തമിഴ് താരം സൂര്യ അഭിനയിക്കുന്നതും അദ്ദേഹം നേതൃത്വം നല്കുന്ന നിര്‍മ്മാണക്കമ്പനി ‘ടു ഡി എന്റര്റൈന്മെന്റ്സി’ന്റെതുമായ ചിത്രങ്ങള്‍ ഒന്നും തന്നെ തിയേറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്ന് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്. ‘ടു ഡി എന്റര്റൈന്മെന്റ്സ്’ നിര്‍മ്മിച്ച് നടിയും സൂര്യയുടെ പത്നിയുമായ ജ്യോതിക നായികയായ പുതിയ ചിത്രം ‘പൊന്മകള് വന്താള്‍’ എന്ന ചിത്രം തിയേറ്റര്‍ റിലീസ് ചെയ്യാതെ, നേരിട്ട് ഓ ടി ടി പ്ലാറ്റ്ഫോമില്‍ (OTT Platform) റിലീസ് ചെയ്യാന്‍ എടുത്ത തീരുമാനത്തെ തുടര്‍ന്നാണ് അസോസിയേഷന് തങ്ങളുടെ നിലപാട് അറിയിച്ചത്.
“ജ്യോതിക നായികയായ ‘പൊന്മകള് വന്താള്‍’ ഓ ടി ടി പ്ലാറ്റ്ഫോമില്‍ എത്തുന്നു എന്ന വാര്‍ത്ത ഞെട്ടലും വേദനയും ഉളവാക്കുന്നു. സിനിമാശാലകള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ചിത്രങ്ങള്‍ ആദ്യം തിയേറ്ററുകളില്‍ എത്തിയതിനു ശേഷം മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യുക എന്നതാണ് ഇത് വരെ തുടര്‍ന്ന് വരുന്ന രീതി. അതിനു മാറ്റം വരുത്തിയാണ് ഈ നിര്‍മ്മാതാക്കള്‍ ചിത്രത്തെ ഓ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. അതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.
ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് ഞങ്ങള്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു അവര്‍ തയ്യാറാകാത്തപക്ഷം ആ നിര്‍മ്മാണക്കമ്പനിയുമായോ അതുമായി ബന്ധപ്പെട്ടവരുടെയോ ആയ ചിത്രങ്ങള്‍ ഇനി മുതല്‍ നേരിട്ട് ഓ ടി ടി റിലീസ് ചെയ്യാം. ഞങ്ങളുടെ തിയേറ്ററുകളില്‍ അത് ആവശ്യമില്ല എന്നതാണ് അസോസിയേഷന്റെ തീരുമാനം,” തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന് ആര് പനീര്‍സെല്‍വം പറഞ്ഞു. സില്‍വര്‍ സ്ക്രീന്‍ ഓണ്‍ലൈന്‍ മാസികയോട് ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന ‘സൂരരയ് പോട്ട്രു’ ആണ് ഇനി റിലീസ് ആകാനുള്ള സൂര്യ ചിത്രം. ‘എയര്‍ ഡെക്കാന്‍’ സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്.
ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നതും സൂര്യയാണ്. തമിഴിനൊപ്പം കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും എന്നാണു അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഫാമിലി ആക്ഷൻ എന്റർടെയിനറായ ‘ സൂരറൈ പോട്ര്’ കേരളത്തിൽ റിലീസ് ചെയ്യാനിരുന്നത് സ്പാർക്ക് പിക്ചേഴ്സ് ആണ്.
Read Here: ആകാശത്തിൽ വച്ചൊരു ഓഡിയോ റിലീസ്; കൗതുകമുണർത്തി സൂര്യയുടെ ‘സൂരറൈ പോട്ര്’