scorecardresearch

'ശശികല'യെ ഓർക്കാത്ത ഒരോണം പോലും എനിക്കില്ല: സുരാജ് വെഞ്ഞാറമൂട്

'ഞാൻ ചോദിച്ചു, 'ചേട്ടാ ഇനി എത്ര ശശികലയുണ്ട്?'. അഞ്ചെണ്ണം എന്ന് പറഞ്ഞപ്പോൾ അതൊന്ന് കുറയ്ക്കാൻ വേണ്ടി കാലു പിടിച്ചു. അമ്മമാർ ഞങ്ങളെ ശത്രുക്കളെ പോലെ നോക്കി,' ഓണക്കാലത്തെ സ്റ്റേജ് പ്രോഗ്രാം ദിനങ്ങള്‍ ഓര്‍ത്ത് സുരാജ് വെഞ്ഞാറമ്മൂട്

'ഞാൻ ചോദിച്ചു, 'ചേട്ടാ ഇനി എത്ര ശശികലയുണ്ട്?'. അഞ്ചെണ്ണം എന്ന് പറഞ്ഞപ്പോൾ അതൊന്ന് കുറയ്ക്കാൻ വേണ്ടി കാലു പിടിച്ചു. അമ്മമാർ ഞങ്ങളെ ശത്രുക്കളെ പോലെ നോക്കി,' ഓണക്കാലത്തെ സ്റ്റേജ് പ്രോഗ്രാം ദിനങ്ങള്‍ ഓര്‍ത്ത് സുരാജ് വെഞ്ഞാറമ്മൂട്

author-image
Sandhya KP
New Update
Suraj Venjaramoodu, Suraj, Onam, iemalayalam

സിനിമാ രംഗത്തെത്തും മുന്‍പ് സ്‌റ്റേജ് പരിപാടികളിൽ ചിരിയുടെ മേളപ്പെരുക്കം തീർത്തിരുന്ന ഒരു കാലമുണ്ടായിരുന്നു നടന്‍ സുരാജ് വെഞ്ഞാറമൂടിന്. ആ ഓര്‍മകളെ മാറ്റി നിര്‍ത്തിയാല്‍ അദ്ദേഹത്തിന്‌റെ ഓണം പൂര്‍ണമാകില്ല. മറക്കാനാകാത്ത ഒരൊന്നൊന്നര ഓണം സമ്മാനിച്ച, തന്നെ പൊലീസ് സ്റ്റേഷന്‍ വരെ കയറ്റിയ 'ശശികല'യെ കുറിച്ചാണ് താരം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് മനസ് തുറക്കുന്നത്.

Advertisment

സുരാജിന്‌റെ കഥയിലെ ശശികല ഒരു സ്ത്രീയല്ല, പാട്ടാണ്. ഒരുകാലത്ത് നാട്ടിലെ ഒട്ടുമിക്ക പരിപാടികളിലേയും സ്ഥിരം ഐറ്റമായിരുന്നു 'ദേവരാഗം' എന്ന ചിത്രത്തിലെ 'ശശികല ചാര്‍ത്തിയ ദീപാവലയം' എന്ന പാട്ടിന് കുട്ടിക്കൂട്ടത്തിന്‌റെ ഡാന്‍സ്.

"നാട്ടിന്‍പുറങ്ങളിൽ ഒരു കാലത്ത് ഓണമെന്നാല്‍ കുട്ടികളുടേയും അമ്മമാരുടേയും ആഘോഷമായിരുന്നു. നാട്ടിലെ ക്ലബ്ബുകള്‍ ഓണാഘോഷ പരിപാടി നടത്തുമ്പോള്‍ മക്കളെ ഡാന്‍സിനും പാട്ടിനുമൊക്കെ ചേര്‍ത്തായിരുന്നു അവരത് ആഘോഷിച്ചിരുന്നത്. അന്ന് ഞാനും സ്‌റ്റേജ് പരിപാടികളുടെ തിരക്കിലാണ്. ഉത്രാട ദിവസം തിരുവനന്തപുരം ജില്ലയിൽ മൂന്ന് പരിപാടികൾ. ഒരെണ്ണം ഏഴരയ്ക്കും ഒമ്പതരയ്ക്കും അവസാനത്തേത് പന്ത്രണ്ടരയ്ക്കും. അവസാന പരിപാടി എന്റെ വീടിനടുത്ത് തന്നെ. പരിപാടിയും കഴിഞ്ഞ് നേരെ വീട്ടില്‍ പോകാം എന്നായിരുന്നു പ്ലാന്‍. തിരുവോണത്തിന് വീട്ടില്‍ കുടുംബത്തോടൊപ്പം ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍."

Suraj Venjaramoodu, സുരാജ് വെഞ്ഞാറമൂട്, Onam Memories, ഓണം ഓർമകൾ, Onam, ഓണം, Onam 2020, ഓണം 2020, Thiruvonam, തിരുവോണം, Uthradam, ഉത്രാടം, iemalayalam, ഐഇ മലയാളം

"പന്ത്രണ്ടരയ്ക്ക് പരിപാടി നടത്തേണ്ടയിടത്തെ സംഘാടകർ, ഒരുമണിക്കെങ്കിലും തുടങ്ങണം എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അന്നത്തെ ഹിറ്റ് പാട്ടായിരുന്നു 'ശശികല ചാർത്തിയ ദീപാവലയം.' ഈ പാട്ട് എല്ലായിടത്തും ഉണ്ട്. ഒരു പാട്ട് തന്നെ ഒൻപത് തവണ കളിക്കും. വിളക്കും കൊളുത്തി പിള്ളേര് തുടങ്ങും. എവിടെ പോയാലും ശശികല. എനിക്ക് ഇഷ്ടമുള്ള പാട്ടായിരുന്നു. എല്ലാവരുടേയും ശശികല കഴിഞ്ഞപ്പോൾ ആദ്യയിടത്ത് പരിപാടി തുടങ്ങാൻ എട്ടരയായി. കുറച്ച് കഴിഞ്ഞ് അടുത്ത സ്ഥലത്തുനിന്ന് വിളിയെത്തി. ഇത് കഴിഞ്ഞ് വേണം അവിടെ എത്താൻ. അവിടെ എത്തിയപ്പോഴേ കേൾക്കുന്നത് ശശികലയാണ്. ഞാൻ ചോദിച്ചു, 'ചേട്ടാ ഇനി എത്ര ശശികലയുണ്ട്?'. അഞ്ചെണ്ണം എന്ന് പറഞ്ഞപ്പോൾ അതൊന്ന് കുറയ്ക്കാൻ വേണ്ടി കാലു പിടിച്ചു. അമ്മമാർ ഞങ്ങളെ ശത്രുക്കളെ പോലെ നോക്കി," ഒന്നാന്തരം തിരുവനന്തപുരം ഭാഷയിൽ ആ രംഗം സുരാജ് അനുകരിച്ചു.

Advertisment

"മൂന്നാമത്തെ പരിപാടി വെഞ്ഞാറമൂട് എന്റെ വീടിനടുത്താണ്. എന്റെ കൂടി പേരും പറഞ്ഞാണ് അവരത് ബുക്ക് ചെയ്തത്. ഒരു മണിക്കെങ്കിലും പരിപാടി തുടങ്ങണം എന്നായിരുന്നു നിർദേശം. എത്തിയപ്പോൾ ഒന്നര കഴിഞ്ഞു. അവിടെ ഒരു പാട്ടും ഇല്ല. ശശികലയും ഇല്ല. സമയം വൈകിയതിന് ക്ഷമ ചോദിച്ചപ്പോൾ അതൊന്നും കുഴപ്പമില്ലെന്ന് അവർ പറഞ്ഞു. 'എന്നാൽ പിന്നെ ഞങ്ങൾ റെഡിയാകട്ടെ, പരിപാടി തുടങ്ങാം' എന്നു പറഞ്ഞപ്പോൾ 'ഏയ് റെഡിയാകാൻ വരട്ടെ. ഭക്ഷണം കഴിച്ചിട്ട് തുടങ്ങാം. നിങ്ങൾക്ക് വേണ്ടി ഫുഡൊക്കെ റെഡിയാക്കിയിട്ടുണ്ട്' എന്നു സംഘാടകർ പറഞ്ഞു. താഴെ ഒരു വീട്ടിലാണ് ഭക്ഷണം എന്ന് പറഞ്ഞ് അങ്ങോട്ടു കൊണ്ടു പോയി. അതിനകത്ത് കയറിയപ്പോൾ കതക് പുറത്തുനിന്ന് പൂട്ടി. 'നാളെ ഏഴരയ്ക്ക് പരിപാടി. അതും കഴിഞ്ഞ് സൌണ്ട് സിസ്റ്റത്തിന്റെ പൈസയും കൊടുത്തിട്ട് പോയാൽ മതി,' ആ ചേട്ടൻ പറഞ്ഞു. ഞങ്ങൾ പത്ത് പതിനാറ് പേരുണ്ട്. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരുത്തന് പരാതി 'ചേട്ടാ എരിശേരി കുറച്ച് പുളിച്ചു പോയല്ലോ,' എന്ന്. അവര് തല്ലിയില്ലെന്നേയുള്ളൂ. കഴിച്ചില്ലേൽ വിവരമറിയും എന്നൊരു താക്കീതും."

Suraj Venjaramoodu, സുരാജ് വെഞ്ഞാറമൂട്, Onam Memories, ഓണം ഓർമകൾ, Onam, ഓണം, Onam 2020, ഓണം 2020, Thiruvonam, തിരുവോണം, Uthradam, ഉത്രാടം, iemalayalam, ഐഇ മലയാളം

വീട് തൊട്ടടുത്താണെന്നും പെട്ടെന്ന് പോയി തിരിച്ചുവരാമെന്നും ഉറപ്പ് നൽകിയപ്പോൾ ആറ് മണിയോടെ തന്നെ പുറത്തിറക്കിയ കാര്യവും ഇന്നലെ കഴിഞ്ഞതു പോലെ സുരാജ് ഓർക്കുന്നു.

"പറഞ്ഞ് പറഞ്ഞ് വായിലെ വെള്ളം വറ്റിയപ്പോഴാണ് എന്നെ പുറത്തിറക്കിയത്. പക്ഷേ പൊലീസ് സ്റ്റേഷനിൽ പോയി എഴുതി ഒപ്പിട്ടു കൊടുത്താലേ വീടൂ എന്ന് തീർത്തു പറഞ്ഞു. അങ്ങനെയെങ്കിൽ എല്ലാവരേയും വിടാമെന്നും ഉറപ്പ് നൽകി. തിരുവോണ ദിവസം രാവിലെ നേരെ പൊലീസ് സ്റ്റേഷനിലേക്ക്. അവിടെ കട്ട പോസ്റ്റ്. പന്ത്രണ്ട് മണിയോടെ എസ് ഐ വന്നു. സംഘാടകർ പറയുന്നതെല്ലാം ചെയ്തോളാം എന്ന് എഴുതിക്കൊടുത്തു. സ്റ്റേഷനിൽ നിന്നറങ്ങി വീട്ടിൽ പോകാൻ ഒരു ജീപ്പിൽ കയറി. ദേ കിടക്കുന്നു 'ശശികല ചാർത്തിയ ദീപാവലയം' എന്റെ പൊന്നോ എനിക്ക് വന്ന കലി. ദയവ് ചെയ്ത് പാട്ട് നിർത്താൻ ഞാൻ ഡ്രൈവറോട് അപേക്ഷിച്ചു."

ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ കേടായ സാമ്പാറും എരിശേരിയും പുളിശേരിയുമാണ് ഓർമയിൽ വരുന്നതെന്ന് സുരാജ്.

"എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു. എല്ലാം സഹിക്കാം. ജീപ്പിൽ കയറിയപ്പോഴും ഇതു തന്നെ. അന്ന് മൂന്ന് മണിയോടെയാണ് ഞാൻ സദ്യ കഴിഞ്ഞത്. പിന്നീട് തിരിച്ചു പോയി പറഞ്ഞ സമയത്ത് പരിപാടി നടത്തി. പരിപാടി നന്നായതുകൊണ്ട് അവർ ഹാപ്പിയായി, തല്ല് കിട്ടിയില്ല. അല്ലേൽ ഞാൻ ശശികലയ്‌ക്കെതിരെ കേസ് കൊടുത്തേനെ. പിന്നീട് ഏത് പരിപാടിക്ക് പോകുമ്പോഴും ഞാൻ ആദ്യം ചോദിക്കുന്നത് 'ചേട്ടാ ശശികലയുണ്ടോ' എന്നാണ്."

Suraj Venjaramoodu, സുരാജ് വെഞ്ഞാറമൂട്, Onam Memories, ഓണം ഓർമകൾ, Onam, ഓണം, Onam 2020, ഓണം 2020, Thiruvonam, തിരുവോണം, Uthradam, ഉത്രാടം, iemalayalam, ഐഇ മലയാളം

അക്കാലത്തെ സ്ഥിരം ഡാൻസ് നമ്പരുകളായ 'കണ്ണാടിക്കൂടും കൂട്ടി,' 'ഇന്ദ്രനീലം ചൂടി,' 'നെറ്റിമേലെ പൊട്ടിട്ടാലും,' 'കടമിഴിയിൽ കമലദളം,' 'കുന്നിമണിക്കൂട്ടിൽ' തുടങ്ങിയ എല്ലാ പാട്ടുകളും സുരാജിന് നല്ല ഓർമയുണ്ട്.

കോവിഡ് കാലത്തെ സിനിമ ചിത്രീകരണം നിർത്തിവച്ചപ്പോൾ ലഭിച്ച സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുകയാണ് സുരാജ്. സുനിൽ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന 'റോയ്' എന്ന ചിത്രത്തിലാണ് അദ്ദേഹം ഇനി അഭിനയിക്കുക. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നേരത്തെ പുറത്തു വന്നിരുന്നു. 'ചാപ്റ്റേഴ്സ്,' 'അരികിൽ ഒരാൾ,' 'വൈ' എന്നീ ചിത്രങ്ങൾക്കു ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബോബി-സഞ്ജയ് തിരക്കഥയെഴുതി മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരാജ് മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: