ബോളിവുഡിന്റെ കിങ് ഖാന് അഭിനയിക്കാൻ കഴിയില്ലെന്നോ? ഷാരൂഖ് ഖാന്റെ സിനിമ കണ്ടിട്ടുളളവർക്ക് ഒരിക്കലും അത് പറയാനാവില്ല. പക്ഷേ ബോളിവുഡിലെ ഒരു പ്രശസ്ത നടി ഷാരൂഖിനോട് അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയില്ലെന്നു പറഞ്ഞിട്ടുണ്ട്. അനുഷ്ക ശർമയാണത്. ബോളിവുഡിലെ തന്റെ ആദ്യ ചിത്രമായ ‘റബ്നേ ബനാ ദേ ജോഡി’ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അനുഷ്ക ഷാരൂഖിനോട് അങ്ങനെ പറഞ്ഞത്.

രാജീവ് മസന്ദുമായുളള അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്. ‘റബ്നേ ബനാ ദേ ജോഡി’ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഷാരൂഖിനെ ഭയമായിരുന്നുവെന്ന് അനുഷ്ക അടുത്തിടെ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മസന്ദ് ഷാരൂഖിനോട് ചോദിച്ചു. ‘അനുഷ്ക പറയുന്നത് കളളമെന്നാ’യിരുന്നു ഷാരൂഖിന്റെ മറുപടി. ‘ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് അനുഷ്ക എന്റെ അടുത്തുവന്ന് എനിക്ക് അഭിനയിക്കാൻ കഴിയല്ലെന്നു പറഞ്ഞു. എനിക്ക് താങ്കളെ ഇഷ്ടമാണ്. നിങ്ങൾ നല്ലൊരു മനുഷ്യനാണ്. എന്നാൽ ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്നും പറഞ്ഞു’.

പക്ഷേ അപ്പോഴേക്കും അനുഷ്കയെ ഞാൻ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. തുടക്കക്കാരിയെന്ന് തോന്നാത്തവിധമായിരുന്നു അനുഷ്കയുടെ അഭിനയം. നമുക്കീ സിനിമ പെട്ടെന്നുതന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് അനുഷ്കയുടെ അഭിനയം കണ്ട് ഞാൻ സംവിധായകൻ ആദിയോട് പറയുകയും ചെയ്തു.

ചിത്രത്തിലെ ‘തുച്മേം റബ് ദിഹ്താ ഹെ’ എന്ന ഗാനമായിരുന്നു അവസാനം ചിത്രീകരിച്ചത്. അതിൽ അവസാനം എന്റെ ബൈക്കിൽ അനുഷ്കയെ കൊണ്ടുപോകുന്ന ഒരു രംഗമുണ്ട്. എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അനുഷ്ക എന്നോട് ചോദിച്ചു. ‘നിങ്ങൾക്കറിയാമോ? എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്’. എന്റെ അഭിനയത്തിന്റെ ആഴം അനുഷ്ക അതിനോടകം മനസ്സിലാക്കിയിട്ടുണ്ടാകുമെന്നു ഞാൻ കരുതി , ‘ഞാനൊരു നല്ല അഭിനേതാവാണെന്ന് ഇപ്പോഴെങ്കിലും അംഗീകരിക്കുന്നുണ്ടോ?’ എന്ന് ഞാൻ അനുഷ്കയോട് ചോദിച്ചു. അപ്പോൾ അനുഷ്കയുടെ മറുപടി ‘ഇല്ല, നിങ്ങൾ ശരിക്കും നല്ലൊരു മനുഷ്യനാണ്’ എന്നായിരുന്നു. ഷൂട്ടിങ്ങിന്റെ തുടക്കത്തിൽ എന്നോട് പറഞ്ഞതിൽതന്നെ അനുഷ്ക ഉറച്ചുനിന്നു. അനുഷ്ക എന്നെ ഭയപ്പെട്ടിരുന്നില്ലെന്ന് ഈ സംഭവത്തിൽനിന്ന് വ്യക്തമാണെന്നും ഷാരൂഖ് പറഞ്ഞു.

റബ് നേ ബനാ ദേ ജോഡി, ജബ് തക് ഹേ ജാൻ എന്നീ ചിത്രങ്ങൾക്കുശേഷം ജബ് ഹാരി മെറ്റ് സേജൾ എന്ന ചിത്രത്തിലൂടെ ഷാരൂഖും അനുഷ്കയും വീണ്ടും ഒന്നിക്കുകയാണ്. ഇംതിയാസ് അലിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഓഗസ്റ്റ് നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ