ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമായ അവതാർ 2ന് കേരളത്തിൽ വിലക്ക്. അവതാർ 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന് ‘ഫിയോക്’ പറഞ്ഞു. ‘അവതാർ – ദ വേ ഓഫ് വാട്ടർ’ ഡിസംബര്‍ 16നാണ് റിലീസ് ചെയ്യുന്നത്. വിതരണക്കാര്‍ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം.
അന്യഭാഷാ ചിത്രങ്ങൾക്ക് 50-55 ശതമാനമാണ് നൽകുന്നത്. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയിൽ തിയറ്റർ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ 55 ശതമാനത്തിനു മുകളിൽ വിഹിതം നൽകാനാകില്ലെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്. ഡിസ്നി കമ്പനിയാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ഫിയോക്കിന്റെ കീഴിലുള്ള 400 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യില്ല. കാര്യങ്ങൾ അറിയിക്കാതെ തിയറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഉടമകൾ പറഞ്ഞു. ചിത്രത്തിന്റെ ആദ്യഭാഗം ‘അവതാര്‍’ റിലീസ് ചെയ്തത് 2009 ലാണ്. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് ‘അവതാർ- ദ വേ ഓഫ് വാട്ടർ’ റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.