scorecardresearch
Latest News

എന്റേത് ഏറ്റവും സുന്ദരമായ കാലുകളാണെന്ന് അവർ പറഞ്ഞു; മിസ് ഇന്ത്യ ഓർമകളിൽ ബിലാലിന്റെ മേരി ടീച്ചർ

1976ലെ മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ നഫീസ അലി ആ ദിവസങ്ങളെ കുറിച്ച് ഓർക്കുകയാണ്.

Nafisa Ali, Nafisa Ali cancer, Nafisa Ali stage 3 cancer, stage 3 cancer, cancer Nafisa Ali, Nafisa Ali instagram, Nafisa Ali movies, Nafisa Ali career, Nafisa Ali politics, ie malayalam

‘ബിഗ്‌ ബി’ എന്ന ചിത്രത്തില്‍ ബിലാലിന്റെയും സഹോദരന്‍മാരുടെയും അമ്മയായി എത്തിയ മേരി ടീച്ചര്‍ മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രമാണ്. ബോളിവുഡ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നഫീസ അലിയാണ് മേരി ടീച്ചറുടെ വേഷത്തില്‍ എത്തിയത്. പിന്നീട് മലയാള ചിത്രങ്ങളില്‍ ഒന്നും എത്തിയില്ലെങ്കിലും മേരി ടീച്ചറെ മലയാളി മറന്നിട്ടില്ല. 1976ലെ മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ നഫീസ അലി ആ ദിവസങ്ങളെ കുറിച്ച് ഓർക്കുകയാണ്.

മിസ് ഇന്ത്യ കിരീടമണിഞ്ഞപ്പോൾ നഫീസ അലിക്ക് വെറും 19 വയസ്സ്. അതേ വർഷം, ജപ്പാനിലെ ടോക്കിയോയിൽ നടന്ന മിസ്സ് ഇന്റർനാഷണൽ 1976 ലെ രണ്ടാം റണ്ണറപ്പായിരുന്നു. കിരീടവും സാഷും ധരിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പോസ്റ്റ് ചെയ്ത നടി തന്റെ സുന്ദരമായ കാലുകളും പേരുകേട്ടതാണെന്ന് വെളിപ്പെടുത്തി.

“മിസ്സ് ഇന്ത്യ 1976 ജയിച്ചതിന് ശേഷമാണ് ഇത് … ജപ്പാനിലെ ടോക്കിയോയിൽ നടന്ന മിസ് ഇന്റർനാഷണലിൽ രണ്ടാം റണ്ണർഅപ്പ്. 19 വയസുള്ള എനിക്ക് ഇത് ഒരു രസകരമായ അനുഭവമായിരുന്നു! എനിക്ക് ഏറ്റവും സുന്ദരമായ കാലുകളുണ്ടെന്ന് അവർ പറഞ്ഞു!” എന്നാണ് നഫീസ അലി പറഞ്ഞത്.

രണ്ടു വർഷം മുൻപാണ് നഫീസ അലി തന്റെ അർബുദ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഒവേറിയൻ ക്യാൻസറിന്റെ മൂന്നാമത്തെ സ്റ്റേജിലാണ് രോഗം നിർണയിക്കപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ അസുഖവിവരം പങ്കുവെച്ച നഫീസ അലിയ്ക്ക് നിരവധിപേർ സ്നേഹവും പ്രാർത്ഥനകളും അറിയിച്ചിരുന്നു. 1972-74 സീസണില്‍ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്നു നഫീസ.

Read More: പേരക്കുട്ടി വരുന്നതിന് മുന്‍പ് എല്ലാ ശരിയാക്കണം: കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് നഫീസാ അലി

1979ല്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ജുനൂന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ (1993), അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജര്‍ സാബ് (1998) തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

Read More: ധീരയായ പോരാളി: കോവിഡ്‌ അതിജീവിച്ച മരുമകളെ പരിചയപ്പെടുത്തി ‘മേരി ടീച്ചര്‍’

അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെയാണ് നഫീസ അലി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായത്. ചിത്രത്തില്‍ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അത്.

എയ്ഡ്‌സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നഫീസ. രാഷ്ട്രീയത്തിലും നഫീസ അലി തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നഫീസ അലി, അതേവര്‍ഷം തന്നെ കോണ്‍ഗ്രസിലേക്ക് തിരികെ പോന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: They said i had the best legs nafisa ali recounts her miss india victory