മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട കഥാപാത്രമാണ് മോഹന്‍ലാലിന്റെ സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ എന്ന തോമസ് ചാക്കോ. ആ ചിത്രം കണ്ടവരാരും മറക്കില്ല തോമസ് ചാക്കോയുടെ കൂട്ടുകാരി തുളസിയെ. ഉര്‍വശിയാണ് തുളസിയായി സ്‌ക്രീനിലെത്തിയത്. ‘ഉപ്പുകല്ലില്‍ നിന്ന കൂട്ടുകാരന് വെള്ളം തന്ന എന്റെ തുളസിയെ എനിക്ക് വഞ്ചിക്കാന്‍ ആകില്ല’ എന്ന തോമയുടെ ഡയലോഗും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തുവച്ചതാണ്. അന്ന് ആടുതോമയുടേയും തുളസിയുടേയും ചെറുപ്പമവതരിപ്പിച്ച രണ്ടുപേരുണ്ട്.

sphadikam

ആ കൊച്ചു പയ്യനിന്ന് സംവിധായകനും നടനുമൊക്കെയാണ്. രൂപേഷ് പീതാംബരന്‍. മെക്സിക്കന്‍ അപാരതയിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തിയ രൂപേഷ് വീണ്ടും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്. അതിനുമുമ്പേ തീവ്രം എന്ന ചിത്രം സംവിധാനം ചെയ്തു. തുളസിയായി അഭിനയിച്ച ആര്യയെ പലപ്പോഴും അവതാരകയുടെ വേഷത്തില്‍ നമ്മള്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ടിട്ടുണ്ട്. പതിയെ ആര്യ അവിടെ നിന്നും അപ്രത്യക്ഷയായി.

ഇടയ്‌ക്കെങ്കിലും നമ്മളോര്‍ത്തുകാണും ആ കുട്ടി എവിടെ പോയെന്ന്. എന്നാലിപ്പോള്‍ തുളസിയുടെ കുട്ടിക്കാലം അഭിനയിച്ച ആര്യ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തോമസ് ചാക്കോയുടെയും തുളസിയുടേയും കൂടിക്കാഴ്ച രൂപേഷ് പീതാംബരനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. ആര്യയ്ക്കൊപ്പമുള്ള ചിത്രവും രൂപേഷ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യ ഇപ്പോള്‍ ഡോക്ടറാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ