌’ ചുവ മേക്കിങ്ങിൽ കൊണ്ടുവരാതിരിക്കാനുള്ള ശ്രമം സംവിധായകനുണ്ടായിരുന്നു എന്നാണ്  സിനിമയിലുടനീളം അനുഭവപ്പെട്ടത്‌. സ്വാഭവികതയിലുള്ളയതാണത്. ആ  ഊന്നൽതന്നെയാവാം രാജീവ്‌ രവിയെ ക്യാമറ കൈകാര്യം ചെയ്യിക്കാനുള്ള സംവിധായകന്റെ തീരുമാനവും.

fahad fazil, dileesh pothan, rajeev ravi

ബഹുനീളസംഭാഷണങ്ങളും നരേഷനുകളുംകൊണ്ട്‌ നിറഞ്ഞ മലയാള സിനിമയെ ഒരു കഥാപാത്രത്തിന്റെ ആക്ഷനുകളിലൂടെയും സാഹചര്യ,സന്ദർഭ സൃഷ്ടികളിലൂടെയും അനായാസേന കൊണ്ടുപോവാനുള്ള വൈഭവമാണ് ഇതുവരെ പുറത്തിറങ്ങിയ ദിലീഷ്‌ പോത്തൻ സിനിമകളിലെ ദൃശ്യഭാഷ .

ഫഹദും സുരാജും അലൻസിയറും ചെയ്ത കഥാപാത്രങ്ങൾ മറ്റാർക്കും അതുപോലെ സാധ്യമാകില്ല എന്നു തോന്നിക്കുന്നുണ്ട്‌. സിനിമയുടെ പക്ഷം ചേരലാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയായി തോന്നിയത്‌. ആന്റഗോണിസ്റ്റ്‌ സ്വഭാവമുള്ള സുരാജിന്റെ കഥാപാത്രത്തിലോ ഫഹദിന്റെ കള്ളൻ വേഷത്തിലോ ഒരിടത്തുപോലും ഏച്ചുകെട്ടൽ അനുഭവപ്പെടുന്നില്ല. നായികയെ ആദ്യമായി കാണുന്നയിടത്ത്‌ നായകന്റെ മോറൽ കോൺഷ്യസിനുമേൽ കാർക്കിച്ചു തുപ്പുന്ന നായികയും മജിസ്ടേര്റ്റിന്റെ വീട്ടിൽ കുട്ടി ഭക്ഷണം കഴിക്കുന്നതുകണ്ട്‌ കമന്റടിക്കുന്ന പോലീസുകാരോട്‌ ഫഹദ്‌ പറയുന്ന ഡയലോഗും ബിംബസങ്കൽപ്പങ്ങളെ തകർക്കുക മാത്രമല്ല, കഥാപാത്രങ്ങൾക്ക്‌ സൂക്ഷ്മമായൊരു സാമൂഹ്യപശ്ചാത്തലം കൽപ്പിച്ചുകൊടുക്കുന്നതുമാണ്. അത്‌ കറുപ്പിന്റെയോ വെളുപ്പിന്റെയോ ബിംബനിർമ്മിതികളല്ല. അതുരണ്ടുമായ, അതിലെല്ലാം ഉൾചേരുന്ന സപ്തരാത്രങ്ങളാണ്. ഒന്നിലേറെ പാളികളെ എത്ര അനായാസേമായാൺ ദിലീഷ്‌ പോത്തൻ ഒതുക്കിനിർത്തുന്നത്‌!

ഒരു പൊലീസുകാരൻ തൊഴിൽപരമായനുഭവിക്കുന്മ ബുദ്ധിമുട്ടുകൾക്കൊപ്പം തന്നെ പൊലീസിനെക്കുറിച്ച്‌ ഫഹദ്‌ സഹതടവുകാരനോട്‌ ഫഹദ്‌ പറയുന്ന അഭിപ്രായവും കുറിക്കുകൊള്ളുന്നതാൺ. ഫഹദിന്റെയാ സംഭാഷണം തിയേറ്ററിൽ കൂട്ടചിരിക്കാണ് വഴിവെച്ചതെങ്കിലും ഏറെനേരം കഴിഞ്ഞെങ്കിലും അതവരെ ഇരുത്തി ചിന്തിപ്പിച്ചുകാണില്ലേ.?

fahad fazil, dileesh pothan, malayalam cinema,

രണ്ടേ രണ്ടിടത്തുമാത്രം ഫഹദിനൊപ്പമാവർത്തിച്ച വിസിലടി ശബ്ദം മാത്രമാണ് ചിത്രത്തിൽ പശ്ചാത്തല സംഗീതമായോർമയിലുള്ളത്‌. പുതിയ പലസിനിമകളും പശ്ചാത്തലസംഗീതത്തിന്റെ കാര്യത്തിൽ പാലിക്കുന്നയീ മിതത്വം മലയാളത്തെ സിനിമാസംഗീതത്തിന്റെ അതിപ്രസരത്തിൽ  നിന്നും എപ്പോഴെങ്കിലും മോചിപ്പിക്കും എന്നു പ്രത്യാശിക്കാം.

ഫഹദിനോളം തന്നെ ആയുസ്സുണ്ട്‌ ചിത്രത്തിലെ തൊണ്ടിമുതലിനും. ഒടുവിൽ നന്ദി പറഞ്ഞൊരു കത്ത്‌ കാസർഗോഡേയ്ക്ക്‌ പോസ്റ്റ്‌ ചെയ്‌തശേഷം നടന്നകന്ന് തിരക്കുകളിലേയ്ക്കു മറയുന്ന ഫഹദിന്റെ അലക്ഷ്യമായ ഒരു ഷോട്ടിൽ മാത്രമാണ് നമ്മൾ തന്നെയായിരുന്നു ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്ന ദൃക്‌സാക്ഷി എന്ന് സംവിധായകൻ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തുന്നതും.

സിനിമയുടെ ഭാഷയും വ്യാകരണവും അറിയുന്നൊരാളാണ് ദിലീഷ്‌ പോത്തൻ എന്ന് ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ തന്നെ തെളിയിച്ചതാണു. രണ്ടാമത്തെ ചിത്രത്തിലെത്തുമ്പോഴേയ്ക്കും ആ പ്രതിഭ പതിന്മടങ്ങു വർദ്ധിക്കുക മാത്രമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook