/indian-express-malayalam/media/media_files/uploads/2023/08/king-of-kotha-9.jpg)
കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്...
ദുൽഖർ സൽമാൻ ചിത്രം കിംഗ് ഓഫ് കൊത്ത നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. മലയാള സിനിമയിലെ അതികായന്മാരായ പ്രതിഭകളുടെ മക്കൾ ഒന്നിക്കുന്നു എന്നതും കിംഗ് ഓഫ് കൊത്തയെ സവിശേഷമാക്കുന്നു. ജോഷിയുടെ മകൻ അഭിലാഷ് ജോഷി, മമ്മൂട്ടിയുടെ മകൻ ദുൽഖർ, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് എന്നിവർ കിംഗ് ഓഫ് കൊത്തയ്ക്കായി കൈകോർക്കുകയാണ്.
അതേസമയം, 'കിംഗ് ഓഫ് കൊത്ത'യിൽ ധ്രുവ് വിക്രമും അഭിനയിക്കുന്നുണ്ടോ എന്ന ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ടൊരു മീമും ശ്രദ്ധ നേടുന്നുണ്ട്. ഈ ആക്ഷൻ ഡ്രാമയിൽ ധ്രുവ് വിക്രം ഒരു ചെറിയ വേഷം ചെയ്യുന്നുവെന്ന രീതിയിലാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. എന്നാൽ അണിയറപ്രവർത്തകർ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
കിംഗ് ഓഫ് കൊത്തയെ 1993ൽ ഇറങ്ങിയ മലയാളചിത്രം ധ്രുവം ആയി താരതമ്യപ്പെടുത്തുന്ന മീമാണ് ശ്രദ്ധ നേടുന്നത്. ജോഷി സംവിധാനം ചെയ്ത ധ്രുവത്തിൽ മമ്മൂട്ടി നായകനായപ്പോൾ സുരേഷ് ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, ചിയാൻ വിക്രം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. കിംഗ് ഓഫ് കൊത്തയിലേക്ക് എത്തുമ്പോൾ, ജോഷിയുടെ മകൻ അഭിലാഷ് ജോഷി ചിത്രം സംവിധാനം ചെയ്യുന്നു, മമ്മൂട്ടിയുടെ മകൻ ദുൽഖർ നായകനാവുന്നു, സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് പ്രധാന വേഷത്തിലെത്തുന്നു, അഭ്യൂഹങ്ങൾ പറയുന്നതു പോലെ ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമും ചിത്രത്തിലുണ്ടെങ്കിൽ അതിലൊരു കൗതുകമുണ്ടല്ലോ എന്ന രീതിയിലാണ് സോഷ്യൽ മീഡിയ ഇതിനെ നോക്കി കാണുന്നത്. 'ധ്രുവ'ത്തിൽ സീനിയേഴ്സ് തിളങ്ങിയിടത്ത് കിംഗ് ഓഫ് കൊത്തയിലെ ജൂനിയേഴ്സും തിളങ്ങുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ഏറെ പ്രതീക്ഷയോടെയാണ് കിംഗ് ഓഫ് കൊത്തയ്ക്കു വേണ്ടി ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയതുമുതൽ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിൽ നിൽക്കുകയാണ് കിംഗ് ഓഫ് കൊത്ത. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്രയിൽ വരെ കിംഗ് ഓഫ് കൊത്തയുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടുള്ള പ്രചരണപരിപാടികളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയും അണിനിരക്കുന്നുണ്ട്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.