ടൊവിനോ തോമസ് നായകനായ തീവണ്ടിയുടെ റിലീസ് തീയതി മാറ്റിവച്ചു. ജൂലൈ 29ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റീലിസാണ് മാറ്റിവച്ചതെന്ന് ഓഗസ്റ്റ് സിനിമാസ് അറിയിച്ചു. അതേസമയം ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് ടൊവിനോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തു. തന്നോടെങ്കിലും ഒന്ന് നേരത്തേ പറയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സര്‍പ്രൈസ് തന്നതിന് ഓഗസ്റ്റ് സിനിമാസിന് നന്ദിയെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്‌മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖര്‍ സല്‍മാന്‍റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോയ്‌ക്ക് വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ് തീവണ്ടിയ്‌ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ പയ്യോളിയായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ ശ്രേയ ഘോഷാല്‍ പാടിയ ജീവാംശമായി താനെ നീയെന്നില്‍ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗാനത്തിനും മികച്ച സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഹരിനാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് കൈലാഷ് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ