മലയാള സിനിമയിൽ ജാതി വിവേചനമില്ലെന്നും, അഹംഭാവവും അപകർഷതാ ബോധവും ഒഴിവാക്കിയാൽ ഈ തോന്നൽ മാറുമെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്ത ടൊവിനോ തോമസ് പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടൊവിനോയ്‌ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ടൊവിനോയുടെ വാക്കുകൾ:

“മതം നിറം ഒക്കെ ഒരുപാട് നമ്മുടെ മലയാള സിനിമയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊന്നും നിലനിൽക്കാൻ പറ്റില്ല ഒരിക്കലും. പഴയ കാലമൊന്നും അല്ല. ഇനിയുമങ്ങനെ തൊട്ടുകൂടായ്മ അയിത്തം എന്നൊന്നും പറഞ്ഞ് ജീവിക്കാൻ പറ്റില്ല. 2019 ആണ്. 2020 ആകാൻ പോകുന്നു. ഇവിടെ നമ്മളെല്ലാവരും മനുഷ്യരാണെന്നും ഏത് ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വമാണെന്നും നമ്മളെല്ലാവരും മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. അവിടെ ജാതിവിവേചനത്തിനൊന്നും ഒരു സ്ഥാനവുമില്ല. വിവേചനം വിഡ്ഢിത്തത്തിന് സമമാണ്. അതിൽപരം ഒന്നും പറയാനില്ല.”

അനിൽ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും തമ്മിലുള്ള പ്രശ്നങ്ങളും പ്രശ്ന പരിഹാരങ്ങളും നടന്നതിനു പുറകേയായിരുന്നു ടൊവിനോ തോമസ് മലയാള സിനിമയിൽ ജാതി വിവേചനം ഇല്ലെന്നു പറഞ്ഞതായി റിപ്പോർട്ടുകൾ​ പുറത്തുവന്നത്.

അതേസമയം അനിലും ബിനീഷും തമ്മിലുള്ള പ്രശ്നത്തിന്റെ അടിസ്ഥാനം ജാതിയല്ലെന്നും, അതിൽ ജാതീയമായ ഘടകങ്ങളില്ലെന്നും പ്രശ്നപരിഹാര ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായിട്ട് എത്തിയപ്പോഴാണ് ബിനീഷിന് അവഗണന നേരിടേണ്ടി വന്നത്. കോളേജിലെ പരിപാടിയില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനും ഉണ്ടായിരുന്നു. എന്നാൽ, പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് യൂണിയൻ ചെയർമാൻ ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ബിനീഷ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാൽ മതിയെന്ന് ആവശ്യപ്പെട്ടു.

Read More: അനിൽ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായി, പക്ഷെ നടപടിയില്ല: ഫെഫ്‌ക

എന്നാൽ, ഇതുംകേട്ട് മിണ്ടാതിരിക്കാൻ ബിനീഷിനു സാധിച്ചില്ല. തനിക്കു നേരിട്ട അവഗണന‌യ്‌ക്ക് പൊതുവേദിയിൽ വച്ചുതന്നെ മറുപടി നൽകാൻ ബിനീഷ് തീരുമാനിച്ചു. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ബിനീഷ് വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കമുള്ള സംഘാടകർ തടയാൻ ശ്രമിച്ചെങ്കിലും ബിനീഷ് വേദിയിലേക്ക് കയറി. പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞെങ്കിലും അതൊന്നും വകവയ്‌ക്കാതെ ബിനീഷ് വേദിയിലേക്ക് കയറി. സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ പ്രസംഗിക്കുന്നതിനിടെയാണ് ബിനീഷ് വേദിയിലേക്ക് കയറിയത്. പിന്നീട് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തറയിലിരുന്നായിരുന്നു ബിനീഷ് പ്രതിഷേധിച്ചത്.

അതേസമയം, നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോൻ രംഗത്തെത്തിയിരുന്നു. ബിനീഷിനെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും അനിൽ രാധാകൃ‌ഷ്‌ണ മേനോൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook