Tovino Thomas Starrer Theevandi Review: ടൊവിനോ നായകനായ പുതിയ ചിത്രമാണ് ‘തീവണ്ടി’. മുൻ ചിത്രങ്ങൾ ടൊവിനോയ്ക്ക് മലയാളികളുടെ ഹൃദയത്തിൽ ഒരിടം നേടിക്കൊടുത്തിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ടാണ് ഫെലിനി സംവിധാനം ചെയ്ത തീവണ്ടി തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുന്നേ റിലീസ് ചെയ്യേണ്ട ചിത്രം പലപ്പോഴായി റിലീസ് മാറ്റി വച്ചപ്പോൾ ‘തീവണ്ടിയല്ലേ വൈകിയേ എത്തൂ’ എന്ന നിലയിൽ ട്രോളന്മാർ ആഘോഷമാക്കി. വളരെ വൈകിയാണെങ്കിലും തീവണ്ടിയുടെ ചൂളം വിളി കേട്ടുണർന്നത് മലയാളികളുടെ ഹൃദയങ്ങളാണ്.

സിഗരറ്റ് വലിക്കുന്നത് ചെറുപ്പം മുതലേ ബിനീഷിന്റെ (ടൊവിനോ) ശീലമാണ്. ആ ശീലത്തെ ആഘോഷിക്കുന്നത് കൊണ്ട് തന്നെ അയാളെ നാട്ടുകാർ തീവണ്ടി എന്നാണ് കളിയാക്കി വിളിക്കുന്നത്. ബിനീഷിന്റെ അളിയൻ (സൈജു കുറുപ്പ്) ഒരു പൊതു പ്രവർത്തകനാണ്. BSCL പാർട്ടിയുടെ പ്രവർത്തകനായ അളിയന്റെ രാഷ്ട്രീയ ഭാവിക്ക് വേണ്ടി ബിനീഷ് സിഗരറ്റ് വലി നിർത്താൻ നിർബന്ധിതനാവുന്നു. അയാൾക്ക് അതൊരു വലിയ വെല്ലുവിളിയായിരുന്നു. ബിനീഷിന് സ്വയം അതിനെ അതിജീവിക്കാൻ കഴിയുമോ എന്നതാണ് ‘തീവണ്ടി’യിൽ യാത്ര ചെയ്യുന്ന ഓരോ പ്രേക്ഷകന്റെയും ആകാംക്ഷ.

ലഹരി ഉപയോഗം മനുഷ്യ ജീവിതത്തിൽ പരിഹരിക്കാൻ പോലും പറ്റാത്ത തരത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ‘സ്പിരിറ്റ്’ എന്ന രഞ്ജിത് സിനിമ അത്തരത്തിൽ കഥ പറഞ്ഞ ഒന്നായിരുന്നു. എന്നാൽ ഇവിടെ ഒരിക്കൽ പോലും അതിവൈകാരിത എന്ന അവസ്ഥയിലേക്ക് സംവിധായകൻ തിരക്കഥയെ കൊണ്ട് പോയില്ല എന്നത് പ്രശംസനീയമാണ്. ഒരിക്കലും ഒരു ഉപദേശ സിനിമയായും ‘തീവണ്ടി’ സഞ്ചരിക്കുന്നുമില്ല. പക്ഷെ, ചിത്രം ഒരു മെസേജ് പ്രേക്ഷകനിലേക്ക് കൊണ്ടു വരുന്നുമുണ്ട്. ബിനീഷിന്റെയും അയാൾക്ക് ചുറ്റുമുള്ള ആളുകളിലൂടെയുമാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

ഒറ്റനോട്ടത്തിൽ വളരെ കൊച്ചു ചിത്രമാണ് ‘തീവണ്ടി’. ഒരു ഗ്രാമത്തിൽ നടക്കുന്ന കുഞ്ഞു കുഞ്ഞു സംഭവവികാസങ്ങളെ നർമ്മത്തിൽ ചാലിച്ച് കാണാൻ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് രസിക്കുന്ന ഒരു ചിത്രമായിരിക്കും ‘തീവണ്ടി’.

സിനിമയിലെ അഭിനേതാക്കളുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. കാരണം ഓരോ അഭിനേതാവും തന്റെ ഭാഗം വളരെ മനോഹരമായി കൈകാര്യം ചെയ്തു. അത്ര ലളിതമായിരുന്നു സിനിമയിലെ കഥാപാത്രങ്ങളൊക്കെയും. ഓരോ സിനിമ കഴിയുമ്പോഴും ഒരു നടൻ എന്ന നിലയിൽ ഒരുപാട് മുന്നേറുന്നുണ്ട് ടൊവിനോ. സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷ്മി, വിനീത് വിശ്വം, സുധീഷ്, സംയുക്ത മേനോൻ തുടങ്ങി വലിയൊരു താരനിര തന്നെ ‘തീവണ്ടി’യിലെ യാത്രക്കാരായി പ്രേക്ഷകർക്കൊപ്പം ഉണ്ട്.

പലപ്പോഴും ലഹരി ഉപയോഗിക്കുന്നവർ കരുതുന്നത് ഞാൻ വിചാരിച്ചാൽ എനിക്കിത് ഉപേക്ഷിക്കാൻ കഴിയും എന്നാണ്. അങ്ങനെയൊരു മിഥ്യാധാരണയിൽ തന്നെയാണ് പലരും ലഹരി ഉപയോഗം തുടരുന്നത്. പക്ഷെ, ഉപേക്ഷിക്കാൻ തയ്യാറെടുക്കുമ്പോഴാണ് അത് നിങ്ങളെ കൂടുതൽ വലിച്ചെടുപ്പിക്കുന്നത് എന്ന് ഉപയോഗിക്കുന്നവർ ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മനസിലാവുന്നതാണ്. അതു തന്നയാണ് ‘തീവണ്ടി’യും പറയുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷകന് സങ്കൽപ്പിക്കാൻ കഴിയുന്ന രീതിയിൽ തന്നെയാണ് കഥ മുന്നേറുന്നത്. പക്ഷെ, അവതരണത്തിലെ മികവ് കൊണ്ട് അത് വ്യത്യസ്തമാകുന്നു.

റിലീസിന് മുന്നേ തന്നെ ഇറങ്ങിയ ‘തീവണ്ടി’യിലെ ‘ജീവാംശമായി’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ ഇപ്പോഴും സജീവമാണ്. ഈ അടുത്ത കാലത്തു മലയാളികൾ ആഘോഷമാക്കിയ ഗാനം വേറെ ഇല്ല എന്ന് തന്നെ പറയാം. സിനിമയിലെ മറ്റു ഗാനങ്ങളും മികച്ചു നിന്നു. കൈലാസ് മേനോനാണ് സംഗീതം നിർവ്വഹിച്ചത്.

സിനിമ ആവശ്യപ്പെടുന്ന രീതിയിൽ ഗൗതം ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളികളെ സംബന്ധിച്ച് തീർച്ചയായും ഈ ‘തീവണ്ടി’ യാത്ര രസകരമാവും. ഫെലിനി, ഇത് മികച്ച ഒരു തുടക്കമാവട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook