കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’യുടെ ടീസറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ​ ശ്രദ്ധ നേടുന്നത്. ചൊവ്വാഴ്ച റിലീസ് ചെയ്ത ടീസർ, 24 മണിക്കൂറിനകത്ത് 10 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. ടീസറിലെ കങ്കണയുടെ ദൃശ്യങ്ങൾ പലതും ആകാംക്ഷ ജനിപ്പിക്കുന്നവയാണെന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ടീസർ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തന്നെ, ടീസറിലെ കങ്കണയുടെ മുഖഭാവം ഒറ്റദിവസം കൊണ്ട് സമൂഹമാധ്യമങ്ങളുടെ പ്രിയപ്പെട്ട ട്രോൾ മെമായും മാറായിരിക്കുകയാണ്.

മുഖത്തും പല്ലിലുമെല്ലാം ചോരപ്പാടുകളുമായി നിൽക്കുന്ന കങ്കണയുടെ മുഖഭാവത്തിന്റെ മെം ആണ് ട്രോളൻമാർ ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുന്നത്. റൂട്ട് കനാൽ സർജറിയ്ക്കിടെയുള്ള ഒരു ദൃശ്യം എന്ന രീതിയിലുള്ള തമാശകളും ട്രോളുകളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ. നിക്കോളാസ് കേജ്, ഷാരൂഖ് ഖാൻ​ എന്നിവരുമായി കങ്കണയെ താരതമ്യപ്പെടുത്തുന്ന ട്രോളുകളും സുലഭമാണ്.

സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ഝാന്‍സിയിലെ റാണിയുടെ ചരിത്രത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രമാണ് ‘മണികർണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’. ക്രിഷ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇഷു സെൻഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, സീഷൻ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. ബാഹുബലിയുടെയും ഭാഗ് മിൽഖാ ഭാഗിന്റെയും രചയിതാക്കളാണ് മണികർണയുടെ തിരക്കഥ ഒരുക്കുന്നത്. 2019 ജനുവരി അവസാനത്തോട് കൂടി ചിത്രം തിയേറ്ററുകളിലെത്തും. സീ സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook