ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ മികച്ച പ്രേക്ഷക പ്രതികരണങ്ങളും ബോക്സ്ഓഫീസ് റിപ്പോര്‍ട്ടും നേടി തിയേറ്ററുകളില്‍ തുടരുകയാണ്. വലിയ വിജയത്തിലേക്ക് കുതിക്കുന്ന എല്ലാ ചിത്രങ്ങളും നേരിടുന്ന വലിയ പ്രശ്നമായ പൈറസിയാണ് ഇപ്പോള്‍ ‘തീവണ്ടി’യുമായി ബന്ധപ്പെട്ടും കേട്ടുകൊണ്ടിരിക്കുന്നത്.

“മലയാള സിനിമ നല്ലൊരു കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിൽ , അതിന്റെ തണ്ട് തുരക്കുന്ന ഒരു ഏർപ്പാടാണ് ഈ പൈറസി. സിനിമയിലുള്ള ആരോടെങ്കിലും വിരോധമുണ്ടെങ്കിൽ സിനിമ കാണാതിരിക്കാൻ ആർക്കും അവകാശമുണ്ട് പക്ഷെ ഒരു സിനിമയുടെ പൈറേറ്റഡ് കോപ്പി അപ്‌ലോഡ് ചെയ്യുന്നത് നിയമപരമായി ഒരു ക്രിമിനൽ കുറ്റം ആണ്. അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർ കൂട്ടു പ്രതികളും ആവുന്നു”, പൈറസിയെക്കുറിച്ചുള്ള തന്റെ ഫെയ്സ്ബുക്ക്‌ കുറിപ്പില്‍ ടൊവിനോ തോമസ്‌ വ്യക്തമാക്കി.

ചിത്രത്തിലെ ലിപ്‌ലോക്ക് സീനുകളെക്കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളും കഴിഞ്ഞാല്‍ ട്രോളന്‍മാര്‍ പൈറസി പ്രശ്നത്തില്‍ സജീവമായി ഇടപെടുന്ന കാര്യം പരിഗണിക്കണം എന്നും ടൊവിനോ ആവശ്യപ്പെടുന്നു. ട്രോളന്‍മാരിൽ തനിക്കു പ്രതീക്ഷയുണ്ട് എന്നും നല്ല കാര്യങ്ങൾ ചെയ്യാനും ആളുകളെ ചിന്തിപ്പിക്കാനുമുള്ള അവരുടെ കഴിവ് ഇതിനു മുന്‍പ് പല വട്ടം അവര്‍ തന്നെ തെളിയിച്ചതാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

‘തീവണ്ടി’യുടെ രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നവര്‍ സിനിമയുടെ നന്മയെ കരുതി അതൊഴിവാക്കണം എന്നാവശ്യപ്പെട്ട് മുന്‍പൊരു അവസരത്തിലും രംഗത്ത്‌ വന്നിരുന്നു.

“അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങൾ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യർഥിക്കുന്നു!”

ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഫെലിനി സംവിധാനം ചെയ്ത ‘തീവണ്ടി’ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുന്നേ റിലീസ് ചെയ്യേണ്ട ചിത്രം പലപ്പോഴായി റിലീസ് മാറ്റിവച്ചപ്പോൾ ‘തീവണ്ടിയല്ലേ വൈകിയേ എത്തൂ’ എന്ന നിലയിൽ ട്രോളന്മാർ ആഘോഷമാക്കി. വളരെ വൈകിയാണെങ്കിലും ‘തീവണ്ടി’യുടെ ചൂളം വിളി കേട്ടുണർന്നത് മലയാളികളുടെ ഹൃദയങ്ങളാണ്.

സിഗരറ്റ് വലിക്കുന്നത് ചെറുപ്പം മുതലേ ബിനീഷിന്റെ (ടൊവിനോ) ശീലമാണ്. ആ ശീലത്തെ ആഘോഷിക്കുന്നത് കൊണ്ട് തന്നെ അയാളെ നാട്ടുകാർ തീവണ്ടി എന്നാണ് കളിയാക്കി വിളിക്കുന്നത്. ബിനീഷിന്റെ അളിയൻ (സൈജു കുറുപ്പ്) ഒരു പൊതു പ്രവർത്തകനാണ്. BSCL പാർട്ടിയുടെ പ്രവർത്തകനായ അളിയന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി ബിനീഷ് സിഗരറ്റ് വലി നിർത്താൻ നിർബന്ധിതനാവുന്നു. അയാൾക്ക് അതൊരു വലിയ വെല്ലുവിളിയായിരുന്നു. ബിനീഷിന് സ്വയം അതിനെ അതിജീവിക്കാൻ കഴിയുമോ എന്നതാണ് ‘തീവണ്ടി’യിൽ യാത്ര ചെയ്യുന്ന ഓരോ പ്രേക്ഷകന്റെയും ആകാംക്ഷ.

Read More: Theevandi Review: ജീവിത ലഹരിയിൽ ഒരു ‘തീവണ്ടി’ യാത്ര

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യ്ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് ‘തീവണ്ടി’യ്ക്കു വേണ്ടിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 24ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കേരളത്തിലെ മഴക്കെടുതി മൂലം മാറ്റിവയ്ക്കുകയായിരുന്നു. ഒന്നിലേറെ തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. എന്നാല്‍ തീവണ്ടിയുടെ ഗാനങ്ങള്‍ നേരത്തേ റിലീസ് ചെയ്തിരുന്നു. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ക്കെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Read More: ‘തീവണ്ടി’ കലക്കി എന്ന് ശ്രീകുമാര്‍ മേനോന്‍: ഇടിക്കട്ട വെയ്റ്റിങ് ഫോർ ‘ഒടിയൻ’ എന്ന് ടൊവിനോ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ