ന്യൂഡൽഹി: വിജയകരമായി പ്രദർശനം തുടരുന്ന പത്മാവത് സിനിമയെ സംബന്ധിച്ച തർക്കങ്ങൾക്ക് അറുതിയായില്ല. ഉത്തരേന്ത്യയിൽ കർണി സേനയുടെ പ്രതിഷേധം അയഞ്ഞെങ്കിലും ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വീണ്ടും സുപ്രീം കോടതിയിൽ ഹർജിയെത്തി.

ചിത്രത്തിന്റെ സെൻസർ പതിപ്പ് സെൻസർ ബോർഡിലെ എല്ലാ അംഗങ്ങളും കണ്ടില്ലെന്ന വാദത്തിലൂന്നിയാണ് മൂന്നാമത്തെ ഹർജിയും എത്തിയിരിക്കുന്നത്. മുൻപ് രണ്ട് തവണ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും ഇതേ വാദമാണ് ഉയർത്തിയിരുന്നത്. രണ്ട് ഹർജികളും തളളിയ സുപ്രീം കോടതി ഇന്നും ഹർജി തളളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഭിഭാഷകനായ എം.എസ്.ശർമ്മയാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന ഹർജി സമർപ്പിച്ചത്. ചിത്രം ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

അതേസമയം കർണി സേന നടത്തിയ പ്രതിഷേധവും കലാപവും കോടതിയലക്ഷ്യമാണെന്ന ഹർജിയും ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.

എന്നാൽ കർണി സേനയുടെ വിവാദങ്ങൾക്ക് പിന്നാലെ സിനിമയുടെ ഉളളടക്കത്തെ വിമർശിച്ച് സ്വതന്ത്ര ചിന്താഗതിക്കാരും രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയെ വിമർശിക്കുന്നതാണ് ചിത്രമെന്നും ഹിന്ദു തീവ്രവാദത്തിലൂന്നിയതാണ് ചിത്രത്തിന്റെ ഉളളടക്കമെന്നുമുളള വാദമാണ് ഉയരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ