ലോകത്തൊരു നടനും ചെയ്യാത്തതത്രയും മേക്ക് ഓവറുകൾ നടത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഒരു താരമാണ്, ഉലകനായകൻ കമൽഹാസൻ. ‘ദശാവതാരം’ എന്ന ചിത്രത്തിൽ കാഴ്ചയിലും രൂപത്തിലും ഭാവത്തിലുമെല്ലാം ഒന്നിനൊന്നു വ്യത്യസ്തത പുലർത്തുന്ന പത്തു കഥാപാത്രങ്ങളായാണ് കമൽഹാസൻ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ, ആ ചിത്രത്തിനു വേണ്ടി വേറെയും മേക്ക് ഓവറുകൾ കമൽഹാസൻ പരീക്ഷിച്ചിരുന്നുവെന്നും ചിത്രത്തിൽ ഉപയോഗിക്കാതെ പോവുകയായിരുന്നെന്നും വെളിപ്പെടുത്തുകയാണ് കമൽഹാസന്റെ സ്റ്റൈലിസ്റ്റ്. ചിത്രത്തിൽ ഭുവരാഘവൻ, ബുഷ് എന്നീ കഥാപാത്രങ്ങൾക്കായി നൽകിയ, ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത ലുക്കും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കമൽഹാസന്റെ സ്റ്റൈലിസ്റ്റ് പരിചയപ്പെടുത്തുന്നു.
ജൂൺ 13നായിരുന്നു ദശാവതാരം റിലീസ് ചെയ്തതിന്റെ പതിമൂന്നാം വാർഷികം ആഘോഷിച്ചത്. ചിത്രത്തിൽ നമ്പി, ഭൂവരാഗൻ, ഖലീഫുള്ള, ഫ്ളെച്ചർ, അവതാർ, കൃഷ്ണവവേണി, ബൽറാം, ഷിങ്കെൻ, ഗോവിന്ദ്, ജോർജ് ബുഷ് എന്നിങ്ങനെ പത്തു കഥാപാത്രങ്ങളെയാണ് കമൽഹാസൻ അവതരിപ്പിച്ചത്. ഓസ്കാർ അവാർഡ് ജേതാവായ മേക്കപ്പ് ആർട്ടിസ്റഅറ് മിഷേൽ വെസ്റ്റ് മോറാണ് കമൽഹാസനു വേണ്ടി ഈ ലുക്കുകളെല്ലാം ഒരുക്കിയത്.
മേക്ക് ഓവർ കഥാപാത്രങ്ങളോടുള്ള കമൽഹാസന്റെ പ്രണയത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1996ലാണ് അവ്വൈ ഷൺമുഖി എന്ന ചിത്രത്തിൽ വൃദ്ധയായ ഒരു സ്ത്രീയുടെ വേഷം അവതരിപ്പിച്ച് കമലഹാസൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. മേക്ക് അപ്പിന്റെ അനന്തസാധ്യതകൾ എപ്പോഴും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന കമൽഹാസൻ സിനിമാ മേക്കപ്പുമായി ബന്ധപ്പെട്ട് ധാരാളം ശിൽപ ശാലകളിലും പങ്കെടുത്തിട്ടുണ്ട്.
Read more: ചേട്ടത്തിയമ്മ അല്ല, അമ്മ തന്നെ; ‘മന്നി’യുടെ അനുഗ്രഹം വാങ്ങി കമൽഹാസൻ