/indian-express-malayalam/media/media_files/uploads/2021/10/Kerala-Theatre-open.jpg)
ഏറെനാളായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ സിനിമാ തിയേറ്ററുകളിൽ വീണ്ടും ആരവം ഉയരുകയാണ്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആറുമാസത്തിലേറെയായി അടഞ്ഞു കിടന്ന കേരളത്തിലെ തിയേറ്ററുകളിൽ ബഹുഭൂരിഭാഗവും ഇന്നോടെ സജീവമായിരിക്കുകയാണ്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
/indian-express-malayalam/media/media_files/uploads/2021/10/Theatre-reopening.jpg)
"നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 40 മുതൽ 50 ശതമാനത്തോളം കാണികൾ ഇന്ന് ഓരോ ഷോയ്ക്കും എത്തിയിരുന്നു. പുതിയ റിലീസുകൾ കൂടി വന്നു തുടങ്ങുന്നതോടെ, വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ തിയേറ്ററിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ," എറണാകുളം ഇടപ്പള്ളി വിനീത- വനിത തിയേറ്ററുകളുടെ ടെക്നിക്കൽ മാനേജർ ഷൈൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
എറണാകുളം ഷേണായീസിൽ ആദ്യ പ്രദർശനം കാണുന്നവർ. ചിത്രം: നിതിൻ ആർ കെ കോഴിക്കോട് 'കൈരളി' തിയേറ്ററിൽ നിന്നുള്ള കാഴ്ച
"ജെയിംസ് ബോണ്ട് ചിത്രമാണ് ഇന്ന് പ്രദർശിപ്പിച്ചത്. 40 ശതമാനത്തോളം ടിക്കറ്റുകൾ ഇന്ന് വിറ്റുപോയി. ജെയിംസ് ബോണ്ട് ചിത്രം റിലീസ് ചെയ്തിട്ട് തന്നെ ഏതാണ്ട് ഒരാഴ്ചയിലേറെയായി. പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പുകൾ ലഭ്യമാണ് താനും. അതുകൊണ്ടാവാം ആളുകളുടെ എണ്ണത്തിൽ കുറവു വന്നത് എന്നാണ് കരുതുന്നത്. നാളെ റിലീസ് ചെയ്യുന്ന ശിവകാർത്തികേയന്റെ തമിഴ് ചിത്രം 'ഡോക്ടറി'ന് നല്ല പ്രതികരണമുണ്ട്. 'ഡോക്ടർ' ആദ്യത്തെ രണ്ടു ഷോയുടെയും ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റുപോയിട്ടുണ്ട്,"തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്ററിന്റെ മാനേജിങ് ഡയറക്ടർ ഗിരീഷ് ചന്ദ്രൻ പറയുന്നു.
രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് നിലവിൽ തിയേറ്ററുകളിലേക്ക് പ്രവേശനാനുമതി ഉള്ളത്. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരെയും തിയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് തിയേറ്ററുകൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. അക്കാര്യത്തിൽ മന്ത്രിസഭയുടെ തീരുമാനം അറിയാനുള്ള കാത്തിരിപ്പിലാണ് തിയേറ്റർ ഉടമകൾ.
ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ, വെനം: ലെറ്റ് ദേർ ബി കാർണേജ്, മാർവൽ സ്റ്റുഡിയോ ചിത്രം ഷങ്ങ്-ചി ആൻഡ് ദി ലെഗന്റ് ഓഫ് ദ ടെൻ റിങ്ങ്സ് എന്നിവയാണ് ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ.
ശിവകാർത്തികേയന്റെ തമിഴ് ചിത്രം 'ഡോക്ടർ' നാളെ റിലീസിനെത്തും. മലയാളത്തിൽ നിന്നും ആദ്യം റിലീസിനെത്തുന്ന ചിത്രം 'സ്റ്റാർ' ആണ്. ഒക്ടോബർ 29 വെള്ളിയാഴ്ചയാണ് 'സ്റ്റാർ' റിലീസ് ചെയ്യുന്നത്. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ഡോമിന്‍ ഡി സില്‍വയാണ് സംവിധായകൻ.
ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന 'സ്റ്റാർ' ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി,ഗായത്രി അശോക്, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ്.ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
Read more: നഗര ചത്വരങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.