സിനിമാ ആസ്വാദകർക്കും സംഗീതപ്രേമികൾക്കും ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങളിൽ ഒന്നാണ് ‘ദേവദാസി’ലെ ഡോലാ രേ ഡോലാ രേ എന്നു തുടങ്ങിയ ഗാനം. ബോളിവുഡിലെ താരറാണികളായ ഐശ്വര്യാറായിയും മാധുരി ദീക്ഷിതും ഒന്നിച്ചു ചുവടുവെച്ച അതിമനോഹരഗാനം. ഇപ്പോഴിതാ, വീണ്ടും ഡോലാ രേ ഗാനം ശ്രദ്ധ നേടുകയാണ്. ഇത്തവണ മാധുരിയ്ക്ക് ഒപ്പം ചുവടുവെയ്കുന്നത് പ്രിയങ്ക ചോപ്രയാണ്.

‘ദ സ്കൈ ഈസ് പിങ്ക്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടയിലാണ് പ്രിയങ്ക മാധുരിയ്ക്ക് ഒപ്പം ചുവടുവെച്ചത്. കളേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്ന ഡാൻസ് ദീവാനെ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയതായിരുന്നു പ്രിയങ്ക. അവതാരകന്റെ അഭ്യർത്ഥന മാനിച്ചാണ് പ്രിയങ്ക മാധുരിയ്ക്ക് ഒപ്പം ചുവടുവെച്ചത്. നുസ്രത് ബാദർ എഴുതി ഇസ്മയിൽ ദർബാർ ഈണമിട്ട് കവിത കൃഷ്ണമൂർത്തിയും കെകെയും ശ്രേയാഘോഷാലും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ദ സ്കൈ ഈസ് പിങ്ക്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് പ്രിയങ്ക ഇപ്പോൾ. ഹോളിവുഡിൽ സജീവമായ പ്രിയങ്ക മൂന്നു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് തിരിച്ചു എത്തുന്ന ചിത്രമാണ് ‘ദ സ്കൈ ഈസ് പിങ്ക്’. 2016 ൽ പ്രകാശ് ജായുടെ ‘ജയ് ഗംഗാജൽ’ ആയിരുന്നു പ്രിയങ്കയുടെ അവസാന ബോളിവുഡ് ചിത്രം. ചിത്രത്തിന്റെ സ്ക്രീനിങ്ങിനായി കഴിഞ്ഞ ദിവസം ടൊറന്റോ ഫിലിം ഫെസ്റ്റിവൽ വേദിയിലും പ്രിയങ്ക എത്തിയിരുന്നു.

പതിമൂന്നാം വയസ്സിൽ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിർണയിക്കപ്പെട്ടതിനു ശേഷവും തളരാതെ ജീവിതത്തിൽ മുന്നേറി മോട്ടിവേഷണൽ സ്പീക്കറായി മാറിയ ഐഷ ചൗധരിയുടെ ജീവിതകഥയാണ് ‘ദ സ്‌കൈ ഈസ് പിങ്ക്’. സൈറ വാസിമാണ് ചിത്രത്തിൽ ഐഷ ചൗധരിയുടെ വേഷം ചെയ്യുന്നത്. ഐഷ ചൗധരിയുടെ അമ്മവേഷമാണ് ചിത്രത്തിൽ പ്രിയങ്കയ്ക്ക്. ഫർഹാൻ അക്തറാണ് ഐഷയുടെ അച്ഛന്റെ വേഷം ചെയ്യുന്നത്.

Read more: നിക്കിന്റെ 27-ാം ജന്മദിനത്തിൽ പ്രണയ നിമിഷങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook