The Soundscape of Lijo Jose Pellissery ‘Nanpakal Nerathu Mayakkam’: ഒരുപാട് അടരുകളിൽ വായന/വ്യാഖ്യാനം സാധ്യമായ ചിത്രങ്ങൾക്ക് കാലാനുവർത്തിയായി നിൽക്കാനാവും. അത്തരത്തിൽ പുനർവായനകൾക്കുള്ള ധാരാളം തുറസുകൾ ബാക്കി വെക്കുന്ന ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ആദ്യ കാഴ്ചയിൽ നിങ്ങൾ കണ്ട ‘നൻപകൽ’ ആവില്ല അടുത്ത തവണ നിങ്ങൾ കാണുക, കാരണം സൂക്ഷ്മതലത്തിൽ ‘നൻപകൽ’ പകർത്തി വെച്ച കൗതുകങ്ങളും ഡീറ്റെയിലിംഗും ഏറെയാണ്. ചിത്രത്തിനിടയ്ക്കു കടന്നു വരുന്ന തമിഴ് സിനിമ ഗാനങ്ങൾ, പഴയ സിനിമകളിൽ നിന്നുള്ള സംഭാഷണങ്ങൾ, പശ്ചാത്തലസംഗീതം എന്നിവയും സമാന്തരമായി ഒരു കഥ പറയുന്നുണ്ട്. അതിന്റെ അർത്ഥവ്യാപ്തി കൂടി മനസ്സിലാക്കുമ്പോഴേ ചിത്രത്തിന്റെ പൂർണ്ണമായ ആസ്വാദനം സാധ്യമാവൂ. ജെയിംസിലൂടെ പ്രേക്ഷകർ അറിഞ്ഞ ‘സുന്ദര’ത്തിന്റെ ജീവിതത്തിന്റെ മറ്റൊരേട് പൂരിപ്പിക്കുന്നത് ഈ ശബ്ദലോകമാണ്.
ചിത്രത്തിന്റെ സൗണ്ട് സ്കേപ്പിനെ കുറിച്ച് സംസാരിക്കുകയാണ് എഡിറ്റർ ദീപു എസ്. ജോസഫ്. “സിനിമയുടെ നിർണായക ഘട്ടങ്ങളിലെല്ലാം ഇത്തരം സിനിമ സംഭാഷണങ്ങൾ വരണമെന്നത് ലിജോ ചേട്ടന്റെ ആശയമായിരുന്നു. ഓരോയിടത്തും കഥാസന്ദർഭത്തിന് അനുയോജ്യമായ സിനിമ സംഭാഷണങ്ങളും ഗാനങ്ങളും കണ്ടെത്തിയത് പോസ്റ്റർ ഡിസൈൻ ചെയ്ക ബൽറാമും ഞാനും ചേർന്നാണ്. 25 ഓളം പഴയ തമിഴ് സിനിമകളിലെ ഡയലോഗുകൾ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്നര മാസമെടുത്താണ് ആ പ്രോസസ് ഞങ്ങൾ പൂർത്തിയാക്കിയത്. പഴയ ഒരുപാട് തമിഴ് സിനിമകൾ ഞങ്ങൾ റിസർച്ചിന്റെ ഭാഗമായി റഫർ ചെയ്തു. സിനിമയുടെ വൈകാരികതയുമായി കണക്റ്റ് ചെയ്യുന്ന സംഭാഷണശകലങ്ങൾ നൽകാനാണ് ചിത്രത്തിലുടനീളം ശ്രമിച്ചിരിക്കുന്നത്.”

“മമ്മൂക്ക ബസ്സിറങ്ങി ആ ഗ്രാമത്തിലേക്ക് നടന്നുവരുന്ന സീനിന്റെ പശ്ചാത്തലത്തിലൊക്കെ ടിവിയിൽ നിന്നുള്ള ശബ്ദമാണ് കേൾക്കുക. തമിഴ് നാടിന്റെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ എപ്പോഴും കണ്ടെത്താവുന്ന ഒന്നാണ് ടിവി കാണുന്ന മനുഷ്യർ. അവർ വീട്ടുപണികൾ ചെയ്യുമ്പോഴും മയങ്ങുമ്പോഴുമെല്ലാം പലപ്പോഴും ബാക്ക്ഗ്രൗണ്ടിൽ ടിവി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവും.”
“കണ്ണു കാണാത്ത പാട്ടിയൊക്കെ മുഴുവൻ സമയവും ടിവിയുടെ മുന്നിൽ തന്നെയാണ് ചിത്രത്തിൽ. അവർ ഉൾകണ്ണുകൊണ്ടാണ് ടിവി ‘കാണുന്നത്’. പാട്ടി ടിവി കണ്ട് ചിരിക്കുന്ന സീനിനൊക്കെ ബാക്ക് ഗ്രൗണ്ടിൽ പല സിനിമകളിൽ നിന്നുള്ള ഹാസ്യ സംഭാഷണങ്ങൾ കൊണ്ടുവരികയായിരുന്നു. അതുപോലെ, സുന്ദരത്തിന്റെ ഭാര്യ മകൾ മുത്തിനോട് ജെയിംസിന്റെ ഭാര്യയ്ക്കും മകനുമൊക്കെ ഭക്ഷണം കൊണ്ടുകൊടുക്കാൻ പറയുന്നുണ്ട്. ആദ്യം മുത്ത് വിസമ്മതിക്കുമ്പോൾ പശ്ചാത്തലത്തിൽ വരുന്നത് ‘ജീസസി’ലെ ”നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” എന്ന സംഭാഷണമാണ്,” ദീപു പറയുന്നു.
കഥാന്ത്യത്തിൽ കേൾക്കുന്ന “ആടിയ ആട്ടം എന്ന? പേസിയ വാർത്തൈ എന്ന? തേടിയ സെൽവം എന്ന? വീട് വരൈ ഉറവ്..വീഥി വരൈ മനൈവി…കാട് വരൈ പിളളയ്… കടൈസി വരൈ യാരോ?” എന്ന വരികളും കഥാഗതിയോട് ചേർന്നു നിൽക്കുന്നവയാണ്. “എന്തൊക്കെ കളി കളിച്ചു, എന്തൊക്കെ സംസാരിച്ചു, എന്തൊക്കെ ചേർത്തുവച്ചു. പക്ഷേ ബന്ധങ്ങൾ വീട് വരെ, ഭാര്യ വീഥി എത്തും വരെ, സന്തതികൾ ചുടുകാട് വരെ. അവസാനം വരെ ആര് ഉണ്ടാകും?” ജീവിതത്തിന്റെ വ്യർത്ഥതയെ സൂചിപ്പിക്കുന്ന ചോദ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്.