ദിലീഷ് പോത്തന്റെ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നടി കൂടി മലയാളത്തിലേക്കെത്തുകയാണ്. മുംബൈ സ്വദേശിനി നിമിഷയാണ് ആ നായിക. തന്റെ ആദ്യ സിനിമയെക്കുറിച്ചുളള വിശേഷങ്ങൾ മനോരമ ന്യൂസിന്റെ പുലർവേള പരിപാടിയിൽ നിമിഷ പങ്കുവച്ചു.
”കാസ്റ്റിങ് കോൾ കണ്ടിട്ടാണ് എന്റെ ചിത്രങ്ങൾ അയച്ചു കൊടുത്തത്. അതു കണ്ടിട്ടാണ് ഓഡിഷന് വിളിച്ചത്. ഓഡിഷനു പോയ സമയത്ത് എനിക്ക് മലയാളം നന്നായിട്ട് സംസാരിക്കാൻ അറിയില്ലായിരുന്നു. മലയാളം സംസാരിക്കുമ്പോൾ ഇംഗ്ലീഷ് ടച്ച് ഉണ്ടായിരുന്നു. അപ്പോൾ ദിലീഷേട്ടന് എന്നെ സെലക്ട് ചെയ്യണോ വേണ്ടയോ എന്ന ഒരു കൺഫ്യൂഷനുണ്ടായിരുന്നു. ലുക്കിൽ അദ്ദേഹത്തിന് ഞാൻ ഓക്കെ ആയിരുന്നു. പിന്നീട് എന്നോട് മലയാളം കുറച്ചു കൂടി നന്നാക്കാൻ അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞപ്പോൾ എല്ലാം ശരിയായി”.
”സിനിമയിൽ അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് നിയോ ഫിലിം സ്കൂളിൽ മൂന്നു മാസത്തെ കോഴ്സിനു ചേർന്നത്. ആ സമയത്താണ് ഈ ചിത്രത്തിലേക്കുളള കാസ്റ്റിങ് കോൾ കാണുന്നത്. കോഴ്സ് തീരുന്നതിനു മുൻപുതന്നെ നടിയാകാനുളള അവസരവും കിട്ടി. മഹേഷിന്റെ പ്രതികാരം കണ്ടിട്ടുണ്ട്. ആ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് പറഞ്ഞു, അഭിനയിക്കുകയാണെങ്കിൽ ആദ്യം ദിലീഷേട്ടന്റെ ചിത്രത്തിൽ അഭിനയിക്കണമെന്ന്. ഇപ്പോൾ സ്വപ്നം സത്യമായതുപോലെയുണ്ട്”.
”ശ്രീജ എന്നാണ് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേര്. ആ സിനിമയിൽ ഞാൻ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം ദീലീഷേട്ടനാണ്. അദ്ദേഹത്തിന് ആ കഥാപാത്രം എങ്ങനെയായിരിക്കണം എന്ന് നന്നായിട്ട് അറിയാം. അതിനാൽതന്നെ അഭിനയിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നിയില്ല”.
”അഭിനയിക്കുകയാണെങ്കിൽ അത് മലയാളം സിനിമയിൽ ആയിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് ഒരു നാടൻ ലുക്കാണ്. മാത്രമല്ല ഇവിടെ അഭിനയത്തിനാണ് പ്രാധാന്യം. ബോളിവുഡിൽ അങ്ങനെയല്ല. സിനിമയിൽ എത്തുന്നതിനു മുൻപേ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് ചെയ്യുന്നുണ്ട്”.
”എന്റെ ഇഷ്ട നടന്മാരിൽ ഒരാളാണ് ഫഹദ്. പക്ഷേ ഞാൻ ഇക്കാര്യം ഫഹദിനോട് ഇതുവരെ പറഞ്ഞിട്ടില്ല. നല്ല പ്രൊഫഷനലാണ് അദ്ദേഹം. ഫഹദിൽനിന്നും കുറേ കാര്യങ്ങൾ പഠിക്കാൻ കഴിയും. നന്നായിട്ട് സഹായിക്കും. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു പുതുമുഖ താരമാണെന്ന തോന്നലേ ഉണ്ടായിട്ടില്ല. എല്ലാവരും നല്ല പിന്തുണയാണ് തന്നത്”.