വിദ്യാ ബാലന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ‘തുംഹാരി സുലു’. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അപ്രതീക്ഷിതമായി ഒരു റേഡിയോ സ്റ്റേഷനില്‍ ജോലി ചെയ്യേണ്ടി വരുന്ന ഒരു വീട്ടമ്മയായി വിദ്യാ ബാലനെത്തുന്നു. സുലോചന എന്ന സുലു അങ്ങനെ രാത്രി പ്രക്ഷേപണം ചെയ്യുന്ന ഒരു പരിപാടിയുടെ അവതാരകയാവുന്നു. തന്‍റെ കാതരമായ ശബ്ദത്തില്‍ പ്രേക്ഷകരെ മുഴുവന്‍ സുലു കൈയ്യിലെടുക്കുന്നു. നവംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തുന്ന തുംഹാരി സുലുവിന്റെ ട്രെയിലര്‍ കാണാം.

ചെയ്യുന്ന വേഷങ്ങളില്‍ എന്നും പുതുമ തിരഞ്ഞെടുക്കുന്ന നടിയാണ് വിദ്യാ ബാലന്‍. ബോളിവുഡിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ തച്ചുടച്ചു കൊണ്ടാണ് വിദ്യാ പലപ്പോഴും സ്ക്രീനില്‍ എത്തുക. തുംഹാരി സുലുവിലും ആ പതിവ് തെറ്റിക്കുന്നില്ല. കോട്ടന്‍ സാരിയുടുത്ത മധ്യ വര്‍ഗ്ഗ വീട്ടമ്മയാണ് സുലു. നേഹ ധൂപിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദ്യയുടെ ഭര്‍ത്താവിന്റെ വേഷം കൈകാര്യം ചെയ്യുന്നത് മാനവ് കൌള്‍.

മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിലെ ‘ഹവാ ഹവായി’ എന്ന ഹിറ്റ്‌ ഗാനവും ട്രെയിലറില്‍ ഇടം പിടിച്ചിട്ടുണ്ട്. സുലുവിന്റെ വിരസമായ ജീവിതത്തില്‍ പുതിയ ജോലി വരുത്തുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

‘സുലു’ കുടുംബം

വിദ്യാ ബാലന്‍റെ കഴിഞ്ഞ ചിത്രം ‘ബേഗം ജാന്‍’ ബോക്സ്‌ ഓഫീസില്‍ വലിയ ചലനങ്ങള്‍ ഒന്നും തന്നെ സൃഷ്ടിച്ചില്ല. അത് കൊണ്ട് തന്നെ സുലുവിന്റെ വിജയം വിദ്യക്ക് അനിവാര്യമായി വരും. ഈ വര്‍ഷം റിലീസ് ആകുന്ന വിദ്യയുടെ രണ്ടാമത്തെ ചിത്രമാകും ‘തുംഹാരി സുലു’.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ