/indian-express-malayalam/media/media_files/qayy0qUp2QsFb5FhERQg.jpeg)
Mallika Sherwat
ഒരു സാധാരണ സിനിമാ പ്രേക്ഷകനെ സംബന്ധിച്ച് മല്ലിക ഷെരാവത് എന്നാൽ വളരെ ഗ്ലാമറസായി അഭിനയിക്കുന്ന, ബിക്കിനിയോ അല്ലെങ്കിൽ അത്തരത്തിൽ എക്സ്പോസിങ് ആയ മറ്റു വസ്ത്രങ്ങളോ ധരിക്കുന്ന ഒരു സെക്സ് സിംബൽ ആണ്. എന്നാൽ തനിക്ക് അതിനപ്പുറത്തേക്ക് ഒരു ലോകമുണ്ട് എന്നും അതാരും കാണാൻ കൂട്ടാക്കുന്നില്ല എന്നും മല്ലിക ഷെരാവത് പറയുന്നു.
"സെക്‌സ് സിംബൽ എന്ന ടാഗ് മാധ്യമങ്ങൾ എന്നെ ചിത്രീകരിച്ച ഒരു പ്രത്യേക രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, 'മർഡർ' എന്ന ആദ്യ ചിത്രത്തിന് ശേഷം, ഞാൻ 'പ്യാർ കെ സൈഡ് ഇഫക്ട്സ്' എന്നൊരു ചിത്രം ചെയ്തു, മനോഹരമായ, ഹൃദയസ്പർശിയായ ഒരു കോമഡിയായിരുന്നു അത്. 'വെൽക്കം,' കമൽഹാസനൊപ്പം 'ദശാവതാരം,' ജാക്കിചാനൊപ്പം ഒരു സിനിമ - അങ്ങനെ പലതും ഞാൻ ചെയ്തു. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങൾ അതെല്ലാം അവഗണിച്ച് സെക്സ് സിംബൽ എന്നതിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. മാധ്യമങ്ങൾ അത് തുടർന്ന് ചെയ്തതിനാലാണ് എന്റെ ഇമേജ് അത്തരത്തിലേക്ക് മാറിയത്. പക്ഷേ ഞാൻ അതിനൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ, നല്ല സിനിമകൾ തേടി, നന്നായി ജോലി ചെയ്യാൻ ശ്രമിക്കുക എന്നതാണ് ഗൗരവമായി കണ്ടത്," ഇന്ത്യൻ എക്സ്പ്രസ്സ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞു.
സിനിമയിലെ ആദ്യകാലങ്ങളിൽ താൻ ഏറെ പ്രയാസപ്പെട്ടിരുന്നു എന്നും ഇപ്പോൾ താൻ മെച്ചപ്പെട്ട ഒരു അവസ്ഥയിലാണ് എന്നും മല്ലിക വെളിപ്പെടുത്തി.
ധാരാളം വായിക്കുന്നുണ്ട്, യോഗ ചെയ്യുന്നുണ്ട്
"എന്റെ യാത്ര കഠിനമായിരുന്നു. കുടുംബത്തിൽ നിന്ന് എനിക്ക് പിന്തുണയില്ലാത്തതിനാലും ഹരിയാന അങ്ങേയറ്റം പുരുഷാധിപത്യപരവും ഫ്യൂഡലും, സ്ത്രീവിരുദ്ധതയുള്ളതുമായതിനാലും ആണ് അത് ഇത്ര കഠിനമായി തീർന്നത്. ഹരിയാനയിലെ ഒരു സ്ത്രീക്ക് എല്ലാ സാമൂഹിക ദ്രോഹങ്ങളും നേരിടേണ്ടി വരും. പെൺ ഭ്രൂണഹത്യ, പെൺ ശിശുഹത്യ, ദുരഭിമാനക്കൊല അങ്ങനെ എല്ലാം... ഹരിയാനയിൽ സ്ത്രീകളെ കന്നുകാലികളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് ഞാൻ പറഞ്ഞപ്പോൾ, എനിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നു. എന്തിനാണ് തിരിച്ചടിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അത് സത്യമാണ്. നമ്മൾ എല്ലാവരും ഒത്തുചേർന്ന് അതിനായി എന്തെങ്കിലും ചെയ്യണം. എനിക്ക് വലിയ ഉത്തരവാദിത്തബോധം തോന്നുന്നു. അത്രയ്ക്ക് പ്രശസ്തി എനിക്കുണ്ട്. ഞാൻ എന്ത് പറഞ്ഞാലും അത് സ്ത്രീകളുടെ ഉന്നമനത്തിൽ അൽപ്പം സ്വാധീനം ചെലുത്തും. ചുരുക്കി പറഞ്ഞാൽ, അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാൻ ഒരു ഫിലോസഫി ബിരുദധാരിയാണ്, ധാരാളം വിവേകാനന്ദനെ വായിച്ചിട്ടുണ്ട്, വിവേകാനന്ദൻ ശരിക്കും എനിക്ക് ശക്തി നൽകിയെന്ന് ഞാൻ വിശ്വസിക്കുന്നു.
പത്രങ്ങൾ ഒരിക്കലും എന്റെ ഈ വശത്തെക്കുറിച്ച് എഴുതാൻ താത്പര്യപ്പെട്ടില്ല. വിവേകാനന്ദന്റെ പേര് അവർക്ക് വിരസമായി തോന്നിക്കാണും. വിൽക്കാത്ത ഒരു വിഷയം ആയതിനാൽ അവർ അത് തൊട്ടില്ല. ഒരു പ്രത്യേക വിഭാഗം മാധ്യമങ്ങളിൽ നിന്ന് എനിക്ക് ശരിക്കും ഭീഷണിയും ശല്യവും തോന്നിയ ഒരു കാലമുണ്ടായിരുന്നു, കാരണം അവർ ശ്രദ്ധ കേന്ദ്രീകരിച്ചത് ‘അവൾക്ക് ഗ്ലാമറസ് ബോഡിയാണ്, അവൾ ബിക്കിനിയിൽ സുന്ദരിയാണ്’ എന്നൊക്കെ പറയുന്നതിൽ മാത്രമാണ്. ഞാൻ ധാരാളം വായിക്കുന്നുണ്ട്, യോഗ ചെയ്യുന്നുണ്ട്, സസ്യാഹാരിയാണ്, പക്ഷേ ആരും എന്റെ ആ വശത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞാൻ പാർട്ടികളിലും പങ്കെടുക്കാറില്ല," മല്ലിക പറഞ്ഞു നിർത്തി.
അച്ഛനും അമ്മയും കുടുംബവും ഒന്നും തന്നെ തന്റെ പിന്തുണയ്ക്കായി ഉണ്ടായിരുന്നില്ല എന്നും സഹോദരനെയും തന്നെയും തമ്മിൽ മാതാപിതാക്കൾ വേർതിരിച്ചു കണ്ടിരുന്നു എന്നും താരം വെളിപ്പെടുത്തി.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം 'വിക്കി വിദ്യ കാ വോ വാലാ വീഡിയോ' എന്ന ചിത്രത്തിലൂടെ സിനിയമയിലേക്ക് മടങ്ങിയെത്തുകയാണ് മല്ലിക ഷെരാവത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us